റഡാര്‍ തകരാറിലായെന്ന് വിശദീകരണം; യുകെയിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളും മണിക്കൂറുകളോളം നിലച്ചു; ആയിരങ്ങളുടെ യാത്ര മുടങ്ങി; റദ്ദായ വിമാനങ്ങള്‍ പലതും എന്നിട്ടും പറന്നില്ല: ആര്‍ക്കും ഒരു സൗകര്യവും ഒരുക്കാതെ അധികാരികള്‍; ബ്രിട്ടണില്‍ സംഭവിച്ചത്
ലണ്ടന്‍: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതിക പിഴവ് ഉണ്ടായതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്നും യാത്ര തിരിക്കേണ്ട വിമാനങ്ങള്‍ എല്ലാം തന്നെ ഇന്നലെ ഉച്ചയ്ക്ക് റദ്ദാക്കിയതില്‍ നിറയുന്നത് സാങ്കേതിക ചര്‍ച്ച. ഹീത്രൂ, ഗാറ്റ്വിക്, മാഞ്ചസ്റ്റര്‍, എഡിന്‍ബര്‍ഗ്, ബിര്‍മ്മിംഗ്ഹാം തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെല്ലാം തന്നെ വിമാനങ്ങള്‍ റദ്ദ് ചെയ്തപ്പോള്‍ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. എന്‍ എ ടി എസ് സ്വാന്‍വിക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലെ സാങ്കേതിക പ്രശ്നങ്ങളായിരുന്നു ഇതിന് കാരണമായത്.
വിമാനങ്ങള്‍ റദ്ദാക്കിയതോടെ വേനലവധിക്ക് യാത്ര തിരിച്ചവര്‍ രോഷാകുലരായി സമൂഹമാധ്യമങ്ങളിലെത്തി. അവരില്‍ ചിലര്‍ വിമാനത്തിനകത്തിരുന്നുള്ള ചിത്രങ്ങള്‍ ആയിരുന്നു പോസ്റ്റ് ചെയ്തത്. വൈകിട്ട് നാലേമുക്കാലോടെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി എന്‍ എ ടി എസ് അറിയിച്ചു. എന്നിരുന്നാലും, വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും, യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം ശേഖരിക്കണമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും സ്ഥിതി സാധാരണ നിലയിലെക്ക് വന്നിട്ടുണ്ട്. എന്നിരുന്നാലും, നേരത്തെ സസ്പെന്‍ഡ് ചെയ്യപ്പെട്ട സര്‍വ്വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യേണ്ടതിനാല്‍, വിമാനങ്ങള്‍ വൈകാന്‍ ഇടയുണ്ട്.
ഒഴിവുകാല യാത്രയ്ക്ക് തിരിച്ച ആയിരങ്ങളാണ് ഇതോടെ ദുരിതമനുഭവിക്കുന്നത്. ഈ സാങ്കേതിക പിഴവിന് പിന്നില്‍ വിദേശകരങ്ങളോ ഹാക്കര്‍മാരോ ഉണ്ടെന്ന വാദം പക്ഷെ എന്‍ എ ടി എസ് നിഷേധിച്ചിട്ടില്ല. റഡാര്‍ സംബന്ധിച്ച പിഴവായിരുന്നു അതെന്നും, ബാക്ക്അപ് സിസ്റ്റത്തിലേക്ക് മാറ്റി അത് പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ ആയെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഈ പിഴവ് പരിഹരിക്കുന്നതിനിടയില്‍ യു കെയില്‍ നിന്നുള്ള 150 വിമാന സര്‍വ്വീസുകളാണ് റദ്ദാക്കപ്പെട്ടത്. ആയിരക്കണക്കിന് യാത്രക്കാരാണ് അഞ്ച് മണികൂറോളം യു കെയിലെ പല വിമാനത്താവളങ്ങളിലായി കുടുങ്ങിപ്പോയത്.
നിരവധി മാസങ്ങളോളം ആസൂത്രണം ചെയ്ത വിനോദയാത്രകള്‍ തടസ്സപ്പെട്ടതില്‍ ഏറെ രോഷാകുലരായി യാത്രക്കാര്‍. അത്യാവശ്യക്കാര്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക്, അത് നടക്കുമോ എന്ന ആശങ്കയും വര്‍ദ്ധിച്ചു. ചിലഋക്ക് രാത്രിമുഴുവന്‍ വിമാനത്താവളങ്ങളില്‍ തന്നെ ഉറങ്ങണമോ അതോ കൂറ്റുതല്‍ കാശ് ചെലവാക്കി ഹോട്ടലുകളില്‍ മുറിയെടുക്കണമോ എന്ന ആശങ്കയായിരുന്നു. ബ്രിട്ടനിലേക്ക് വരുന്ന സര്‍വ്വീസുകളും റദ്ദാക്കപ്പെട്ടതോടെ പല ബ്രിട്ടീഷുകാരും വിദേശരാജ്യങ്ങളില്‍ കുടുങ്ങുകയും ചെയ്തു.
പലരും കുട്ടികളും കുടുംബവുമായി ആണ് വിദേശ സന്ദര്‍ശനത്തിന് പോയിരിക്കുന്നത് എന്നതിനാല്‍, ദുരിതം ഇരട്ടിയായി. വിമാന കമ്പനികള്‍ താമസ സൗകര്യം ഒരുക്കാത്തതിനാല്‍ പലര്‍ക്കും വിമാനത്താവളങ്ങളില്‍ തന്നെ രാത്രി മുഴുവന്‍ ചെലവഴിക്കേണ്ടതായി വന്നു. അതിനിടെ എന്‍ എ ടി എസ് ചീഫ് എക്സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫ് രാജിവയ്ക്കണമെന്ന ആവശ്യവുമായി റയ്ന്‍എയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീല്‍ മെക്‌മോഹന്‍ രംഗത്തെത്തി. പല യാത്രക്കാരും ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.