ഇംഗ്ലണ്ടിലെ ഹള്ളില്‍ സ്ക്രാപ്പ് മെറ്റല്‍ വഹിക്കുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു; ജനജീവിതം ദുസഹമാക്കി പ്രദേശമാകെ കനത്ത പുക; കടുത്ത ദുര്‍ഗന്ധമെന്ന് പ്രദേശവാസികള്‍
ഇംഗ്ലണ്ടിലെ ഹള്ളില്‍ സ്ക്രാപ്പ് മെറ്റല്‍ വഹിക്കുന്ന ചരക്ക് കപ്പലിന് തീപിടിച്ചു
ചരക്ക് കപ്പലുകള്‍ക്ക് തീപിടിക്കുന്നതും മുങ്ങുന്നതും എല്ലാം ഈയിടെയായി വാര്‍ത്തകളില്‍ നിറയുകയാണ്. കേരള തീരത്ത് നടന്ന രണ്ട് കപ്പല്‍ ദുരന്തങ്ങള്‍ ഇക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും ഒടുവിലായി ഇംഗ്ലണ്ടിലെ ഹള്ളില്‍ ഒരു കപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് ജനജീവിതം തന്നെ ദുസഹമായി മാറിയിരിക്കുകയാണ്. നഗരത്തിലെമ്പാടും കനത്ത പുക മൂടിയതിനാല്‍ റോഡുകളും മ്യൂസിയവും എല്ലാം അടച്ചിടേണ്ട അവസ്ഥയിലാണ്.
ഇന്നലെ ആല്‍ബര്‍ട്ട് ഡോക്കിലാണ് സംഭവം നടന്നത്. ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറിലെ ഈസ്റ്റ് റൈഡിംഗിലുള്ള ചരിത്രപ്രധാനമായ ഒരു സമുദ്ര നഗരമാണ് ഇവിടം. 3500 ടണ്‍ സ്ക്രാപ്പ് മെറ്റല്‍ വഹിക്കുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കട്ടിയുള്ള പുക പ്രദേശത്തുടനീളം പടര്‍ന്നപ്പോള്‍ പലര്‍ക്കും ചുമയും തുമ്മലും അനുഭവപ്പെട്ടിരുന്നു. അഞ്ച് കൂറ്റന്‍ ഫയര്‍ എഞ്ചിനുകളാണ് തീയണക്കാനായി സ്ഥലത്ത് എത്തിയത്. പുക ഏല്‍ക്കാതിരിക്കാന്‍ ജനാലകളും വാതിലുകളും അടച്ചിടാന്‍ അഗ്നിശമന സേന ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ തന്നെ ഹളളിലുടനീളമുള്ള നിരവധി റോഡുകള്‍ അടച്ചിരുന്നു. കനത്ത പുക കാരണം ഇവിടെയുള്ള കോടതികളുടെ പ്രവര്‍ത്തനവും നിര്‍ത്തി വെച്ചിരുന്നു. നഗരത്തിലെ ഒരു പ്രധാനപ്പെട്ട പാര്‍ക്കില്‍ നടത്താനിരുന്ന കുട്ടികളുടെ കലാപരിപാടികളും അധികൃതര്‍
അടിയന്തരമായി നിര്‍ത്തി വെച്ചിരുന്നു. നഗരത്തില്‍ ഉടനീളം വലിയ തോതിലുള്ള ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത് എന്നാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്.
കപ്പലിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയതായി ഫയര്‍ സര്‍വീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട റോഡുകള്‍ വൈകുന്നേരത്തോടെ വീണ്ടും തുറന്നു. തീ നിയന്ത്രണവിധേയമാക്കുന്നതില്‍ അഗ്നിശമന സേനാംഗങ്ങള്‍ മികച്ച പുരോഗതി കൈവരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. എങ്കിലും തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞോ എന്ന കാര്യം ഇനിയും വ്യക്തമല്ല. കപ്പലില്‍ വലിയ തോതിലുള്ള സ്ക്രാപ്പ് മെറ്റല്‍ ഉള്ളതാണ് തീ ആളിപ്പടരാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ പ്രദേശത്ത് ഇപ്പോഴും കനത്ത തോതില്‍ പുകയും ചൂടും നിലനില്‍ക്കുന്നുണ്ട്. അഞ്ച് ഫയര്‍ എഞ്ചിനുകളും ഒരു ഏരിയല്‍ ലാഡര്‍ പ്ലാറ്റ്ഫോമും തീയണക്കുന്നതിനായി സ്ഥലത്തുണ്ട്. നേരത്ത അടച്ചിട്ട റോഡുകള്‍ തുറന്നിട്ടുണ്ട് എങ്കിലും ഗതാഗതം പൂര്‍ണമായ തോതില്‍ ആരംഭിക്കാന്‍ ഇനിയും സ്മയമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം കപ്പലില്‍ തീപിടുത്തം എങ്ങനെയാണ് ഉണ്ടായത് എന്ന കാര്യത്തില്‍ ഇനിയും ഔദ്യോഗിക അറിയിപ്പുകള് പുറത്തു വന്നിട്ടില്ല.