'ദയവായി ഇവരെ കാണൂ, ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്, പക്ഷേ ഇവര്‍ ജീവനോടെയുണ്ട്....'; മരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞ വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍
കോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിഹാറില്‍ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടയില്‍ മരിച്ചെന്ന് പറഞ്ഞ് ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രണ്ട് വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് പൊതുപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്. മരിച്ചെന്ന് പറഞ്ഞ് ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്നൊഴിവാക്കിയതായി യോഗേന്ദ്ര യാദവ് ജസ്റ്റിസുമാരായ സൂര്യകാന്തിന്റെയും ജെ.ബാഗ്ചിയുടെയും ബെഞ്ചിന് മുമ്പാകെ അറിയിച്ചു. ഇത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി.
'ദയവായി ഇവരെ കാണൂ. ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്. പക്ഷേ ഇവര്‍ ജീവനോടെയുണ്ട്... ഇവരെ കാണൂ' യോഗേന്ദ്ര യാദവ് കോടതിയോട് പറഞ്ഞു. മരിച്ചവരായി തെരഞ്ഞെടുപ്പ് കമീഷന്‍ വിധിയെഴുതിയ സാഹചര്യത്തില്‍ ഇവരുടെ പേരുകള്‍ കരട് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നും യോഗേന്ദ്ര യാദവ് സുപ്രീംകോടതിയില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ഈ വാദത്തെ നാടകമെന്ന് വിശേഷിപ്പിച്ചു. ഇതൊരു അശ്രദ്ധയില്‍ വന്ന പിഴവായിരിക്കാമെന്ന് ജസ്റ്റിസ് ബാഗ്ചി പ്രതികരിച്ചു. 'അതൊരു അശ്രദ്ധമായ പിഴവായിരിക്കാം. അത് തിരുത്താവുന്നതാണ്. അതേസമയം തന്നെ നിങ്ങളുടെ വാദങ്ങള്‍ ഞങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നു' ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
ബിഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധനാ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ ബെഞ്ച് കേള്‍ക്കുന്നതിനിടെയാണ് യോഗേന്ദ്ര യാദവ് ഈ വാദം ഉന്നയിച്ചത്. ഈ കേസിലെ ഹര്‍ജിക്കാരിലൊരാളാണ് അദ്ദേഹം. വോട്ടര്‍ പട്ടികയില്‍ ഒരാളെപ്പോലും പുതുതായി ചേര്‍ക്കാതെ പുനഃപരിശോധന നടക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്നും, ഈ നടപടി അത്തരത്തിലുള്ളതാണെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.
''തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു. എന്നാല്‍ ഒരാളെ പോലും പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. 65 ലക്ഷം ആളുകളുടെ പേരുകള്‍ ഇല്ലാതാക്കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇത് സംഭവിച്ചിട്ടില്ല. വോട്ടില്ലാത്തവരുടെ കണക്ക് ഒരു കോടി കവിയുമെന്ന് ഉറപ്പാണ്''-യാദവ് പറഞ്ഞു. ഹരജികളില്‍ വാദം കേള്‍ക്കുന്നത് ബുധനാഴ്ചയും തുടരും.
ചില പ്രശ്നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആവശ്യമാണെന്നും യോഗേന്ദ്ര യാദവ് പറയുന്നതില്‍ വസ്തുതകള്‍ ഉണ്ടെന്ന് ബെഞ്ച് വിലയിരുത്തി. പൗരന്മാര്‍ സുപ്രീം കോടതിയില്‍ വരെ എത്തി കേസ് വാദിക്കുന്നതില്‍ അഭിമാനമുണ്ട് എന്ന് പറഞ്ഞാണ് കോടതി വാദം ഇന്നത്തേക്ക് പൂര്‍ത്തിയാക്കിയത്.