മൂന്ന് വര്‍ഷം വരെയുള്ള തടവ് ശിക്ഷ സസ്പെന്‍ഡ് ചെയ്യാന്‍ കോടതിക്ക് അധികാരം; റേപ് കേസിലെ പ്രതികള്‍ക്ക് ഷന്‍ഡീകരണം; നല്ല നടത്തിപ്പുകാരെ നേരത്തെ തുറന്ന് വിടല്‍; ജയിലിന് പകരം സാമൂഹ്യ സേവനം: ജയിലിലെ തിരക്ക് കുറയ്ക്കാന്‍ ബ്രിട്ടന്റെ നീക്കങ്ങള്‍
ലണ്ടന്‍: നീതിന്യായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ മുന്‍ ബ്രിട്ടീഷ് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗക്ക് മന്ത്രിസഭയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ പദ്ധതി നടപ്പിലായാല്‍, യു കെയിലെ ജയിലുകള്‍ നിറഞ്ഞുകവിയുന്നത് വലിയൊരു പരിധി വരെ ഒഴിവാക്കാനാകും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നിര്‍ദ്ദേശങ്ങളില്‍ മിക്കതും സ്വീകാര്യമാണെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.
നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ഹ്രസ്വകാല തടവ് ശിക്ഷകള്‍ ഒഴിവാക്കുക എന്നതാണ്. അത്തരം ശിക്ഷകള്‍ പരമാവധി ഒഴിവാക്കുവാനുള്ള നിയമ നിര്‍മ്മാണം നടത്തണം എന്നതാണ് നിര്‍ദ്ദേശം. അത്തരം ഹ്രസ്വകാല ശിക്ഷകള്‍, ശിക്ഷകളായി പരിഗണിക്കാമെങ്കിലും, അത് പ്രതികളില്‍ കാര്യമായ മാനസാന്തരത്തിന് ഇടയാക്കില്ല. മാത്രമല്ല, വന്‍ ചെലവും ഇതിനുണ്ട്. മാത്രമല്ല, ബ്രിട്ടനിലെ ജയിലുകള്‍ നിറയാന്‍ പ്രധാന കാരണം ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതിനാലാണെന്ന് ഒരു പഠന റിപ്പോര്‍ട്ടുമുണ്ട്. അത്തരം ശിക്ഷകള്‍ നിലവിലുള്ള രണ്ട് വര്‍ഷം എന്നതില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ ജഡ്ജിമാര്‍ക്ക് അധികാരം നല്‍കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
അതുപോലെ നല്ല നടപ്പുകാരായ തടവു പുള്ളികളെ, അവരുടെ ശിക്ഷാ കാലാവധി തീരുന്നതിന് മുന്‍പ് തന്നെ മോചിപ്പിക്കാവുന്നതാണെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ലൈംഗിക കുറ്റവാളികളെ ഷണ്ഡീകരിക്കുക എന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. നിലവില്‍ തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ നിലവിലുള്ള കെമിക്കല്‍ കാസ്‌ട്രേഷന്‍ പദ്ധതി മറ്റിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാം എന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. എന്നാല്‍, ഇത് എല്ലാത്തരം ലൈംഗിക കുറ്റങ്ങള്‍ക്കും ശിക്ഷയാക്കരുതെന്നും ഗൗക്ക് പറയുന്നുണ്ട്.
കുറ്റവാളികളെ കൂടുതലായി സാമൂഹ്യ സേവനത്തിനായി ഉപയോഗിക്കണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. അതല്ലെങ്കില്‍, ഫൈന്‍, കര്‍ഫ്യു എന്നിവയും പരിഗണിക്കാമെന്ന് പറയുന്നു. നിലവിലെ സമ്പ്രദായം, ഇരകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം പ്രതികളെ ശിക്ഷിക്കുന്നതിനാണ് നല്‍കുന്നതെന്ന് ഗൗക്ക് കുറ്റപ്പെടുത്തുന്നു. ഇവിടെ സംതുലനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ഗൗക്ക് ആവശ്യപ്പെടുന്നു.
