രാത്രി ഉറക്കത്തിനിടെ പുറത്ത് ഉഗ്ര സ്ഫോടനം; കൂറ്റാകൂരിരുട്ടിൽ ആളുകൾ ഭയന്ന് നിലവിളിച്ചോടി; ബങ്കറുകളിലേക്ക് അഭയം തേടി നിരവധിപേർ; മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ പതിച്ചു; മൂന്ന് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; ശക്തമായി അപലപിച്ച് സെലൻസ്‌കി!

Update: 2025-05-25 14:09 GMT

കീവ്: രാത്രി ഉറക്കത്തിനിടെ ഉഗ്ര സ്ഫോടന ശബ്ദങ്ങൾ കേട്ട് യുക്രൈൻ ജനത ഞെട്ടി ഉണർന്നു. കൂറ്റാകൂരിരുട്ടിൽ ആളുകൾ ഭയന്ന് നിലവിളിച്ചോടി. മിനിറ്റുകളുടെ വ്യത്യാസത്തിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും യുക്രൈൻ മണ്ണിൽ ആഞ്ഞടിച്ചു. ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. യുക്രൈനെതിരെ ശക്തമായ വ്യോമാക്രമണം നടത്തി വീണ്ടും റഷ്യൻ ക്രൂരത. കൂടുതൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇതുവരെ നടത്തിയതിൽ എറ്റവും രൂക്ഷമായ ആക്രമണമാണ് ഒറ്റ രാത്രിയിൽ റഷ്യ നടത്തിയിരിക്കുന്നത്. സംഭവത്തിൽ മൂന്ന് കുട്ടികളടക്കം 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതിനിടെ നിരവധിപേർക്ക് പരിക്ക് പറ്റിയതായും വിവരങ്ങൾ ഉണ്ട്.

അതേസമയം, വെടിനിർത്തൽ വേണമെന്ന ആവശ്യം നിരാകരിച്ച് റഷ്യ നടത്തുന്ന രൂക്ഷമായ ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി ശക്തമായി അപലപിച്ചു. റഷ്യൻ നേതൃത്വത്തിനുമേൽ ശക്തമായ സമ്മർദം ചെലുത്താതെ ഈ ക്രൂരത അവസാനിപ്പിക്കാൻ കഴിയില്ല. അമേരിക്കയുടെ നിശബ്ദത പുടിനെ പ്രോത്സാഹിപ്പിക്കുകയെയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരി മുതലാണ് റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയത്. നിലവിൽ യുക്രൈനിന്റെ ഭൂപ്രദേശത്തിന്റെ 20 ശതമാനം റഷ്യൻ നിയന്ത്രണത്തിലാണ്. 2014ൽ റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഉപദ്വീപായ ക്രിമിയ അടക്കമാണിത്. റഷ്യൻ ആക്രമണത്തെ തുടർന്ന് 30 നഗരങ്ങളിലും മറ്റു ഗ്രാമ പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായെന്നും ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സെലൻസ്‌കി പറഞ്ഞു. റഷ്യ യുദ്ധം നീട്ടിക്കൊണ്ടുപോയി എല്ലാ ദിവസവും ആളുകളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഈസ്താംബൂൾ: യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെയും യുക്രൈന്റെയും പ്രതിനിധികൾ തുർക്കിയിലെ ഈസ്താംബൂളിൽ നടത്തിയ ചർച്ചയിൽ കാര്യമായ തീരുമാനങ്ങളുണ്ടായില്ല. 1000 തടവുകാരെ പരസ്പരം കൈമാറാമെന്ന് രണ്ടുരാജ്യവും സമ്മതിച്ചു. വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമം തുടരും. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിതുറക്കാനും ശ്രമിക്കും.

2022 മാർച്ചിനുശേഷം ആദ്യമായാണ് ഇരുരാജ്യത്തിന്റെയും പ്രതിനിധികൾ മുഖാമുഖം ചർച്ചനടത്തിയത്. ചർച്ച 90 മിനിറ്റിലേറെ നീണ്ടു. ഭാവിയിലെ വെടിനിർത്തലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രണ്ടുരാജ്യവും അവതരിപ്പിച്ചുവെന്ന് റഷ്യയുടെ ചർച്ചയ്ക്കു നേതൃത്വം നൽകിയ വ്ലാദിമിർ മെദിൻസ്കി പറഞ്ഞു. ചർച്ചയുടെ ഫലത്തിൽ തൃപ്തിയുണ്ടെന്നും പരസ്പരബന്ധം തുടരുമെന്നും അറിയിച്ചു.

യുക്രൈൻ സംഘത്തിന്‌ നേതൃത്വം നൽകിയ പ്രതിരോധമന്ത്രി റുസ്തം ഉമറോവ് തടവുകാരെ കൈമാറാൻ തീരുമാനിച്ച കാര്യം സ്ഥിരീകരിച്ചു. രണ്ടുകൂട്ടരും വീണ്ടും കാണാൻ തത്ത്വത്തിൽ തീരുമാനമായതായി ചർച്ചയ്ക്കു മധ്യസ്ഥം വഹിച്ച തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു.

ചർച്ചയ്ക്കായി സെലെൻസ്കി വ്യാഴാഴ്ച ഈസ്താംബൂളിൽ എത്തിയിരുന്നു. എന്നാൽ, പുതിൻ എത്താൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നാണ് പ്രതിനിധികൾ തമ്മിൽ ചർച്ചനടന്നത്. അതിനിടെ, താനും പുതിനും നേരിൽക്കാണാതെ യുക്രൈന്റെ കാര്യത്തിൽ ഒന്നും സംഭവിക്കില്ലെന്ന് ട്രംപ് പറഞ്ഞു. വൈകാതെ തങ്ങൾ നേരിൽക്കാണുമെന്നും അദ്ദേഹം അബുദാബിയിൽ വ്യക്തമാക്കി.

Tags:    

Similar News