പൂജ നടക്കുന്നതിനിടെ ആടിനെ രണ്ടു പേര്‍ പിടിച്ചു; ഒരാള്‍ വാള്‍ ഉപയോഗിച്ച് ഒറ്റ വെട്ടിനു കഴുത്തു മുറിച്ചു; ആടിന്റെ രക്തം പാത്രത്തിലാക്കി 'ഗുരുതി'; പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെപ്പോലും നിയന്ത്രിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവരുടെ മൃഗബലി വൈറല്‍; ബലി നല്‍കല്‍ ചക്കരക്കലിലോ? അന്ധവിശ്വാസ വിരുദ്ധ നിയമം ചര്‍ച്ച വീണ്ടും സജീവം
കണ്ണൂര്‍: കണ്ണൂരില്‍ പൂജയ്ക്കിടെ ആടിനെ ബലി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് പോലീസ്. സംഭവത്തിന്റെ വീഡിയോ വൈറലായ സാഹചര്യത്തിലാണ് അന്വേഷണം. രാത്രി നടക്കുന്ന പൂജയ്ക്കിടെ കറുത്ത ആടിന്റെ തല വെട്ടുന്നതാണു ദൃശ്യത്തിലുള്ളത്. 1968ല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നിയമത്തിലൂടെ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലി അര്‍പ്പിക്കുന്നത് നിരോധിച്ചതാണ്. പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തു ദുര്‍മന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിയന്ത്രിക്കാനുള്ള നിയമനിര്‍മാണത്തിന്റെ പ്രസക്തിയാണ് ഈ വിഷയം ചര്‍ച്ചയാക്കുന്നത്.
പൂജ നടക്കുന്നതിനിടെ ആടിനെ രണ്ടു പേര്‍ പിടിക്കുകയും ഒരാള്‍ വാള്‍ ഉപയോഗിച്ച് ഒറ്റ വെട്ടിനു കഴുത്തു മുറിക്കുകയുമാണ്. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് മൃഗബലി നടത്തിയതെന്നാണു സൂചനയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ആടിന്റെ രക്തം പാത്രത്തിലാക്കി 'ഗുരുതി' നടത്തുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെപ്പോലും നിയന്ത്രിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവരാണു മൃഗബലി നടത്തിയതെന്നും പറയപ്പടുന്നുണ്ട്. എന്നാല്‍ പോലീസ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ദുര്‍മന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിയന്ത്രിക്കാനുള്ള നിയമനിര്‍മാണത്തില്‍ നിന്നു പിന്മാറിയിട്ടില്ലെന്നും സജീവ പരിഗണനയിലുണ്ടെന്നും വിഷയത്തിന്റെ നിയമ, ഭരണഘടനാപരമായ സങ്കീര്‍ണതകള്‍ കാരണമാണു മന്ത്രിസഭ ചര്‍ച്ച മാറ്റിവച്ചതെന്നും കാണിച്ച് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്ന് നിയമ, ഭരണഘടനാപരമായ സങ്കീര്‍ണതകള്‍ എന്താണെന്നു സര്‍ക്കാര്‍ അറിയിക്കണമെന്നു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.
നിയമനിര്‍മാണം സംബന്ധിച്ച തീരുമാനം എപ്പോള്‍ ഉണ്ടാകുമെന്നും ഇത്തരം വിഷയങ്ങളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഇവ എങ്ങനെ കൈകാര്യം ചെയ്തുവെന്നും രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് 5ന് വീണ്ടും പരിഗണിക്കും. കേരള യുക്തിവാദിസംഘം നല്‍കിയ ഹര്‍ജിയാണു പരിഗണിക്കുന്നത്. നിയമം കൊണ്ടുവരാന്‍ ആലോചിച്ചെങ്കിലും ബില്ലുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു മന്ത്രിസഭ തീരുമാനിച്ചു എന്നാണു കഴിഞ്ഞതവണ സര്‍ക്കാര്‍ അറിയിച്ചത്.
ദുരാചാരങ്ങളെ അംഗീകരിക്കുന്ന നിലപാടാണോ സര്‍ക്കാരിന്റേത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. തുടര്‍ന്നാണ് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുതിയ സത്യവാങ്മൂലം നല്‍കിയത്. ഇതിനിടെയാണ് പുതിയ അന്ധവിശ്വാസ വീഡിയോ വൈറലാകുന്നത്.