സീറ്റ്‌ബെല്‍റ്റ് ഇടാത്തവരെല്ലാം ഉയര്‍ന്ന് പൊങ്ങി സീലിങ്ങില്‍ ഇടിച്ചു താഴെ വീണു; ഭക്ഷണ കാര്‍ട്ടുകളും പറന്നുപൊങ്ങി; എയര്‍ഹോസ്റ്റസുമാര്‍ തെന്നി നീങ്ങി; ആകെ ഭീകരാന്തരീക്ഷം; 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു; ചിലരുടെ എല്ലുകള്‍ പൊട്ടി; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ സംഭവിച്ചത്

ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ സംഭവിച്ചത്

Update: 2025-07-31 16:35 GMT

ന്യൂയോര്‍ക്ക് : എല്ലാം അവസാനിച്ചോ എന്നുഭയപ്പെട്ടുപോയി പല യാത്രക്കാരും. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ 1600 അടി ഉയരത്തില്‍ വച്ച് ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി. 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം മിനിയാപൊളിസ്-സെന്റ് പോള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.

എട്ടുമണിക്കൂര്‍ യാത്രയ്ക്കായി പുറപ്പെട്ട എയര്‍ബസ് എ 330-900 വിഭാഗത്തില്‍പ്പെട്ട വിമാനം രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ ആകാശച്ചുഴിയില്‍ പെട്ടത്. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ കുലുക്കത്തില്‍ വിമാനത്തിനുള്ളില്‍ പലരും സീറ്റില്‍ നിന്ന് തെറിച്ച് വീഴുകയും സാധനങ്ങള്‍ ചിതറിത്തെറിക്കുകയും ചെയ്തു. ചില യാത്രക്കാര്‍ക്ക് തലകറക്കവും ഛര്‍ദ്ദിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വിമാനം മിനിയാപൊളിസ് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കിയ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം വിമാനത്തിനടുത്തെത്തി യാത്രക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

1600 അടി ഉയരത്തില്‍, 85 സെക്കന്റിന്റെ ഇടവേളയില്‍ വിമാനം കൂപ്പുകുത്തിയപ്പോള്‍ വിമാനം താഴെ വീഴാന്‍ പോകുകയായിരുന്നു എന്ന് യാത്രക്കാര്‍ ഭയന്നു. ഭക്ഷണവും ഡ്രിങ്ക്‌സുമെല്ലാം വിമാനത്തിന്റെ പിന്‍ഭാഗത്തായി ചിതറി കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. എയര്‍ഹോസ്റ്റസുമാര്‍

തെന്നിവീണതായി യാത്രക്കാര്‍ പറഞ്ഞു. എല്ലാം വായൂവിലൂടെ പറക്കുകയായിരുന്നു, ഇങ്ങനെയൊരു അനുഭവം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല, ഒരു യാത്രക്കാരന്‍ പറഞ്ഞു. ചില യാത്രക്കാരുടെ കാലിലെ എല്ലുപൊട്ടുകയും വാരിയെല്ല് പൊട്ടുകയും ഒക്കെ ചെയ്തിട്ടുണ്ട്.

സീറ്റ്‌ബെല്‍റ്റ് ഇടാത്തവരെല്ലാം ഉയര്‍ന്ന് പൊങ്ങി സീലിങ്ങില്‍ ഇടിച്ചു താഴെ വീണു. ഭക്ഷണ കാര്‍ട്ടുകളും സീലിങ്ങില്‍ ഇടിച്ച് താഴെ വീണു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇത് പലതവണ സംഭവിച്ചു. ആകെ ഭീകരാന്തരീക്ഷമായിരുന്നു, ഒരു യാത്രക്കാരി പറഞ്ഞു. വിമാനം തകര്‍ന്നുവീഴുകയാണെന്ന് പോലും തോന്നി. പരിക്കേറ്റ യാത്രക്കാരുടെ വിവരങ്ങള്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യക്തമാക്കിയില്ല. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനയെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2024 മെയ് മാസത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഉണ്ടായ കടുത്ത ടര്‍ബുലന്‍സ് മൂലം ഒരാള്‍ മരിച്ചിരുന്നു.


Tags:    

Similar News