ലഷ്‌കറിന്റെ ആസ്ഥാനം മുരിദ്‌കെ; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബഹാവല്‍പുര്‍; ഇന്ത്യ ലക്ഷ്യമിട്ടത് ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍; മിസൈലുകള്‍ പതിച്ചത് കിറുകൃത്യമായി; ഭാരത് മാതാ കീ ജയ്... പ്രതിരോധമന്ത്രി വിജയം പങ്കിട്ടു; രാത്രി നടന്നത് മിന്നല്‍ മിസൈലാക്രമണം
ന്യൂഡല്‍ഹി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളില്‍ ഇന്ത്യയുടെ സ്‌ട്രൈക്ക് പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്. 9 പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു തകര്‍ത്തതായി കരസേന അറിയിച്ചു. ഈ ആക്രമണത്തിലൂടെ പാക്കിസ്ഥാനെ ഏത് മേഖലയേയും ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യന്‍ സൈന്യം തെളിയിച്ചു. ലഷ്‌കര്‍ ഇ തോയിബയേയും ജെയ്‌ഷെ മുഹമ്മദിനേയും തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഹാഫിസ് സെയ്ദ് എന്ന കൊടും ഭീകരന്റെ ഒളിത്താവളവും ഇന്ത്യ ആക്രമിച്ചിട്ടുണ്ട്. തിരിച്ചടിയ്ക്ക് ശേഷം ഭാരത് മാതാ കീ ജയ് എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. 12 പേരുടെ മരണമാണ് സ്ഥിരീകരിക്കപ്പെടുന്ന വിവരം. എന്നാല്‍ ഭീകര താവളങ്ങളെ മാത്രം ഉന്നമിട്ടുള്ള ആക്രമണത്തില്‍ 300 പേരാണ് മരിച്ചത്. എല്ലാം ഉപഗ്രഹ സഹായത്തോട ഇന്ത്യ ചിത്രീകരിക്കുകയും ചെയ്തു.
'കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു' എന്നാണ് ആക്രമണത്തെ ഇന്ത്യയുടെ സായുധ സേന എക്സ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബര്‍ ഗലിയില്‍ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്ത മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തിരിച്ചടി. തിരിച്ചടിക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ഡ്രില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഇതിന് ശേഷമാകും ആക്രമണമെന്ന പ്രതീതി വന്നു. പക്ഷേ ആ കണക്കുകൂട്ടലില്‍ കഴിഞ്ഞ പാക്കിസ്ഥാനെ തകര്‍ത്ത് അതിര്‍ത്തിക്കിപ്പുറത്ത് നിന്നും ഇന്ത്യ തുരുതുരാ മിസൈല്‍ വിക്ഷേപിച്ചു. നാവിക സേനയും ഓപ്പറേഷന്റെ ഭഗമായി. പാക്കിസ്ഥാന്റെ പഞ്ചാബ് അടക്കമുള്ള മേഖലകളില്‍ ആക്രമണം നടന്നു.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് തിരിച്ചടി. പഹല്‍ഗാം ആക്രമണത്തിന് ശേഷം നിരവധി തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നല്‍കിയ ഇന്ത്യ സിന്ധു-നദീജല കരാര്‍ മരവിപ്പിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ പാക്കിസ്ഥാനെതിരെ കൈകൊണ്ടു. പാക് പൗരന്മാര്‍ക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിര്‍ത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു.
ഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നല്‍ മിസൈലാക്രമണം. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ട ദൗത്യം ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. കര, വ്യോമ, നാവികസേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മുരിദ്‌കെ, ബഹാവല്‍പുര്‍, മുസാഫറബാദ്, കോട്ലി, മുറിഡ്കെ എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 55 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഷ്‌കറിന്റെ ആസ്ഥാനമാണ് മുരിദ്‌കെ. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹാവല്‍പുര്‍.
നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങള്‍ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഇന്നു പുറത്തുവിടും.