എന്നാല്‍, ലൈംഗിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ കെമിക്കല്‍ കാസ്‌ട്രേഷന്‍ ഒരു ശിക്ഷയാക്കുന്ന പദ്ധതി കൊണ്ടുവന്നാല്‍ അതുമായി സഹകരിക്കില്ലെന്ന് ഈ രംഗത്തെ പ്രമുഖ വിദഗ്ധര്‍ പറയുന്നു. എന്നാല്‍, കുട്ടി പീഢകരെ പോലുള്ള ക്രിമിനലുകള്‍ക്ക് ലൈംഗികോദ്ദാരണ ശേഷി നഷ്ടപ്പെടാന്‍ ഗുളികകളോ, കുത്തിവയ്പ്പോ നിര്‍ബന്ധമായി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ് നീതിന്യായ സെക്രട്ടറി ഷബാന മഹമ്മൂദ് ജനപ്രതിനിധി സഭയില്‍ പറഞ്ഞത്.
എന്നാല്‍, അത് നൈതികതക്ക് നിരക്കുന്നതല്ല എന്നാണ് യു കെയിലെ ആദ്യ ഷണ്ഡീകരണത്തിന് നേതൃത്വം നല്‍കിയ ഒരു പ്രൊഫസര്‍ ഉള്‍പ്പടെയുള്ള വിദഗ്ധര്‍ പറയുന്നത്. അത്തരമൊരു ശിക്ഷകൊണ്ട് ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുമോ എന്ന് ചില നിയമജ്ഞരും ചോദിക്കുന്നു. 2007 - ല്‍ നോട്ടിംഗ്ഹാംപ്ഷയറിലെ വാട്ടണ്‍ ജയിലില്‍, സ്വമേധയാ തയ്യാറായി മുന്നോട്ടു വന്ന ചില കുറ്റവാളികളെ, വൈദ്യശാസ്ത്രജ്ഞരുടെ നിരീക്ഷണത്തില്‍, രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ ഷണ്ഡീകരിച്ചിരുന്നു. ഇതിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഡോണ്‍ ഗ്രുബിന്‍ ആണ് ഇപ്പോള്‍ ഇത് നിര്‍ബന്ധമാക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
സമൂഹ നിയന്ത്രണം ഡോക്ടര്‍മാരുടെ ചുമതലയല്ലെന്നും, ആരോഗ്യ പരിപാലനത്തിനല്ലാതെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മരുന്നുകള്‍ ഉപയോഗിക്കുന്നത് നൈതികതക്ക് ചേര്‍ന്നതല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു ക്രിമിനല്‍ മനശാസ്ത്രജ്ഞനും, ഫൊറെന്‍സിക് സൈക്യാട്രി പ്രൊഫസറുമായ ഗ്രുബിനും, അദ്ദേഹത്തിന്റെ മേഖലയിലുള്ള മറ്റുള്ളവരും ഷണ്ഡീകരണം നിര്‍ബന്ധമാക്കിയാല്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രോഗികളെ അവരുടെ സമ്മതത്തോടെ ചികിത്സിക്കുക എന്നതാണ് ഒരു ഡോക്ടറുടെ കടമ എന്നും, സമ്മതമില്ലാതെ ഏതൊരു മരുന്ന് നല്‍കുന്നതും നൈതികതക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഷണ്ഡീകരണം നിര്‍ബന്ധമാക്കിയാല്‍, ലൈംഗിക കുറ്റവാളികള്‍ മറ്റ് കുറ്റകൃത്യങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് പ്രൊഫസര്‍ ബെലിന്‍ഡ വിന്‍ഡറും പറയുന്നു. ലൈംഗിക കുറ്റവാളികളെ വീണ്ടും കുറ്റം ചെയ്യാന്‍ ഇടയാക്കാത്ത വിധം പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ 15 വര്‍ഷത്തെ അനുഭവ പരിചയം ഉള്ള വ്യക്തികൂടിയാണ് പ്രൊഫസര്‍ ബെലിന്‍ഡ വിന്‍ഡര്‍. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇത് നിയമവിധേയമാണ്. ചിലയിടങ്ങളില്‍ പരോള്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഒന്ന് ഷണ്ഡീകരണത്തിന് വിധേയമാകണം എന്നതാണ്. മറ്റു ചില രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഢിപ്പിക്കുന്ന കുറ്റവാളികളെ ഷണ്ഡീകരണം ചെയ്യുന്നുണ്ട്.