മന്ത്രി വീണയുടെ സഹോദരിക്ക് ഗവ. പ്ലീഡറായി വീണ്ടും ഹൈക്കോടതിയില്‍ നിയമനം; ഇടതുപക്ഷ അഭിഭാഷക യൂണിയനില്‍ വിമര്‍ശനവും പരിഹാസവും: ഇത് ബന്ധുനിയമനം അല്ലേയെന്നും ചോദ്യം

Update: 2025-07-16 07:25 GMT

പത്തനംതിട്ട: മന്ത്രി വീണ ജോര്‍ജ്ജിന്റെ സഹോദരിയെ വീണ്ടും ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ ഇടതുപക്ഷ അഭിഭാഷക യൂണിയനില്‍ വിമര്‍ശനവും പരിഹാസവും. സിപിഎം അനുകൂല ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയനില്‍ അംഗങ്ങളായ അഭിഭാഷകരെ ഒഴിവാക്കി വീണയുടെ സഹോദരി വിദ്യാ കുര്യാക്കോസിനെ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചിരുന്നു.

2021 ജൂലൈ 29 ന് മന്ത്രിസഭാ യോഗ തീരുമാന പ്രകാരം സ്പെഷല്‍ ഗവ. പ്ലീഡറായി നിയമനം നേടിയ ഇവര്‍ക്ക് കഴിഞ്ഞ ജൂണ്‍ 11 ന് നടന്ന മന്ത്രി സഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍നിയമനവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സമ്മേളനത്തില്‍ അംഗങ്ങള്‍ ഇത് സംബന്ധിച്ച് വിമര്‍ശം ഉന്നയിച്ചു. പണ്ടൊക്കെ നിയമ പരിജ്ഞാനമുള്ളവരെയാണ് നിയമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റ് വ്യാപാര സ്ഥാപനം നടത്തുന്നവരെയാണ് നിയമിക്കുന്നതെന്നു വരെ ആക്ഷേപം ഉയര്‍ന്നു.

വിദ്യാ കൂര്യാക്കോസ് കൊച്ചിയില്‍ നടത്തുന്ന സ്ഥാപനം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പാര്‍ട്ടി പാരമ്പര്യമോ ഇടതുപക്ഷ ചിന്താഗതിയോ ഇല്ലാത്ത വിദ്യയെ, വീണയുടെ ബന്ധു എന്ന നിലയില്‍ മാത്രമാണ് നിയമനം നല്‍കിയതെന്ന വിമര്‍ശനത്തിന് നേതാക്കള്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഇത് ബന്ധുനിയമനമെന്ന നിലയില്‍ കോടതി ഇടപെട്ടാല്‍ നാണക്കേടാകില്ലേ എന്നും അംഗങ്ങള്‍ ചോദിച്ചു. 2021 ല്‍ സമാനമായ സംഭവത്തില്‍ കെ ടി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. സമാന സാഹചര്യമായിട്ടും വീണ ജോര്‍ജ്ജ് രക്ഷപ്പെട്ടു. കൃത്യമായ പരാതിക്കാരില്ലാതെ കേസ് മുന്നോട്ട് പോകില്ല എന്ന നിയമത്തിന്റെ പഴുതിലൂടെയും ലോകായുക്തയുടെ പല്ല് കൊഴിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും വീണയ്ക്ക് അനുകൂലമായിരുന്നു.

ഇക്കുറി കാര്യങ്ങള്‍ മന്ത്രിക്കും സഹോദരിക്കും അനുകൂലമാകില്ല എന്നാണ് സൂചന. ബന്ധു നിയമനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. നേരത്തേയും ഇതു സംബന്ധിച്ച് അഭിഭാഷകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി ചട്ടക്കൂട്ടില്‍ നില്‍ക്കുന്നവര്‍ അച്ചടക്ക നടപടി ഭയന്ന് പിന്മാറുകയാണ്. നിലവില്‍ രണ്ടും കല്‍പിച്ച് ചിലര്‍ രംഗത്തുണ്ടെന്നാണ് സൂചന.

Tags:    

Similar News