തമിഴ്‌നാടിന്റെ ശുചീകരണ ദൗത്യത്തിനു നേതൃത്വം നല്‍കാന്‍ മലയാളി യുവതി; 'ക്ലീന്‍ തമിഴ്‌നാടിന്റെ 'ആദ്യ സിഇഒ ആയി ചുമതലയേറ്റ് തിരുവനന്തപുരം സ്വദേശിനി ഗംഗാ ദിലീപ്
തമിഴ്‌നാടിന്റെ ശുചീകരണ ദൗത്യത്തിനു നേതൃത്വം നല്‍കാന്‍ മലയാളി യുവതി
തിരുവനന്തപുരം: കേരളാ മാതൃകയിലുള്ള തമിഴ്‌നാടിന്റെ ശുചീകരണ ദൗത്യത്തിനു നേതൃത്വം നല്‍കാന്‍ മലയാള യുവതി. തിരുവനന്തുപുരം പേരൂര്‍ക്കട സ്വദേശിനിയായ ആര്‍ക്കിടെക്ട് സി.ഗംഗ ദിലീപ് ആണ് തമിഴ്‌നാട് സര്‍ക്കാര്‍ തുയിമൈ മിഷനു കീഴില്‍ രൂപീകരിച്ച ' ക്ലീന്‍ തമിഴ്‌നാട് ' കമ്പനിയുടെ ആദ്യ സിഇഒ ആയി ചുമതലയേറ്റത്. നിരവധി ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുള്ള ഗംഗ തമിഴ്‌നാട്ടിലടക്കം ഈ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഗംഗയുടെ ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധനേടിയതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചു നല്‍കിയത്.
കേരളത്തിലെ ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നീ സംരംഭങ്ങളുടെ മാതൃകയിലാണ് ക്ലീന്‍ തമിഴ്‌നാട് കമ്പനി രൂപീകരണം. 2021ലാണ് ശുചിത്വല പ്രവര്‍ത്തനങ്ങളുമായി ഗംഗ തമിഴ്‌നാട്ടില്‍ എത്തുന്നത്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്റെ ക്ഷണം സ്വീകരിച്ച് ചേരി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാനായിരുന്നു അന്ന് ഗംഗ തമിഴ്‌നാട്ടിലെത്തിയത്.
ചെന്നൈയിലെ ശുചിമുറികള്‍ക്കുള്ള പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുകയും അതിനായി വാഷ് ലാബ് എന്ന സംരംഭം ആരംഭിക്കുകയും ചെയ്തു. ഉദയനിധി സ്റ്റാലിന്‍ തന്റെ മണ്ഡലത്തിലെ ചിന്താദ്രിപേട്ട് ചേരി നവീകരണം ഗംഗയെയാണ് ഏല്‍പിച്ചത്. ഒഴിപ്പിക്കുന്നതിനു പകരം ചേരിനിവാസികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി ശ്രദ്ധ നേടിയതോടെയാണ് ഗംഗയെ തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുന്നത്.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ (സിഇടി) നിന്നു ആര്‍ക്കിടെക്ചറില്‍ ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ശേഷം റീസൈക്കിള്‍ ബിന്‍ എന്ന സംരംഭം രൂപീകരിച്ചാണ് ഗംഗ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ശുചിമുറികള്‍ സംബന്ധിച്ച് 'ടോയ്ലറ്റ്' എന്ന ആപ്പും തയാറാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പറേഷനു കീഴില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഗ്രീന്‍ ആര്‍മിയുടെ സ്ഥാപകരിലൊരാളായ ഗംഗ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഹരിതകേരള മിഷന്റെ സഹകരണത്തോടെ അതിരപ്പിള്ളിയില്‍ നടപ്പാക്കിയ മോഡല്‍ ഇക്കോ കോറിഡോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.