ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത് തങ്ങളുടെ കുടുംബാംഗത്തിന്റേതല്ല അജ്ഞാതനായ മറ്റാരുടേയോ ആണ് എന്ന് ബന്ധുക്കളുടെ പരാതി; മറ്റൊരു പെട്ടിയില്‍ ഒന്നിലധികം പേരുടെ ശരീര അവശിഷ്ടങ്ങള്‍; കുടുംബങ്ങള്‍ നല്‍കിയ സാമ്പിളുകളുമായി ഡി.എന്‍.എ താരതമ്യം ചെയ്തപ്പോള്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍; അഹമ്മദാബാദ് വിമാന അപകടം: ഇന്ത്യ അലംഭാവം കാട്ടിയോ? ചര്‍ച്ചകളുമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍; മോദിയെ എല്ലാം ധരിപ്പിക്കും
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്‍മാരുടെ മൃതദേഹങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായി ആരോപണവുമായി പാശ്ചാത്യ മാധ്യമങ്ങള്‍. അപകടത്തില്‍ മരിച്ച പല ബ്രിട്ടീഷ് പൗരന്‍മാരുടേയും മൃതദേഹങ്ങള്‍ മാറിപ്പോയി എന്നാണ് ഡെയ്ലി മെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആരോപിക്കുന്നത്. ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത് തങ്ങളുടെ കുടുംബാംഗത്തിന്റേതല്ല അജ്ഞാതനായ മറ്റാരുടേയോ ആണ് എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങ് മാറ്റി വെച്ചിരിക്കുകയാണ്. മറ്റൊരു സംഭവം അപകടത്തില്‍ മരിച്ച ഒന്നിലധികം പേരുടെ ശരീര അവശിഷ്ടങ്ങള്‍ ഒന്നിച്ച് കൂട്ടിച്ചേര്‍ത്താണ് ഒരേ ശവപ്പെട്ടിയില്‍ വെച്ചിരുന്നത് എന്നാണ്.
കഴിഞ്ഞയാഴ്ച സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇവ നീക്കം ചെയ്യേണ്ടി വന്നതായിട്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇന്നര്‍ വെസ്റ്റ് ലണ്ടന്‍ കൊറോണറായ ഡോ. ഫിയോണ വില്‍കോക്സ്, കുടുംബങ്ങള്‍ നല്‍കിയ സാമ്പിളുകളുമായി ഡി.എന്‍.എ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ബ്രിട്ടനിലും ഇന്ത്യയിലും ഇതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഇക്കാര്യത്തിലുള്ള ആശങ്കകള്‍ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതു വരെ ഇത്തരത്തില്‍ രണ്ട് സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. എന്നാല്‍ സമാനമായ മറ്റ് സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കാന്‍ ബ്രിട്ടന്റെ തീരുമാനം.
അപകടത്തില്‍ മരിച്ച പല ബ്രിട്ടീഷ് പൗരന്‍മാരുടേയും കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ കടുത്ത ആശങ്കയിലാണ്. വിമാനാപകടത്തില്‍ മരിച്ചവരില്‍ 52 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്. ഇവരില്‍ ചിലര്‍ ഇന്ത്യന്‍ വംശജര്‍ ആയത് കൊണ്ട് നാട്ടില്‍ തന്നെ അവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുകയായിരുന്നു. ഇവരില്‍ 12 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ബ്രിട്ടനിലേക്ക് കൊണ്ടു വന്നത്. മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ട പരിഹാരം ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള പ്രമുഖ അഭിഭാഷകനായ ജെയിംസ് ഹീലി പ്രാറ്റ് ആണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതില്‍ പല കുടുംബങ്ങളും അതീവ ദുഖിതരാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
തങ്ങള്‍ക്ക് ലഭിച്ച ശവപ്പെട്ടിയില്‍ ഉണ്ടായിരുന്ന മൃതദേഹം ആരുടേതാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അപകടം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ മിക്കവാറും എല്ലാ ഇരകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിരുന്നു. അവയെല്ലാം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു. അഹമ്മദാബാദ് വിമാനാപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി 500 കോടിയുടെ വെല്‍ഫെയര്‍ ട്രസ്റ്റ് രൂപീകരിച്ച് ടാറ്റ ഗ്രൂപ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ടാറ്റ പ്രഖ്യാപനം നടത്തിയത്. അക171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് എന്ന പേരില്‍ മുംബൈയിലാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 1 കോടി ധനസഹായം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും 250 കോടി വീതം ട്രസ്റ്റിന് നല്‍കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സ, അപകടത്തില്‍ തകര്‍ന്ന ബി ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവയ്ക്കും ട്രസ്റ്റ് നേതൃത്വം നല്‍കും. ടാറ്റ സണ്‍സിന്റെ ജനറല്‍ കൗണ്‍സിലായ സിദ്ധാര്‍ത്ഥ് ശര്‍മ്മ, എസ് പത്മനാഭന്‍ എന്നിവരെ ബോര്‍ഡിന്റെ പ്രാരംഭ ട്രസ്റ്റിമാരായി നിയമിച്ചു. കൂടുതല്‍ ട്രസ്റ്റികളെ ഉടന്‍ നിയമിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണാണ് അപകടം. ബി ജെ മെഡിക്കല്‍ കോളേജിലെ 19 പേര്‍ ഉള്‍പ്പെടെ 260 പേര്‍ മരിച്ചു. വിമാനത്തിലെ ഒരു യാത്രക്കാരന്‍ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു.