ഭീകര സംഘങ്ങള്‍ സൈനിക മേഖലകളേയും പ്രധാന കേന്ദ്രങ്ങളേയും ലക്ഷ്യം വച്ചേക്കാമെന്ന് റിപ്പോര്‍ട്ട്; കുല്‍ഗാമില്‍ അന്വേഷണ ഏജന്‍സികള്‍ വ്യാപക തിരച്ചിലില്‍; പാക്കിസ്ഥാന്‍ അണ്വായുധം പ്രയോഗിക്കുമോ എന്ന ഭയത്തില്‍ ട്രംപ്; ഇനി വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാശ്മീരിലേക്ക് ഇരച്ചു കയറും; ഡല്‍ഹിയില്‍ യുദ്ധതന്ത്രങ്ങള്‍ തയ്യാര്‍
ന്യൂഡല്‍ഹി: കുല്‍ഗാമില്‍ അന്വേഷണ ഏജന്‍സികള്‍ വ്യാപക തിരച്ചിലില്‍. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം. മറ്റ് തെക്കന്‍ കശ്മീര്‍ മേഖലകളിലായി 16 ഇടങ്ങളിലാണ് പരിശോധന എന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് ആകെ കനത്ത സുരക്ഷയും വ്യാപിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസിന്റെ (എസ്ഒജി) സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അടക്കം സഹകരിച്ചുകൊണ്ടാണ് പരിശോധന നടക്കുന്നത്. സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തു. പാക്കിസ്ഥാന്‍ പ്രകോപനം വീണ്ടും തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കും. കൃത്യമായ യുദ്ധ തന്ത്രങ്ങള്‍ ഇന്ത്യ തയ്യാറാക്കി കഴിഞ്ഞു.
അതിനിടെ ഉധംപൂരില്‍ പാക് ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ജവാന്‍ വീരമൃത്യു വരിച്ചുവെന്ന് സൈന്യം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി സുരേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വ്യോമസേനയുടെ മെഡിക്കല്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇതുവരെ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനുമാണ് വീര മൃത്യു വരിച്ചത്. ജമ്മുവിലെ ആര്‍എസ് പുരയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയും ഗ്രാമങ്ങളിലേക്കും പാകിസ്ഥാന്‍ വലിയ തോതില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത് പ്രതിരോധിക്കാന്‍ ശക്തമായി ബിഎസ്എഫ് ശ്രമിക്കുന്നതിനിടെയാണ് ഒടുവില്‍ മുഹമ്മദ് ഇംതിയാസും ജീവന്‍ വെടിഞ്ഞത്. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അതിനിടെ നഗ്രോട്ട നഗരത്തില്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണ ശ്രമം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഒരു സൈനികന് വെടിയേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം നടന്നെന്നായിരുന്നു ആദ്യം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. വെടിവയ്പ്പില്‍ സൈനികന് പരിക്കേറ്റെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സൈന്യം നിഷേധിച്ചതോടെ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് എഎന്‍ഐ വാര്‍ത്ത പിന്‍വലിച്ചു. അതിന് ശേഷം സൈന്യം സംഭവം സ്ഥിരീകരിക്കുകയായിരുന്നു.
സൈനിക ക്യാംപിന് സമീപത്ത് സംശയകരമായ നീക്കം കണ്ട് സൈനികര്‍ വെടിയുതിര്‍ത്തുവെന്നും അപ്പോള്‍ പ്രത്യാക്രമണമുണ്ടായെന്നുമാണ് വിവരം. ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് നഗ്രോട്ടയിലെ സൈനിക ക്യാംപ്. ഇവിടെ തന്നെ എയര്‍ ഫോഴ്‌സിന്റെയും ക്യാംപ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജമ്മുവില്‍ നാലിടങ്ങളില്‍ സൈന്യവും ഭീകര വിരുദ്ധ സേനയും പരിശോധ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം സേനാ ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. ഭീകര സംഘങ്ങള്‍ സൈനിക മേഖലകളേയും പ്രധാന കേന്ദ്രങ്ങളേയും ലക്ഷ്യം വച്ചേക്കാമെന്ന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. വെടിനിര്‍ത്തല്‍ തീരുമാനിച്ചതിന്റെ ആശ്വാസത്തിലാണ് നിലവില്‍ ജമ്മു കാശ്മീര്‍. പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. സേന മേധാവി യുഎസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിച്ചതും പാക് ഡിജിഎംഒ പരാമര്‍ശിച്ചു. പാകിസ്ഥാന്‍ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു. ഇരുവരുമായുള്ള സംഭാഷണത്തില്‍ ഇന്ത്യന്‍ സേനകള്‍ക്ക് കിട്ടിയ ആധിപത്യം മോദി ചൂണ്ടിക്കാട്ടി. പാകിസ്ഥാനെ വിശ്വസിക്കേണ്ടെന്നാണ് ഉച്ചയ്ക്ക് ചേര്‍ന്ന യോഗം തീരുമാനിച്ചത്. പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. വെടിനിര്‍ത്തല്‍ അല്‍പ്പനേരത്തേക്ക് പാക്കിസ്ഥാന്‍ ലംഘിച്ചു. ഇത് ഗൗരവത്തിലാണ് സൈന്യം എടുക്കുന്നത്. ഇനി തീവ്രവാദ ആക്രമണം ഉണ്ടായാല്‍ ഇന്ത്യ അതീവ ഗൗരവത്തില്‍ അതിനെ എടുക്കും. പാക് അധിനിവേശ കാശ്മീരില്‍ ഇരച്ചു കയറുകയും ചെയ്യുമെന്നാണ് സൂചന.