അമ്മൂമ്മയുടെ ഒന്നര പവന്റെ മാല ചെറുമകന്‍ കവര്‍ന്നു; 25 ഓളം ജൂവലറികളില്‍ കയറി ഇറങ്ങിയെങ്കിലും മാല വില്‍ക്കാനായില്ല; ഒടുവില്‍ കുറ്റം ഏറ്റുപറഞ്ഞ് മാല തിരികെ ഏല്‍പ്പിച്ചതിന് ആയിരം രൂപ സമ്മാനം
അമ്മൂമ്മയുടെ ഒന്നര പവന്റെ മാല ചെറുമകന്‍ കവര്‍ന്നു; കുറ്റം ഏറ്റുപറഞ്ഞ് മാല തിരികെ ഏല്‍പ്പിച്ചതിന് ആയിരം രൂപ സമ്മാനം
ആലപ്പുഴ: ഒന്നരപ്പവന്റെ മാല കവര്‍ന്ന ചെറുമകന്‍ അത് തിരികെ ഏല്‍പ്പിച്ചപ്പോള്‍ ആ അമ്മൂമ്മയ്ക്ക് അത് ക്ഷമിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചെറുമകനെ ചേര്‍ത്ത് നിര്‍ത്തി വാത്സല്യം ചൊരിഞ്ഞ ശേഷം ആയിരം രൂപയും സമ്മാനമായി നല്‍കി. ആലപ്പുഴ നഗരത്തിലാണ് പോലീസിനെ വരെ അമ്പരപ്പിച്ച സംഭവം. 25 ഓളം സ്വര്‍ണക്കടകളില്‍ കയറി ഇറങ്ങി എങ്കിലും വില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് മോഷ്ടിച്ച മാല ചെറുമകന്‍ അമ്മൂമ്മയ്ക്ക് തന്നെ തിരികെ നല്‍കിയത്. ചെറുമകനെ പോലിസിനെ കൊണ്ടു പിടിപ്പിക്കാന്‍ തോന്നാത്ത അമ്മൂമ്മയുടെ മനസാണ് മാല തിരികെ കിട്ടാന്‍ സഹായിച്ചത്.
65കാരിയായ അമ്മൂമ്മ ദിവസവും ഉറങ്ങും മുന്‍പ് മാല തലയിണയുടെ താഴെ ഊരിവെക്കും. അമ്മൂമ്മയുടെ ഈ സ്വഭാവം ചെറുമകനടക്കം വീട്ടിലുള്ളവര്‍ക്കെല്ലാം അറിയാം. കഴിഞ്ഞ ബുധനാഴ്ച രാത്രിയും അങ്ങനെ ചെയ്തു. വ്യാഴാഴ്ച ഉറക്കമുണര്‍ന്നുനോക്കുമ്പോള്‍ തലയിണയുടെ അടിയില്‍ മാലയില്ല. ചെറുമകന്‍ ഇടയ്ക്കിടയ്ക്ക് ചെറിയ തുകയൊക്കെ വീട്ടില്‍നിന്ന് ആരുമറിയാതെ കൊണ്ടുപോകും. അതുകൊണ്ട് തന്നെ ചെറുമകനാണ് മാലയെടുത്തതെന്ന് ്മ്മൂമ്മയ്ക്ക് മനസ്സിലായി. പക്ഷേ, ചെറുമകനെ പോലീസിനെക്കൊണ്ടുപിടിപ്പിക്കാന്‍ അവര്‍ക്ക് മനസ്സുവന്നില്ല.
എന്നാല്‍ കഷ്ടപ്പെട്ടുണ്ടാക്കിയ മുതല്‍ തിരികെ കിട്ടാനും അവര്‍ ആഗ്രഹിച്ചു.ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യമായിരുന്നു ആ മാല. പക്ഷേ മാലയുടെ പേരില്‍ ചെറുമകനെ പോലിസ് കൊണ്ടു പോകുന്നതും അവര്‍ക്ക് ചിന്തിക്കാനുമായില്ല. ഒടുവില്‍ അവര്‍ തന്നെ ഉപായം കണ്ടെത്തി. കേസെടുക്കരുതെന്നും മാല തിരിച്ചുകിട്ടിയാല്‍ മതിയെന്നുംപറഞ്ഞ് അമ്മൂമ്മ പോലിസിനെ സമീപിച്ചു. അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് പോലീസിനും തോന്നി.
പോലീസ് ചെറുമകന്റെ ഫോട്ടോ വാങ്ങി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എബി തോമസിനു കൈമാറി. അദ്ദേഹമത് ജൂവലറി ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു. ഈ ഫോട്ടോയില്‍ കാണുന്ന യുവാവ് മാല വില്‍ക്കാന്‍ എത്തിയാല്‍ വാങ്ങരുതെന്ന നിര്‌ദേശവും നല്‍കി. ജില്ലയിലെ 25-ഓളം ജൂവലറികളില്‍ യുവാവ് മാല വില്‍ക്കാനെത്തി. ആരും വാങ്ങിയില്ല.
മാലയുടെ ഒരുഭാഗം മുറിച്ച് അതുമാത്രം വില്‍ക്കാനും ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടതോടെ ശനിയാഴ്ച യുവാവ് അമ്മൂമ്മയ്ക്കുതന്നെ മാല തിരിച്ചുനല്‍കി. തെറ്റുപറ്റിപ്പോയെന്നും പറഞ്ഞു കുറ്റം ഏറ്റു പറഞ്ഞു. ഇതോടെ അവര്‍ക്ക് സങ്കടം അടക്കാനായില്ല. മാല തിരികെ നല്‍കിയ ചെറുമകന് സമ്മാനമായി ആയിരം രൂപയും അമ്മൂമ്മ നല്‍കിയതോടെ പോലിസും അമ്പരന്നു.
പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ചതായിരുന്നു അവന്‍. ബെംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയശേഷം ആളാകെമാറി. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുകഴിയുന്നതിനാല്‍ അവന് സങ്കടം ഏറെയാണ്. അവനെ എങ്ങനെയെങ്കിലും നല്ലജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. അതുമാത്രമാണ് അവരുടെ ഇനിയുള്ള ആഗ്രഹം.