ബസില്‍ കുഴഞ്ഞു വീണ് മരിച്ച യുവതിയുടെ ശരീരത്തില്‍ ഒട്ടിച്ചു വച്ചിരുന്നത് 26 ഐഫോണുകള്‍; ബ്രസീലിലെ ബസിനുള്ളിലെ മരണത്തില്‍ ദുരൂഹത മാത്രം

Update: 2025-08-01 04:10 GMT

ബ്രസീലില്‍ ഒരു ബസില്‍ കുഴഞ്ഞു വീണ് മരിച്ച യുവതിയുടെ ശരീരത്തില്‍ 26 ഐഫോണുകള്‍ ഒട്ടിച്ചു വെച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹമാകുന്നു. വിചിത്രമായ ഈ കേസില്‍ പോലീസ് ഇപ്പോള്‍ അന്വേഷണം തുടരുകയാണ്. ദീര്‍ഘദൂര യാത്രയ്ക്കിടെയാണ് 20 വയസ്സുള്ള യുവതി കുഴഞ്ഞു വീണത്. പെട്ടെന്ന് തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അതിന് മുമ്പ് തന്നെ മരിച്ചിരുന്നു. ഫോസ് ഡോ ഇഗ്വാസുവില്‍ നിന്ന് സാവോ പോളോയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു സ്ത്രീ.

പരാനയുടെ മധ്യമേഖലയിലെ ഗ്വാരാപുവാവയിലെ ഒരു റെസ്റ്റോറന്റില്‍ ബസ് നിര്‍ത്തുകയായിരുന്നു. പെട്ടെന്നാണ് യുവതിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. സ്ഥലത്തെത്തിയ മൊബൈല്‍ എമര്‍ജന്‍സി കെയര്‍ സര്‍വീസ് ജീവനക്കാര്‍ അവരെ ചികിത്സിച്ചു. തുടര്‍ന്ന് യുവതി നേരിയ ആശ്വാസം ഉണ്ടെങ്കിലും ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞു. വീണ്ടും അവര്‍ക്ക് ശക്തമായ തോതില്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടു. പെട്ടെന്ന് അവര്‍ അപസ്മാര ലക്ഷണങ്ങള്‍ കാട്ടാന്‍ തുടങ്ങി. എമര്‍ജന്‍സി കെയര്‍ സര്‍വീസ് ജീവനക്കാര്‍ ശ്വാസതടസം മാറ്റാന്‍ ശ്രമിച്ചു എങ്കിലും 45 മിനിട്ട് കഴിഞ്ഞ് മരിക്കുകയായിരുന്നു.

യുവതിയെ ചികിത്സിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഡോക്ടര്‍മാര്‍ അവളുടെ ശരീരത്തില്‍ ഒട്ടിച്ചിരിക്കുന്ന നിരവധി പായ്ക്കറ്റുകള്‍ ശ്രദ്ധിച്ചത്. മരണവാര്‍ത്ത അറിഞ്ഞ് എത്തിയ പോലീസുകാര്‍ 26 ഐഫോണുകള്‍ അവളുടെ ശരീരത്തില്‍ ഒട്ടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സേവനം തേടി. പോലീസ് നായ ഇവരുടെ ബാഗ് പരിശോധിച്ചിരുന്നു. ഇതിനുള്ളില്‍ നിന്ന് നിരവധി മദ്യക്കുപ്പികള്‍ അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ മയക്ക് മരുന്ന് കണ്ടെത്തിയിട്ടില്ല. പരാന പോലീസ് അറിയിക്കുന്നത് മരണകാരണം ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പുറത്തുവിടും എന്നാണ്.

യുവതി ഒറ്റയ്ക്ക് തന്നെയായിരുന്നു യാത്ര ചെയ്തത് എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഐഫോണുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. യുവതിയുടെ പേരോ വിശദാംശങ്ങളോ ഇനിയും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News