ലോറിയുടെ അടിയില്‍ പെട്ട കുട്ടിയാന 'പോയെ'ന്നറിയാതെ ലോറി തളളി നീക്കാന്‍ ശ്രമിക്കുന്ന അമ്മയാന; സങ്കടത്തില്‍ ആണ്ടുപോയ അമ്മ കുഞ്ഞിനായി കാട്ടുന്ന സാഹസം കണ്ട് കണ്ണുനനഞ്ഞ് നാട്ടുകാര്‍; മാഞ്ഞുപോകാത്ത ചിത്രമായി വാര്‍ത്ത മലേഷ്യന്‍ മാധ്യമങ്ങളില്‍
കുട്ടിയാന 'പോയെ'ന്നറിയാതെ ലോറി തളളി നീക്കാന്‍ ശ്രമിക്കുന്ന അമ്മയാന
പെരക്: ഒരു അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്‌നേഹം എങ്ങനെ പറഞ്ഞറിയിക്കാന്‍! അത് അനുഭവിച്ച് അറിയുക തന്നെ വേണം. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മ എന്നും അമ്മ തന്നെയാണ്. ലോറി തട്ടി ചരിഞ്ഞ തന്റെ കുഞ്ഞിനെ വീണ്ടെടുക്കാനായി പ്രയാസപ്പെടുന്ന അമ്മയാനയുടെ കഥയാണ് വടക്കന്‍ മലേഷ്യയിലെ പെരക്കില്‍ നിന്ന് വരുന്നത്.
ലോറിയുടെ മുന്നില്‍ കുടുങ്ങി കുട്ടിയാന ചരിയുകയായിരുന്നു. ലോറി ഉന്തി തള്ളി നീക്കി കുഞ്ഞിനെ രക്ഷിക്കാനാണ് തള്ളയാന പണിപ്പെടുന്നത്. സങ്കടത്തില്‍ ആണ്ടുപോയ ആനയുടെ ചിത്രം മനസ്സില്‍ നിന്ന് പെട്ടെന്ന് മാഞ്ഞുപോവില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മിക്ക മലേഷ്യന്‍ പത്രങ്ങളിലും ഓണ്‍ലൈനിലും കുട്ടിയാനയുടെയും തള്ളയാനയുടെയും വാര്‍ത്തയുണ്ട്. കുഞ്ഞിന് ജീവനുണ്ടെന്ന് കരുതി രക്ഷിക്കാനായി ലോറി ഉന്തി നീക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ചിത്രം പലരുടെയും ഉളളു നോവിച്ചു.
അമ്മയാനയെ പിന്നീട് ചെറുതായി മയക്കുവെടി വച്ച ശേഷം ആനക്കൂട്ടത്തിലേക്ക് വിട്ടു. കുട്ടിയാനയുടെ മൃതദേഹം മാറ്റുകയും ചെയ്തു. ഇര തേടി ഇറങ്ങുന്ന മൃഗങ്ങള്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ കുടുങ്ങുന്ന സംഭവങ്ങള്‍ മലേഷ്യയില്‍ ഏറി വരികയാണ്. ഹൈവേകളില്‍ ആനകള്‍ക്കും മറ്റും കടന്നുപോകാനായി ക്രോസിങ്ങുകള്‍ വേണമെന്ന് വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങള്‍ വന്യജീവികള്‍ക്ക് മാത്രമല്ല, വാഹന ഡ്രൈവര്‍മാര്‍ക്കും വലിയ റിസ്‌കാണ്.
റോഡുകളില്‍ മോഷന്‍ സെന്‍സറുകള്‍, റമ്പിള്‍ സ്ട്രിപ്‌സ്, എലവേറ്റഡ് ക്രോസിങ് എന്നിവ പരിഹാരമാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2020 ന് ശേഷം മലേഷ്യയില്‍, 2361 വന്യമൃഗങ്ങളാണ് വാഹനങ്ങള്‍ ഇടിച്ച് കൊല്ലപ്പെട്ടത്. അതില്‍ 8 ആനകള്‍ ഉള്‍പ്പെടുന്നു.