ഒന്നെടുത്താല്‍ ഒന്നുഫ്രീ! കാനഡയ്ക്ക് 'കിടിലന്‍' ഓഫറുമായി ട്രംപ്; ഒരുപാധി അനുസരിച്ചാല്‍ അമേരിക്കയുടെ ഗോള്‍ഡന്‍ ഡോം സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം; അയല്‍പക്കത്ത് പുതിയ പ്രധാനമന്ത്രി വന്നതോടെ പുതിയ നമ്പരിറക്കി യുഎസ് പ്രസിഡന്റ്

കാനഡക്ക് വീണ്ടും പുതിയ വാഗ്ദാനവുമായി ഡൊണാള്‍ഡ് ട്രംപ്

Update: 2025-05-28 10:14 GMT

വാഷിങ്ടണ്‍: കാനഡക്ക് വീണ്ടും പുതിയ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇപ്പോള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോം തീര്‍ത്തും സൗജന്യമായി കാനഡക്ക് നല്‍കാം എന്നാണ് വാഗ്ദാനം. എന്നാല്‍ അതിന് അമേരിക്കന്‍ പ്രസിഡന്റ് ഒരു വ്യവസ്ഥ മുന്നോട്ട് വെച്ചിട്ടുണ്ട്. കാനഡ അമേരിക്കയുടെ അമ്പത്തിയൊന്നാമത് സംസ്ഥാനമായി മാറണം. എങ്കില്‍ മാത്രമേ ഈ സൗജന്യം ലഭ്യമാകൂ.

അതല്ലെങ്കില്‍ ഗോള്‍ഡന്‍ ഡോമിന് കാനഡ 61 ബില്യണ്‍ ഡോളര്‍ വിലയായി നല്‍കണം എന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ കാനഡ ഗോള്‍ഡന്‍ഡോം സംവിധാനത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ സംസ്ഥാനമായി മാറിയാല്‍ ഗോള്‍ഡന്‍ ഡോമിന് വിലയായി പൂജ്യം ഡോളര്‍ തന്നാല്‍ മതി എന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. തന്റെ വാഗ്ദാനം കാനഡ പരിഗണിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചു.

പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം നൂറ് ശതമാനം കൃത്യതയോടെ പ്രവര്‍ത്തിക്കുമെന്ന് ട്രംപ് വിശ്വാസം പ്രകടിപ്പിച്ചു. ഏറ്റവും ഉന്നതമായ നിലയിലാണ് മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുക എന്നും പതിവ് പോലെ അമേരിക്ക കാനഡയെ പരമാവധി സഹായിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയുടെ പ്രതിരോധത്തിനായി അമേരിക്ക വളരെയധികം പണം ചെലവിടേണ്ടി വരുന്നതില്‍ നേരത്തേ ട്രംപ് പല തവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുതിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിനായി അമേരിക്കന്‍ സര്‍ക്കാര്‍ പ്രാഥമികമായി 25 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അര ട്രില്യണ്‍ ഡോളര്‍ എങ്കിലും ചെലവ് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍, ട്രംപ് വ്യക്തമാക്കിയത് ഇതിന് 175 ബില്യണ്‍ ഡോളര്‍ മാത്രമായിരിക്കും ചെലവ് വരിക എന്നാണ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ്് ഹെഗ്സേത്ത് ഇതിനെ ഗെയിം ചലഞ്ചര്‍ എന്നാണ് വിളിക്കുന്നത്. സൈനിക മേധാവികള്‍ക്ക് ഈ ഉദ്യമം ഇഷ്ടപ്പെട്ടോ എന്ന് നേരത്തേ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്ലാവരും ഇതിനെ അംഗീകരിച്ചു എന്നാണ് ട്രംപ് വെളിപ്പെടുത്തിയിരുന്നത്.

ഈയിടെ കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഈയിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. കാര്‍ണിയുടെ മുന്‍ഗാമി ആയിരുന്ന ജസ്റ്റിന്‍ ട്രൂഡോയെ ട്രംപ് പരിഹാസത്തോടെ കാനഡ ഗവര്‍ണര്‍ എന്നാണ് വിശേഷിപ്പിക്കുമായിരുന്നത്. അവസരം കിട്ടുമ്പോള്‍ എല്ലാം തന്നെ ട്രംപ് കാനഡയിലെ ജനങ്ങളോട് കാനഡ അമേരിക്കയുടെ സംസ്ഥാനമായി മാറിയാല്‍ നിരവധി ഇളവുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത് പതിവാണ്.

Tags:    

Similar News