'സിന്ധ് മേഖല മരുഭൂമിയായി മാറുകയാണ്; കാര്‍ഷിക മേഖല പ്രതിസന്ധിയില്‍; ജലവിതരണം പുനരാരംഭിച്ച് ഇന്ത്യ കരുണ കാണിക്കണം'; സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം; വെടിനിര്‍ത്തലിന് പിന്നാലെ ഇന്ത്യയോട് അഭ്യര്‍ഥനയുമായി പാക്കിസ്ഥാന്‍
സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം
ന്യൂഡല്‍ഹി: സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യക്ക് കത്തയച്ച് പാക്കിസ്ഥാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിഷയം ചര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നും കത്തിലുണ്ട്. കരാര്‍ മരവിപ്പിച്ച തീരുമാനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം അറിയിച്ചു.
പഹല്‍ഗാമിലുണ്ടായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23-നാണ് സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്. 1960-ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയ കരാറാണ് ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാന്‍ ഉപേക്ഷിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം.
സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാക്കിസ്ഥാന്‍ കത്തില്‍ പറയുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തില്‍ പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിക്കുന്നു. സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ പാകിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.
പാകിസ്ഥാനിലെ പ്രധാന കാര്‍ഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറാണ്. വെള്ളം ലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അതേ സമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സിന്ധുനദീ ജലം പങ്കിടലിനായി നിലവിലുള്ള കരാര്‍ (ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി)മരവിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭീകരവാദവും സിന്ധു നദീജലം പങ്കിടല്‍ കരാറും ഒരുമിച്ചു പോകില്ല എന്നതാണ് ഇന്ത്യയുടെ നയം.
പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങളാണ് കരാര്‍ മരവിപ്പിച്ചതിന് കാരണം. പാക്കിസ്ഥാന്‍ ഭീകരത തുടരുന്ന കാലത്തോളം കരാര്‍ മരവിപ്പിച്ചുനിര്‍ത്തും. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ 'രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവര്‍ത്തിച്ചിരുന്നു.
പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് ഇന്ത്യ പിന്‍വലിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ കരാര്‍ മരവിപ്പിക്കല്‍ തുടരാനാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.