തിരക്കേറിയ റോഡിലൂടെ വേഗത്തില്‍ ഓടിച്ച് പോകവേ കാര്‍ പെട്ടെന്ന് പാതാളത്തിലേക്ക് താണ പോലെ; അതിവേഗം കുഴിയില്‍ വെള്ളം നിറയവേ മരണവെപ്രാളത്തില്‍ വനിതാ ഡ്രൈവര്‍; രക്ഷകരായി തൊഴിലാളികള്‍; സിംഗപ്പൂരിനെ ഞെട്ടിച്ച അപകടത്തിന്റെ കഥ പറഞ്ഞ് തൊഴിലാളി സംഘത്തിലെ ഇന്ത്യന്‍ വംശജന്‍
തിരക്കേറിയ റോഡിലൂടെ വേഗത്തില്‍ ഓടിച്ച് പോകവേ കാര്‍ പെട്ടെന്ന് പാതാളത്തിലേക്ക് താണ പോലെ
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ അപ്രതീക്ഷിതമായി നിമിഷങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്ന് വീണ് വലിയ ഗര്‍ത്തം രൂപപെട്ടു. തൊട്ടുപിന്നാലെയെത്തിയ വാഹനം വലിയ ഗര്‍ത്തത്തിലേക്ക് വീണു. തലനാരിഴയ്ക്ക് വന്‍ദുരന്തം വഴിമാറുകയും വാഹനത്തിലുണ്ടായിരുന്ന വനിതാ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കവേ അപ്രതീക്ഷിതമായി റോഡിന്റെ ഒരു വശം തകര്‍ന്ന് കാര്‍ വലിയ ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു.
തലകീഴായി വീണ കാറില്‍ നിന്ന് വനിതാ ഡ്രൈവറെ സംഭവസ്ഥലത്തുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.സംഘത്തില്‍ ഒരു ഇന്ത്യന്‍ വംശജനും ഉള്‍പ്പെട്ടിരുന്നു.ഒരാളുടെ ജീവന്‍ രക്ഷിച്ച തൊഴിലാളികളുടെ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനും ധൈര്യത്തിനും കയ്യടിക്കുകയാണ് സൈബര്‍ ലോകം.
ഇക്കഴിഞ്ഞ ശനിയാഴ്ച സിംഗപ്പൂരിലെ ടാന്‍ജോങ് കാടോങ് റോഡിലാണ് സംഭവം.കാര്‍ റോഡിലൂടെ സഞ്ചരിക്കവെ പെട്ടെന്ന് റോഡ് തകര്‍ന്ന് വാഹനം വലിയ ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു.ആ സമയത്ത് സമീപത്ത് ജോലി ചെയ്തു കൊണ്ടിരുന്ന നാല് നിര്‍മാണ തൊഴിലാളികള്‍ ഉടനടി ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് വനിതാ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത്.കാറിനുള്ളില്‍ ഡ്രൈവര്‍ ആയ വനിത മാത്രമേ ഉണ്ടായിരുന്നുള്ളൂ.കുഴിയില്‍ വെള്ളം നിറയുന്നതിന് മുന്‍പേ തന്നെ തൊഴിലാളികള്‍ ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് തൊഴിലാളി സംഘത്തിലുണ്ടായിരുന്ന ഫോര്‍മെന്‍ സുബ്ബയ്യയുടെ വാക്കുകള്‍ ഇങ്ങനെ..ഭയമുണ്ടായിരുന്നെങ്കിലും ഭയം മാറ്റിവെച്ച് എങ്ങനെയെങ്കിലും ആ സ്ത്രീയെ രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'എനിക്ക് ഭയമായിരുന്നു, പക്ഷേ ആദ്യം ഈ സ്ത്രീയെ രക്ഷിക്കണം എന്നായിരുന്നു എല്ലാ ചിന്തയും.ആദ്യം ഒരാള്‍ ഗര്‍ത്തത്തിലേക്ക് ഇറങ്ങി സ്ത്രിയെ പൊക്കിയെടുക്കാമെന്നാണ് വിചാരിച്ചത്.എന്നാല്‍ രണ്ടുപേര്‍ക്ക് ഒരുമിച്ച് തിരിച്ചുകയറാന്‍ പറ്റുമോ എന്ന സംശയം ഉണ്ടായതോടെ നൈലോണ്‍ കയര്‍ ഇട്ടുകൊടുത്ത് അതില്‍ പിടിച്ച് സ്ത്രീയെ രക്ഷിക്കുകയായിരുന്നു.ഒരു ജീവന്‍ രക്ഷിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും സുബ്ബയ്യ പറയുന്നു.'
നൈലോണ്‍ കയര്‍ ഉപയോഗിച്ചാണ് കാറിനുള്ളില്‍ നിന്ന് വനിതയെ പുറത്തെത്തിച്ചത്. എമര്‍ജന്‍സി സര്‍വ്വീസ് സംഘം എത്തുന്നതിന് മുന്‍പേ തന്നെ വനിതാ ഡ്രൈവറെ തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.വനിതയെ വിശദമായ പരിശോധനക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.റോഡില്‍ വലിയ കുഴിയുണ്ടാകാന്‍ കാരണമായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സിംഗപ്പൂര്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
രക്ഷപ്രവര്‍ത്തനം നടത്തിയ തൊഴിലാളി സംഘത്തെ അഭിനന്ദിച്ച് സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് (എസ്സിഡിഎഫ്) തങ്ങളുടെ സമൂഹമാധ്യമ പേജിലൂടെ കുറിപ്പും പങ്കുവെച്ചു.സ്ത്രീയും കാറും അതില്‍ വീണതിനെത്തുടര്‍ന്ന്, അറ്റകുറ്റപ്പണികള്‍ക്കായി ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എല്‍ടിഎ) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റോഡ് അടച്ചിട്ടു. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് യാതൊരു ആഘാതവുമില്ലെന്നും പിയുബി ബാധിച്ച ജലവിതരണ സംവിധാനങ്ങളും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി