പുലര്‍ച്ചെ ടെഹ്‌റാനിലേക്ക് 200 ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ കുതിച്ചെത്തിയപ്പോള്‍ എല്ലാവരും നല്ല ഉറക്കത്തില്‍; നതാന്‍സ് ആണവ കേന്ദ്രം അടക്കം 13 കേന്ദ്രങ്ങള്‍ തകര്‍ത്ത് മടക്കം; ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍; ആയത്തൊള്ള അലി ഖമനയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയും കൊല്ലപ്പെട്ടു; ഇറാന്റെ പക്കലുള്ളത് 9 ആണവ ബോംബുകള്‍ ഉണ്ടാക്കാനുള്ള സമ്പുഷ്ട യുറേനിയം
നതാന്‍സ് ആണവ കേന്ദ്രം അടക്കം 13 കേന്ദ്രങ്ങള്‍ തകര്‍ത്ത് മടക്കം
ടെഹ്‌റാന്‍: ഇരുനൂറോളം പോര്‍വിമാനങ്ങള്‍ പുലര്‍ച്ചെ പാഞ്ഞുവന്നപ്പോള്‍, ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസൈന്‍ സലാമി അടക്കമുളളവര്‍ നല്ല ഉറക്കത്തിലായിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു മിന്നലാക്രമണങ്ങള്‍. പുലര്‍ച്ച 3.30 ഓടെ തലസ്ഥാനമായ ടെഹ്‌റാനില്‍ വന്‍സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ജനവാസ കേന്ദ്രങ്ങളും ഇസ്രയേല്‍ ആക്രമിച്ചെന്ന് ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്റെ വടക്ക്-കിഴക്കന്‍ മേഖലയിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു.
അതേസമയം, തന്നെ ഇസ്രയേലില്‍ വ്യോമാക്രമണ സൈറണുകള്‍ കേട്ട് ആളുകള്‍ ഉണര്‍ന്നു. ഫോണുകളില്‍ അടിയന്തര ജാഗ്രതാ സന്ദേശങ്ങളും എത്തി. ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നൂറിലേറെ ഡ്രോണുകള്‍ തൊടുത്തുവിട്ടു.
ഇസ്രയേല്‍ ആക്രമിച്ചത് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍
ഇറാന്റെ വ്യത്യസ്ത മേഖലകളില്‍, ആണവ കേന്ദ്രങ്ങള്‍ അടക്കം ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആദ്യ ആക്രമണങ്ങള്‍ക്ക് പിന്നാലെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും വന്‍സ്‌ഫോടന ശബ്ദം കേട്ടു. ടെഹ്‌റാനില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയാണ് നതാന്‍സ്. നതാന്‍സ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്ന് രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി പിന്നീട് സ്ഥിരീകരിച്ചു. കേന്ദ്രത്തിലെ ആണവ വികിരണം വിലയിരുത്താന്‍ ഇറാന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐ എ ഇ എ പറഞ്ഞു.
സൈനികേതര ആവശ്യങ്ങള്‍ക്ക് മാത്രം എന്ന നുണ
തങ്ങളുടെ ആണവ പരിപാടി സൈനികേതര ആവശ്യങ്ങള്‍ക്ക് മാത്രമെന്നാണ് ഇറാന്‍ ദീര്‍ഘകാലമായി അവകാശപ്പെടുന്നത്. ഇറാനിലെ നിരവധി ആണവകേന്ദ്രങ്ങളില്‍ ചിലതാണ് ഇന്ന് ഇസ്രയേല്‍ ലക്ഷ്യം വച്ചത്. രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയെ കൂടാതെ നിരവധി രാജ്യങ്ങളും ഇറാന്റെ ആണവ പദ്ധതി സൈനികേതര ആവശ്യങ്ങള്‍ക്ക് മാത്രമാണ് എന്ന അവകാശവാദം വിശ്വസിക്കുന്നില്ല. 20 വര്‍ഷത്തിനിടെ, ഇതാദ്യമായി ഇറാന്‍ ആണവ നിര്‍വ്യാപന ചട്ടങ്ങള്‍ ലംഘിച്ചതായി രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് ഈയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരത്തെയും, അപ്രഖ്യാപിത ആണവ സാമഗ്രികളെയും കുറിച്ച് പൂര്‍ണമായ ഉത്തരങ്ങള്‍ നല്‍കാന്‍ ഇറാന്‍ പരാജയപ്പെട്ടെന്നും ആണവോര്‍ജ്ജ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 9 ആണവ ബോംബുകള്‍ ഉണ്ടാക്കാനുള്ള സമ്പുഷ്ട യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് വിവരം.
ആരാണ് കൊല്ലപ്പെട്ടത്?
ഇറാനില്‍ 13 ഇടത്താണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ജനവാസ മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇറാന്‍ ആരോപിച്ചു
രണ്ട് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടു. റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമിയും കൊല്ലപ്പെട്ടു. ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ 'നേഷന്‍ ഓഫ് ലയണ്‍സ്' എന്ന പേരില്‍ ആക്രമണം നടത്തിയത്. ഇസ്രയേലിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഇറാന്‍ പരമോന്ന നേതാവ് ഖമനയി മുന്നറിയിപ്പ് നല്‍കി.
ടെഹ്‌റാനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി ഇറാന്‍ അറിയിച്ചു. ഇസ്രയേലില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭീഷണി ഒഴിയും വരെ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു. രാജ്യാന്തര എണ്ണവില ഏഴുശതമാനം കൂടി. ഇസ്രയേലില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.
ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഹൊസെയ്ന്‍ സലാമി, ഖതാം-അല്‍ അന്‍ബിയ കേന്ദ്ര ആസ്ഥാന കമാന്‍ഡര് ഗോലമാലി റഷീദ്, ഇറാന്‍ സംയുക്ത സേനാ മേധാവി മൊഹമ്മദ് ബാഗേരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ ആണവ പദ്ധതിയില്‍ ഉള്‍പ്പെട്ട ആണവ ശാസ്ത്രജ്ഞരായ ഫെരെയ്ദൂണ്‍ അബ്ബാസി, മൊഹമ്മദ് മഹ്ദി ടെഹ്രാന്‍ചി എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതുകൂടാതെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയുംയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനിയും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്.