അപകടകരമായ കണ്ടെയ്‌നറുകളില്‍ അഞ്ച് എണ്ണം കടലില്‍ വീണു; എല്ലാ കണ്ടെയ്‌നറുകളും പുറത്തെടുക്കും; എം.എസ്.സി. എല്‍സയ്‌ക്കെതിരേ നിയമനടപടി ആലോചിച്ച് സര്‍ക്കാര്‍; നിശ്ചിത പ്രദേശത്തെ മത്സ്യബന്ധന നിരോധനം തുടരും; പ്ലാസ്റ്റിക് തരികള്‍ നീക്കാനും തീരുമാനം

നിയമനടപടി ആലോചിച്ച് സര്‍ക്കാര്‍

Update: 2025-05-28 10:17 GMT

കൊച്ചി: കൊച്ചിയുടെ പുറം കടലില്‍ ലൈബീരിയന്‍ ചരക്ക് കപ്പലായ എം.എസ്.സി. എല്‍സ മുങ്ങിയ സംഭവം ഒറ്റപ്പെട്ടതാണെന്നും കാരണം വിശദായി അന്വേഷിച്ചുവരുകയാണെന്നും സാങ്കേതിക തകരാരാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഇന്ന് വിഷയം വിശദമായി ചര്‍ച്ച ചെയ്തു.

ബാലന്‍സ് മാനേജ്‌മെന്റ് സംവിധാനത്തിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന് സാങ്കേതിക തകരാര്‍ സംഭവിച്ചതുമാകാം. കപ്പലിന്റെ ബാലന്‍സ് ഉറപ്പാക്കുന്ന സംവിധാനത്തിലെ പാളിച്ചയാണോയെന്നതടക്കം പരിശോധിക്കും.

ഇതിലെ വാല്‍വുകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്.

മുങ്ങിയ കപ്പല്‍ എല്ലാ രാജ്യാന്തര മാനദണ്ഡങ്ങളും അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജൂലൈ മൂന്നിനുശേഷം മുങ്ങിയ കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമം തുടങ്ങും. അതിനുമുമ്പായി മുങ്ങിയ കപ്പലിലെ മുഴുവന്‍ കണ്ടെയ്‌നറുകളും പുറത്തെടുക്കും. കപ്പല്‍ 50 അടി താഴ്ചയിലാണ് ഇപ്പോഴുള്ളത്. കാത്സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ ആണ് സ്‌കാനിങ് അതിവേഗം നടത്തുന്നത്. കപ്പല്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

കേരളതീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതാണ് പ്രധാന കാര്യം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനസിലാക്കിയായിരിക്കും മുങ്ങിയ കപ്പലില്‍ നിന്ന് പുറത്തേക്ക് ഒഴുകിയ ഇന്ധനം നീക്കം ചെയ്യുക. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഏജന്‍സികള്‍ നടത്തുന്നത്. മുങ്ങിപ്പോയ എല്ലാ കണ്ടെയ്‌നറുകളും പുറത്തെടുക്കും.

ഒഴുകി നടക്കുന്ന എല്ലാ കണ്ടെയ്‌നറുകളും തീരത്ത് അടുപ്പിക്കും. സാല്‍വേജ് കമ്പനിയുടെ 108 ആളുകള്‍ ഇപ്പോള്‍ പുറം കടലിലുണ്ട്. ഇവര്‍ ഇന്ധന ചോര്‍ച്ച തടയുന്നതിനും കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനും ശ്രമം തുടരുകയാണ്. ആകെ 50 കണ്ടെയ്‌നറുകള്‍ ഇപ്പോള്‍ തീരത്ത് അടിഞ്ഞിട്ടുണ്ട്. കപ്പല്‍ വീണ്ടെടുക്കുന്നതിനുള്ള സാല്‍വേജ് ഓപ്പറേഷന്‍സ് ജൂലൈ മൂന്നിനകം തീര്‍ക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്, ഇതില്‍ 12 എണ്ണം കാത്സ്യം കാര്‍ബേഡ് ആണ്, ഈ 13 എണ്ണത്തില്‍ അഞ്ചെണ്ണം വെള്ളത്തില്‍ വീണിട്ടുണ്ട്. ഈ അഞ്ചെണ്ണം ഇതുവരെ തീരത്ത് അടുത്തിട്ടില്ല. ഇത് കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞിട്ടുണ്ടോയെന്നറിയാന്‍ സ്‌കാനിങ് പരിശോധന നടത്തുന്നുണ്ട്, കാത്സ്യം കാര്‍ബേഡ് കപ്പലിന്റെ ഹള്ളിലാണ് അടുക്കിയത്. അതുകൊണ്ടാണ് അത് കപ്പലിനൊപ്പം മുങ്ങിപ്പോയത്. 13ാമത്തെ കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത് റബര്‍ കെമിക്കലാണ്. റേഡിയോ ആക്റ്റീവ് വിഭാഗത്തിലുള്ള കണ്ടെയ്‌നറുകള്‍ ഒന്നും കപ്പലില്‍ ഉണ്ടായിരുന്നില്ല.

