44 ഡിഗ്രി കടന്ന ചൂടില്‍ ഞെരിപിരികൊണ്ട് ഗ്രീസ്; ഫ്രാന്‍സില്‍ ചുഴലി കൊടുങ്കാറ്റ്; ഇറ്റലിയിലും സ്‌പെയിനിലും ബാല്‍ക്കന്‍ രാജ്യങ്ങളിലും കാട്ടുതീ

Update: 2025-07-23 03:35 GMT

കാഠിന്യമേറിയ ഉഷ്ണതരംഗത്തില്‍ തെക്കന്‍ യൂറോപ്പ് ചുട്ട് നീറുകയാണ്. താപനില ക്രമാതീതമായി ഉയര്‍ന്നതോടെ ഗ്രീസിലെ പുരാതന സ്മാരകങ്ങള്‍ പലതും അടച്ചു പൂട്ടി സന്ദര്‍ശകര്‍ക്ക് വിലക്ക് കല്‍പ്പിക്കേണ്ടതായി വന്നു. അതേസമയം ഇറ്റലി, സ്പെയിന്‍, ബാള്‍ക്കന്‍സ് എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായ കാട്ടുതീയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വടക്കന്‍ യൂറോപ്പില്‍ തികച്ചും വ്യത്യസ്തമായ കാലാവസ്ഥായാണ് അനുഭവപ്പെടുന്നത്. ശക്തമായ കൊടുകാറ്റുകളും, ചുഴലിക്കാറ്റുകളും ആലിപ്പഴവര്‍ഷവുമൊക്കെയായി ഫ്രാന്‍സും ജര്‍മ്മനിയും വലയുകയാണ്.

ഏഥന്‍സില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നു. ഈ വേനലിലെ മൂന്നാമത്തെ ഉഷ്ണതരംഗമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചരിത്ര പ്രസിദ്ധമായ ആക്രോപോലീസ് അടച്ചുപൂട്ടാന്‍ ഇത് നിര്‍ബന്ധിതമാക്കി. മാത്രമല്ല, ജീവനക്കാരെ കടുത്ത ചൂടില്‍ നിന്നും രക്ഷിക്കുന്നതിനായി പുതിയ നിയമങ്ങലുമ്‌നിലവില്‍ വന്നു. ബാള്‍ക്ക പ്രദേശത്ത് വ്യാപകമാകുന്ന കാട്ടുതീ കെടുത്താന്‍ അഗ്‌നിശമന പ്രവര്‍ത്തകര്‍ കഠിനാദ്ധ്വാനത്തിലാണ്. വീടുകള്‍ക്കും, പ്രകൃതി വിഭവങ്ങള്‍ക്കും, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തി ഒന്നിലധികം തീപിടുത്തങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

സ്പെയിനിലും ഇറ്റലിയിലും കാട്ടുതീ വ്യാപകമാവുകയാണ്. വരള്‍ച്ചയില്‍ വലയുന്ന ഹെക്റ്റര്‍ കണക്കിന് നിലങ്ങളെയാണ് ഈ തീ നശിപ്പിക്കുന്നത്. സിസിലിയിലും മലാഗയിലുമാണ് വലിയ തോതിലുള്ള തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇനിയും വലിയ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് യൂറോപ്യന്‍ യൂണിയന്റെ കാട്ടുതീ നിരീക്ഷണ സംവിധാനം മുന്നറിയിപ്പ് നല്‍കുന്നത്. മാത്രമല്ല, ആഗസ്റ്റിലുടനീളം, യൂറോപ്യന്‍ വന്‍കരയിലാകെ ശരാശരിയിലും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ യൂറോപ്പ് എരിതീയില്‍ എരിയുമ്പോള്‍, ഫ്രാന്‍സിലും ജര്‍മ്മനിയിലും കനത്ത കൊടുങ്കാറ്റ് വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കനത്ത നാശം വിതയ്ക്കുകയാണ്. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. മദ്ധ്യ ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തില്‍ ചുഴലിക്കാറ്റ് മൂലം പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. തെക്കന്‍ ജര്‍മ്മനിയില്‍ പലയിടങ്ങളിലും ഗോള്‍ഫ് പന്തുകളുടെ വലിപ്പത്തിലായിരുന്നു ആലിപ്പഴ വര്‍ഷം. ഏറെ വിനോദ സഞ്ചാരികള്‍ എത്തുന്ന ഗ്രീസും വിയര്‍ത്തൊലിക്കുകയാണ്. വരുന്ന ഞായറാഴ്ച വരെ ഈ നില തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

Similar News