കാമുകിയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു, പിന്നാലെ രക്ഷകനായി കാമുകന്‍! അടൂരിലെ 'അപകട' നാടകത്തിന്റെ ചുരുളഴിഞ്ഞു; രഞ്ജിത്തും അജാസും അറസ്റ്റില്‍; പ്രണയത്തിന് വേണ്ടി ചെയ്തത് നരഹത്യാക്കേസായി; രക്ഷകവേഷം കെട്ടിയ സൈക്കോ കാമുകന്‍ കുടുങ്ങിയ കഥ

അടൂരിലെ 'അപകട' നാടകത്തിന്റെ ചുരുളഴിഞ്ഞു

Update: 2026-01-06 13:34 GMT

പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനെയും സൂഹൃത്തിനെയും പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില്‍ രഞ്ജിത്ത് രാജന്‍ (24),കോന്നിത്താഴം പയ്യനാമണ്‍ സ്വദേശിയായ താഴത്ത് പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയെ വാഹനാപകടത്തില്‍പ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അപകടമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 23 ന് വൈകിട്ട് 5.30 മണിയോടെ കോച്ചിങ്ങ് ക്ലാസ് കഴിഞ്ഞ് അടൂരില്‍ നിന്നും സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഒന്നാം പ്രതിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടാം പ്രതി കാറില്‍ പിന്തുടരുകയും വാഴമുട്ടം ഈസ്റ്റ് എന്ന സ്ഥലത്ത് വെച്ച് സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് വീഴ്ത്തിയ ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നു.

പിന്നാലെ ഇന്നോവ കാറില്‍ ഉണ്ടായിരുന്ന ഒന്നാം പ്രതി യുവതിയുടെ ഭര്‍ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കോന്നി ബിലീവേഴ്‌സ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ വെച്ച് യുവതിയുടെ വലതുകൈക്കുഴയ്ക്ക് സ്ഥാനഭ്രംശവും ചെറുവിരലിന് പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും ഉരവും മുറിവും പറ്റിയിരുന്നു.

യുവതിയുടെ മൊഴി പ്രകാരം സംഭവത്തിന് വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്. തുടര്‍ന്ന് നരഹത്യശ്രമത്തിന് വകുപ്പ് ചേര്‍ക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അലക്‌സ്‌കുട്ടി എസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News