അതേ സമയം ലൈബീരിയന്‍ കപ്പല്‍ എം.എസ്.സി. എല്‍സയ്‌ക്കെതിരേ സര്‍ക്കാര്‍ നിയമനടപടി ആലോചിക്കുകയാണ്. ഇതുസംബന്ധിച്ച് ഏ.ജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടി. ക്രിമിനല്‍-സിവില്‍ നടപടിക്കുള്ള സാധ്യതയാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്.

കപ്പല്‍ മുങ്ങി തീരത്ത് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പ്രധാന വിഷയം. കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കേരള തീരത്തടിയുന്നുണ്ട്. ഇതുവരെ ഏതാണ്ട് നാല്‍പത്തിയാറോളം കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിലായി അടിഞ്ഞിട്ടുണ്ട്. എണ്ണപ്പാട ഒഴുകുന്നത് തടയാനുള്ള നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും അത് കേരള തീരത്തേക്ക് എത്തുന്ന സാധ്യത തള്ളിക്കളയാനാവില്ല. ഈ പശ്ചാത്തലത്തിലാണ് കപ്പല്‍ കമ്പനിക്കെതിരേ നിയമനടപടിയെടുക്കാനാവുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിയമോപദേശം ലഭിച്ചാല്‍ കപ്പല്‍ കമ്പനിക്കെതിരേ കേസെടുക്കാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല കപ്പല്‍ അപകടത്തെക്കുറിച്ച് പല സംശയങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ കപ്പല്‍ മുങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഇക്കഴിഞ്ഞ മെയ് 24നാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കണ്ടെയ്നര്‍ കപ്പല്‍ ആലപ്പുഴയ്ക്ക് സമീപത്ത് ഉള്‍ക്കടലില്‍ ചരിഞ്ഞത്. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 73 എണ്ണവും കാലിയാണ്. 13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്‌നറുകള്‍ ഒഴുകി കേരളതീരം തൊട്ടാല്‍ കസ്റ്റംസിനാണ് പിന്നെ പൂര്‍ണ ഉത്തരവാദിത്വം

വിദഗ്ധരുടെ യോഗം ചേര്‍ന്നു

പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. ഈ വിഷയത്തില്‍ ആഗോള രംഗത്ത് അറിയപ്പെടുന്ന വിദഗ്ദ്ധന്‍ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം.

ഡോ. ഒലോഫ് ലൈഡന്‍ (മുന്‍ പ്രൊഫെസര്‍, വേള്‍ഡ് മറീടൈം യൂണിവേഴ്‌സിറ്റി), ശാന്തകുമാര്‍ (പരിസ്ഥിതി ആഘാത സാമ്പത്തിക കാര്യ വിദ്ധക്തന്‍), ഡോ. ബാബു പിള്ള (പെട്രോളിയം കെമിക്കല്‍ അനാലിസിസ് വിദഗ്ധന്‍), മൈക്ക് കോവിങ് (തീര ശുചീകരണ/മാലിന്യ നിര്‍മ്മാര്‍ജ്ജന വിദഗ്ദ്ധന്‍), ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, പൊലൂഷന്‍ കോണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍, വിസില്‍ ഡയറക്ടര്‍, വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദേശം

കപ്പലപകടം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധരുടെ യോഗം ചേര്‍ന്നത്. തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടയ്നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കപ്പല്‍ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റസ്പോണ്‍സ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓയില്‍ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് തരികളെ (നര്‍ഡില്‍) തീരത്തു നിന്നും ഒഴിവാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. ഡ്രോണ്‍ സര്‍വ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാനാണ് നിലവിലെ ശ്രമം. പോലീസ്/അഗ്‌നിരക്ഷാസേന/മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിന്റെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്. സന്നദ്ധസേനയുടെ സുരക്ഷയ്ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ ഒരു നടപടിയും സന്നദ്ധ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നില്ല എന്ന് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പുവരുത്തണം. പൊതുജനങ്ങളുടെ സുരക്ഷ പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലുടെ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.

Tags:    

Similar News