ക്രൈസ്തവര്‍ക്കെതിരെ അതിക്രമം നടക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയായതിനാല്‍ പ്രതിഷേധ റാലിയുടെ മുന നീളുക ബിജെപിയിലേക്ക്; കന്യാസ്ത്രീ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു; ബിഷപ്പുമാര്‍ അടക്കം പ്രതിഷേധ റാലിക്കെത്തും; കേരളാ ബിജെപിക്ക് മുന്നിലുള്ളത് വലിയ പ്രതിസന്ധി; ഛത്തീസ് ഗഡിലെ തെറ്റു തിരുത്തുമോ?
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളിലും അന്യായമായി ജയിലില്‍ അടച്ചതിലും പ്രതിഷേധം കനക്കുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കുന്നതിന് അടക്കം ശ്രമം നടക്കുന്നതായാണ് ആരോപണം. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നു തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ പ്രതിഷേധ റാലി നടത്തും. വൈകുന്നേരം നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്ന റാലി രാജ്ഭവനു മുന്പില്‍ സമാപിക്കും.
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ നയിക്കുന്ന റാലിയില്‍ വൈദികര്‍, സന്യസ്തര്‍, അല്മായ സംഘടനകള്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് ഡോ. ആര്‍. ക്രിസ്തുദാസ് തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്യും. ബിജെപിയുടെ ഇരട്ടത്താപ്പ് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസും ഇടതുപക്ഷവും രംഗത്തിറങ്ങുകയും സഭാ നേതൃത്വങ്ങള്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ, ഛത്തീസ്ഗഡ് സംഭവം കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് വിവിധ കത്തോലിക്കാ സഭാ നേതൃത്വങ്ങള്‍ ഇന്നു തിരുവനന്തപുരത്ത് സംയുക്ത റാലി നടത്തും. ബിഷപ്പുമാര്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രസ്താവനകള്‍ നടത്തിയെങ്കിലും പ്രതിഷേധത്തിനു മൂര്‍ച്ചപോരെന്നു വിലയിരുത്തിയാണ് ഒന്നിച്ചിറങ്ങുന്നത്. എഡിറ്റോറിയല്‍ എഴുതിയാലും അരമനയില്‍ ഒരുമിച്ചിരുന്നു പ്രാര്‍ഥിച്ചാലും മാത്രം പോരെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിനുള്ള മറുപടി കൂടിയാണിത്.
ഛത്തീസ്ഗഡില്‍ അന്യായമായി തടവിലാക്കപ്പെട്ട കന്യാസ്ത്രീമാര്‍ പുറത്തിറങ്ങുന്നതുവരെ പ്രതിഷേധം തുടരുമെന്നു സിബിസിഐ പ്രസിഡന്റും അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചിട്ടുണ്ട്. ''ഇന്ത്യന്‍ ഭരണഘടനയെ ബന്ദിയാക്കരുത്. ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. മൂന്നു പെണ്‍കുട്ടികള്‍ക്കു തൊഴില്‍ നല്‍കാന്‍ അവരുടെ മാതാപിതാക്കളുടെ അനുമതിയോടെ തയാറായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും ജയിലിലടച്ചതില്‍ രാജ്യം നാണിക്കണം. ഭരണഘടനയ്ക്കു വിരുദ്ധമായ നടപടിയാണിത്''.- മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ''രാഷ്ട്രനിര്‍മിതിക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ മതവിഭാഗമാണു ക്രൈസ്തവര്‍.
രാജ്യത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ ഉന്നമനത്തിനായി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയതാണോ ക്രിസ്ത്യാനികള്‍ ചെയ്ത തെറ്റ് ഭരണകൂടം ക്രൈസ്തവര്‍ക്കെതിരേ നടത്തുന്ന വിവേചനത്തിന്റെ പ്രതീകമാണു ജയിലില്‍ അടയ്ക്കപ്പെട്ട കന്യാസ്ത്രീമാര്‍. സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയായി. ആഗ്രയിലെ ആശുപത്രിയില്‍ ജോലിക്കായി കൊണ്ടുവന്നതാണു പ്രായപൂര്‍ത്തിയായ കുട്ടികളെ. ഇവരെ സഹോദരനാണ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. അവിടെവച്ചാണു കന്യാസ്ത്രീമാര്‍ കുട്ടികളെ ആദ്യമായി കാണുന്നത്. പല സഭകളുടെയും കൂട്ടായ്മയായ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) എന്ന സഭയിലെ അംഗങ്ങളാണു കുട്ടികള്‍. മനുഷ്യക്കടത്തിനു ജാമ്യംകിട്ടുമെന്നറിഞ്ഞു മതപരിവര്‍ത്തനം എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എന്തുകൊണ്ട് ഇതു ചെയ്‌തെന്നതിന് ഉത്തരമില്ല''- മാര്‍ താഴത്ത് പറഞ്ഞു. ക്രൈസ്തവസമൂഹം വടക്കേ ഇന്ത്യയിലെ അവികസിതസമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരെ അതിക്രമം നടക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയായതിനാല്‍ പ്രതിഷേധ റാലിയുടെ മുന നീളുന്നത് ബിജെപിയിലേക്കാണ്. കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കു കനത്ത തിരിച്ചടി നല്‍കാനുള്ള പ്രഹരശേഷി അതിനുണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. ഇത് കേന്ദ്ര നേതൃത്വത്തേയും അറിയിച്ചു. മതപരിവര്‍ത്തന നിരോധന നിയമം ആയുധമാക്കിയാണു പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കു നേരെ അതിക്രമം നടക്കുന്നതെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നിയമം ഏറ്റവുമധികം പ്രയോഗിക്കുന്നത് ബിജെപി സര്‍ക്കാരുകളാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ക്രിസ്മസ് ഉള്‍പ്പെടെയുള്ള ആഘോഷവേളകളില്‍ സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഏതാനും നാളുകളായി കേരള ബിജെപി നേതാക്കളുടെ പതിവാണ്. ജാര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതിലൂടെ ആ ബന്ധം ദൃഢമായെന്നും അവര്‍ വിശ്വസിച്ചു. ഇതിനിടെയാണ് ഛത്തീസ്ഗഡ് സംഭവം ബിജെപിയെ വെട്ടിലാക്കിയത്. പ്രശ്‌നപരിഹാരത്തിനു കിണഞ്ഞു ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ കന്യാസ്ത്രീകള്‍ നടത്തിയത് മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണെന്ന നിലപാടില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നു. കന്യാസ്ത്രീകളുടെ മോചനം നീളുന്നത് കേരളത്തിലെ ബിജെപിക്ക് വലിയ തിരിച്ചടിയാണ്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്നു 4ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു രാജ്ഭവനിലേക്കു നടത്തുന്ന റാലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച്ബിഷപ്പുമാരായ തോമസ് ജെ.നെറ്റോ, മാര്‍ തോമസ് തറയില്‍, ബിഷപ് ക്രിസ്തു ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഹൗസില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ വിവിധ സഭകളെ പ്രതിനിധീകരിച്ച് മോണ്‍. യൂജിന്‍ എച്ച്.പെരേര, മോണ്‍.വര്‍ക്കി ആറ്റുപുറത്ത്, മോണ്‍.ജോണ്‍ തെക്കേക്കര തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം പ്രതിഷേധ മാര്‍ച്ചില്‍ ഉണ്ടാകും.