ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷി; ഒരുസമയം 36 ആക്രമണങ്ങളെ വരെ ചെറുക്കും; റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും; 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കും; സുദര്‍ശന്‍ ചക്ര ഇന്ത്യയുടെ കവചം; പാക്കിസ്ഥാനെ തകര്‍ക്കാന്‍ ആയുധം ഇനിയും വേണം; ഡോവല്‍ റഷ്യയിലേക്ക്; ഇന്ത്യ ആകാശ പ്രതിരോധം കൂട്ടും

Update: 2025-05-23 08:43 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശ പ്രതിരോധത്തിന് ഇനിയും ശക്തികൂടും. ഇതിന് വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്. റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വേഗത്തിലാക്കുകയാണ് യാത്രാലക്ഷ്യം. പാക്കിസ്ഥാന്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇത്. വ്യോമപ്രതിരോധം കൂടുതല്‍ ശക്തമായെങ്കില്‍ മാത്രമേ അതിര്‍ത്തിയ്ക്ക് അപ്പുറത്തുള്ള വെല്ലുവിളി ഇന്ത്യയ്ക്ക് നേരിടാന്‍ കഴിയൂ.


എസ് 400 വ്യോമ പ്രതിരോധത്തിന്റെ കരുത്ത് പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യുദ്ധമുഖത്ത് പാക് പ്രത്യാക്രമണങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഇന്ത്യ ഉപയോഗിച്ച പ്രതിരോധ സംവിധാനമാണ് സുദര്‍ശന്‍ ചക്ര എന്ന വിളിപ്പേരുള്ള എസ് 400 . പാക് ഡ്രോണുകളെയും മിസൈലുകളെയും ഞൊടിയിടയില്‍ തകര്‍ക്കുന്ന ഇന്ത്യയുടെ കവചം.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ എസ് 400 പ്രതിരോധ സംവിധാനം ഏറെ സഹായകരമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനം വേഗത്തില്‍ തന്നെ രാജ്യത്തിന് കൈമാറണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെടുക. അഞ്ച് പ്രതിരോധ സംവിധാനങ്ങള്‍ക്കാണ് കരാര്‍ ഒപ്പിട്ടത്. ഇതില്‍ മൂന്നെണ്ണം കിട്ടി. മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷൊയിഗുവിന്റെ അധ്യക്ഷതയില്‍ മേയ് 27 മുതല്‍ 29 വരെ നടക്കുന്ന സുരക്ഷാ വിഷയങ്ങളിലെ 13-ാമത് അന്താരാഷ്ട്ര യോഗത്തില്‍ ഡോവല്‍ പങ്കെടുക്കും. രണ്ട് എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറാന്‍ ബാക്കിയുള്ളത്. ഇത് എത്രയും വേഗം കൈമാറണമെന്നായിരിക്കും അദ്ദേഹം ആവശ്യപ്പെടുക.

5.4 ബില്യണ്‍ ഡോളറിന്(ഏകദേശം 35,000 കോടി രൂപ) 2018-ലാണ് എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സിസ്റ്റം യൂണിറ്റുകള്‍ റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങിയത്. 2025-ല്‍ നാലാമത്തെ സ്‌ക്വാഡ്രണ്‍ എത്തുമെന്നാണ് പ്രതീക്ഷ. റഷ്യ -യുക്രൈന്‍ യുദ്ധവും ലോജിസ്റ്റിക്‌സ് വെല്ലുവിളികളും കാരണം അഞ്ചാമത്തെ സ്‌ക്വാഡ്രണ്‍ 2026-ലേ ലഭിക്കൂ എന്നാണ് വിവരം. ഇതും വേഗത്തിലാക്കാന്‍ ഇന്ത്യ ശ്രമിക്കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം 300-ലധികം പാക് ഡ്രോണുകള്‍ എസ് 400 ഉപയോഗിച്ച് ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ഇതിനൊപ്പം ഇന്ത്യന്‍ നിര്‍മ്മിത ആകാശ് പ്രതിരോധ സംവിധാനവും ഫലപ്രദമായി ഉപയോഗിച്ചു.

ഇന്ന് ലോകത്ത് നിലവിലുള്ള അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമാണ് എസ് 400. യുക്രെയിനെതിരായ യുദ്ധത്തില്‍ അടക്കം റഷ്യ എസ് 400 വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യക്കു പുറമേ അള്‍ജീരിയ, ബെലാറസ്, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്കും റഷ്യ അവരുടെ എസ് 400 വിറ്റിട്ടുണ്ട്. 400 കീലോമീറ്റര്‍ വരെ അകലത്തില്‍ നിന്നും ശത്രുസാന്നിധ്യം തിരിച്ചറിയാനും തിരിച്ചടിക്കാനും എസ് 400ന് സാധിക്കും. മാക് 2.5, മാക് 14 എന്നിങ്ങനെ രണ്ട് സ്പീഡ് ലിമിറ്ററുകളുണ്ട് എസ് 400ന്. റോക്കറ്റുകളേയും മിസൈലുകളേയും ബാലിസ്റ്റിക് മിസൈലുകളേയും അകാശത്തു വെച്ചു തന്നെ തകര്‍ക്കാന്‍ എസ് 400ന് സാധിക്കും.

2014 ല്‍ ചൈനയാണ് ആദ്യമായി ഉപയോഗിച്ചത്. മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റുകള്‍, എയര്‍ ക്രാഫ്റ്റുകള്‍ മുതല്‍ യുദ്ധവിമാനങ്ങളെ വരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ വജ്രായുധമാണിത്. ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷിയുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരുസമയം 36 ആക്രമണങ്ങളെ വരെ എസ് 400 ചെറുക്കും. എസ് 400 ലെ റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും, കൂടാതെ 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കാനും സാധിക്കും.

Tags:    

Similar News