നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാര്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാര്‍; എല്ലാം മോദിയും അമിത് ഷായും മനസ്സിലാക്കി; കേന്ദ്രം ഇടപെട്ടേക്കും; 'ഡല്‍ഹി ഓപ്പറേഷനുമായി' രാജീവ് ചന്ദ്രശേഖര്‍

Update: 2025-07-31 01:16 GMT

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന രണ്ടു മലയാളി കന്യാസ്ത്രീകളുടെ മോചനം എത്രയും വേഗം സാധ്യമാക്കാന്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇടപെടുമെന്ന് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിഷയത്തിന്റെ ഗൗരവം പിടികിട്ടിയിട്ടുണട്്. കഴിയുന്ന പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടല്‍ അഭ്യര്‍ഥിച്ചത്. വിഷയം മനസിലാക്കിയിട്ടുണ്ടെന്നും കന്യാസ്ത്രീകളോടു സഹതാപമുണ്ടെന്നും അമിത ഷാ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ പാര്‍ലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കന്യാസ്ത്രീകളുടെ മോചനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ സഹായം രാജീവും പി.കെ. കൃഷ്ണദാസും അഭ്യര്‍ഥിച്ചു. വേണ്ട ഇടപെടല്‍ ഉണ്ടാകുമെന്ന് മോദിയും ഇവര്‍ക്ക് ഉറപ്പു നല്‍കി.

നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാര്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാര്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും തെറ്റായ ആരോപണമാണ്. കന്യാസ്ത്രീമാരുടെ സഹായത്തില്‍ പെണ്‍കുട്ടികളെ ആഗ്രയിലേക്കു കൊണ്ടുപോയതില്‍ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സഹോദരിമാര്‍ പറഞ്ഞതായി 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. ഇതെല്ലാം മോദിയുടേയും അമിത് ഷായുടേയും മുന്നിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വേണ്ട ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇല്ലാത്ത കുറ്റം ചുമത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാര്‍ലമെന്റിനു പുറത്തും പ്രതിപക്ഷ പ്രതിഷേധം ഇന്നലെയും ശക്തമായിരുന്നു.

കന്യാസ്ത്രീകളെ വിട്ടയക്കുക, ഗുണ്ടകളെ അറസ്റ്റ് ചെയ്യുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണു പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി എന്നിവരുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചത്. എന്നാല്‍, കന്യാസ്ത്രീമാരുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍നിന്നുള്ള ബിജെപി എംപി വിജയ് ബാഗേല്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തി. ഇതിനെതിരേയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തി. ബാഗേലിന്റെ പ്രസ്താവനയ്ക്കു മുന്പായി കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരേ ശക്തമായ വാദമുയര്‍ത്തി. ഇവര്‍ക്കു പുറമെ അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ ലോക്‌സഭയിലും ഹാരിസ് ബീരാന്‍ എംപി രാജ്യസഭയിലും പ്രശ്‌നത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീകളെ നേരില്‍ കാണാന്‍ ഛത്തീസ്ഗഡിലായതിനാലാണു രാജ്യസഭയില്‍ ഇക്കാര്യം ഇന്നലെ ഉന്നയിക്കാന്‍ കഴിയാതെപോയതെന്നു ജോസ് കെ. മാണി പറഞ്ഞു.

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ടു മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത വിഷയം കഴിഞ്ഞ ദിവസം ലോക്‌സഭയിലുയര്‍ത്തിയത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കന്യാസ്ത്രീമാരുടെ മോചനം സാധ്യമാക്കണമെന്ന് ലോക്‌സഭയിലെ ശൂന്യവേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റിലായ കന്യാസ്ത്രീമാര്‍ കാന്‍സര്‍ രോഗികളെ ശുശ്രൂഷിക്കുന്നവരും പാലിയേറ്റീവ് സേവനങ്ങള്‍ നല്‍കിവരുന്നവരുമാണ്. ഒരു കാരണവുമില്ലാതെയാണ് അവരെ ജയിലിലടച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പരിഹാരത്തിനായി യുഡിഎഫ് എംപിമാര്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും പക്ഷേ അദ്ദേഹവും ബജ്രംഗ്ദളിന്റെ അതേ വാദങ്ങളാണ് ഉയര്‍ത്തിയതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. കഴിഞ്ഞ ക്രിസ്മസിന് പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനം സന്ദര്‍ശിക്കുകയും ക്രൈസ്തവരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തുവെന്ന് വേണുഗോപാല്‍ ഓര്‍മിപ്പിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരമായി ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ഇന്നും ഈ വിഷയം ഉയര്‍ത്തും.

Tags:    

Similar News