ഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഏജന്റുമാരായി പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും കാലതാമസമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി; അറ്റ് ഹോം വിരുന്നില്‍ കൈ കൊടുക്കാന്‍ പോകാതെ പിണറായി; രാജ് ഭവനും സര്‍ക്കാരും തമ്മിലെ പോര് ഇനിയും കൂടും; അര്‍ലേക്കറിനെ ബഹിഷ്‌കരിച്ച് പിണറായിയും മന്ത്രിമാരും
തിരുവനന്തപുരം: രാജ്ഭവനും സര്‍ക്കാരും തമ്മിലെ പോര് തുടരും. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്ന് സല്‍ക്കാരം ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ നല്‍കുന്നത് ഈ സന്ദേശമാണ്. ഇത് ഗൗരവത്തില്‍ ഗവര്‍ണറും എടുക്കും. സ്വാതന്ത്ര്യ ദിനത്തിലെ അറ്റ് ഹോം വിരുന്ന് സല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. അതേസമയം സര്‍ക്കാരിന്റെ പ്രതിനിധിയായി ചീഫ് സെക്രട്ടറി വിരുന്നില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവും പരിപാടിക്ക് എത്തിയില്ല.
അതിനിടെ ഭരണഘടനാപരമായ സംരക്ഷണം എന്ന ദൗത്യനിര്‍വഹണത്തിനു പകരം രാഷ്ട്രീയ വീറ്റോയ്ക്കുള്ള ഉപകരണമായി ഗവര്‍ണര്‍മാരുടെ ഓഫീസുകള്‍ മാറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവര്‍ണറുടെ ഓഫീസിനെ ദുരുപയോഗിക്കുന്ന വിനാശകരമായ പ്രവണത നിലനില്‍ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കണമെന്ന ഭരണഘടനാദൗത്യം നിര്‍വഹിക്കുന്നതിനു പകരം, ഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഏജന്റുമാരായി പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും കാലതാമസമുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ കാരണമൊന്നും പറയാതെ മാസങ്ങളോളം പിടിച്ചുവയ്ക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കും വിധമുള്ള നയനിര്‍വഹണത്തിനാണ് ഇതു തടസ്സം സൃഷ്ടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇടപെടല്‍ രൂക്ഷമായ നിലയിലെത്തി. അക്കാദമിക സ്വയംഭരണത്തിന് പേരുകേട്ട കേരളത്തിലെ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ വലിയ മരവിപ്പ് സൃഷ്ടിക്കുന്നു. ഗവര്‍ണര്‍ ചാന്‍സലറായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളിലെ നിയമന പ്രക്രിയകള്‍ റദ്ദാക്കുകയും ചുമതലപ്പെട്ട സമിതികള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ക്ക് അംഗീകാരം നിഷേധിക്കുകയും ചെയ്യുന്നു. ഇത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാക്കുന്നെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറഞ്ഞു. ഇതിനൊപ്പമാണ് അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരണവും.
രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപയുടെ അധിക ഫണ്ട് നേരത്തെ അനുവദിച്ചിരുന്നു. ഗവര്‍ണറും സര്‍ക്കാരുമായുള്ള ഭിന്നത തുടരുക തന്നെയാണെന്നാണ് നടപടി സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിന തലേന്ന് വിഭജനഭീതി ദിനമായി ആചരിക്കാനുള്ള ഗവര്‍ണറുടെ സര്‍ക്കുലറിനെതിരെയും അടുത്തിടെ സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച പരിപാടികളും മന്ത്രിമാര്‍ നേരത്തെ ബഹിഷ്‌കരിച്ചിരുന്നു. ഇത് തുടരും. സിപിഎം തീരുമാന പ്രകാരമാണ് വിരുന്ന് ബഹിഷ്‌കരണം. സര്‍വകലാശാല വിഷയത്തിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം. സ്വാതന്ത്രദിനത്തിലും റിപ്പബ്ലിക് ദിനത്തിലും സാധാരണ നടത്താറുള്ള അത്താഴ വിരുന്നാണ് അറ്റ്ഹോം പരിപാടി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ലെങ്കിലും ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടിക്കെത്തിയിട്ടുണ്ട്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സംഭവം. വിഭജന ഭീതി ദിനം ആചരിക്കാനുള്ള സര്‍ക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ രാജ്ഭവനിലെ വിരുന്നിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചത്. എന്നിട്ടും സര്‍ക്കാരുമായി അടുക്കാനില്ലെന്ന സന്ദേശമാണ് ഗവര്‍ണര്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രി അടക്കം ബഹിഷ്‌കരിച്ചത്.