'യു ആർ എ ഗുഡ് മാൻ..; ഐ വിഷ് യു ആൾ ദി ബെസ്റ്റ്..!!'; പിഴ ഒടുക്കാൻ കോടതിയിലെത്തുമ്പോൾ ഓർക്കുന്നത് ഈ മുഖം; ആളുകളുടെ മനസ്സറിഞ്ഞ് സൗമ്യമായ പെരുമാറ്റം; ഒരൊറ്റ ഷോയിലൂടെ ലോകം മുഴുവൻ അറിഞ്ഞ വ്യക്തിത്വം; ജഡ്ജി ഫ്രാങ്ക് കാപ്രിയോ വിടവാങ്ങുമ്പോൾ
വാഷിംഗ്ടൺ: ലോകമെമ്പാടും 'ദയാലുവായ ന്യായാധിപൻ' എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക് കാൻസറിനെത്തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് അന്ത്യം. പ്രോവിഡൻസ് മുനിസിപ്പൽ കോടതിയുടെ മുഖ്യ ന്യായാധിപനായിരുന്ന കാപ്രിയോ, സഹാനുഭൂതി, വിനയം, മനുഷ്യസ്നേഹം എന്നിവയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം നേടിയിരുന്നു.
‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് കാപ്രിയോ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. അദ്ദേഹത്തിൻ്റെ കോടതിയിലെ ഇടപെടലുകൾ, പ്രത്യേകിച്ച് പ്രതികളോടുള്ള അനുകമ്പയും ദയയും നിറഞ്ഞ പെരുമാറ്റം, സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. അദ്ദേഹത്തിൻ്റെ വിഡിയോ ക്ലിപ്പുകൾക്ക് സോഷ്യൽ മീഡിയയിൽ ഒരു ബില്ല്യണിലധികം കാഴ്ചക്കാരുണ്ട്.
2018 മുതൽ 2020 വരെ സംപ്രേക്ഷണം ചെയ്ത ഈ പരിപാടി, ചെറിയ കുറ്റകൃത്യങ്ങൾ പോലും മാനുഷികമായ സമീപനത്തിലൂടെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധേയമായി. ഈ പരിപാടി നിരവധി ഡേടൈം എമ്മി നോമിനേഷനുകൾ നേടുകയും ക്ലിപ്പുകൾ ടിക്ടോക്കിലും യൂട്യൂബിലും വൈറലാവുകയും ചെയ്തിരുന്നു.
1936-ൽ ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിൽ ജനിച്ച ഫ്രാങ്ക് കാപ്രിയോ തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും പ്രോവിഡൻസിൽ ചെലവഴിച്ചു. സിറ്റി ഓഫ് പ്രൊവിഡൻസിൽ ഹൈസ്കൂൾ അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് നിയമബിരുദം നേടിയത്. 1985 മുതൽ 2023-ൽ വിരമിക്കുന്നതുവരെ പ്രോവിഡൻസ് മുനിസിപ്പൽ കോടതിയുടെ മുഖ്യ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ക്ഷമയോടെ കേൾക്കാനും നിസ്സാരമായ തെറ്റുകൾ മാനുഷികമായ രീതിയിലൂടെ ഒഴിവാക്കാനുമുള്ള അദ്ദേഹത്തിൻ്റെ കഴിവ് വ്യാപകമായ ജനപ്രീതി നേടികൊടുത്തു. 40 വർഷത്തോളം നീണ്ട ന്യായാധിപ ജീവിതത്തിൽ, അടിച്ചമർത്തലുകളില്ലാതെ എങ്ങനെ നീതി നടപ്പാക്കാം എന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മാതാപിതാക്കളുടെ കാര്യത്തിൽ വിധി പറയാൻ കുട്ടികളെ ബെഞ്ചിലേക്ക് വിളിക്കുന്നതും, പ്രതികളുടെ ജീവിതകഥകൾ കേട്ട് പിഴ ഒഴിവാക്കിക്കൊടുക്കുന്നതും അദ്ദേഹത്തിൻ്റെ വിഡിയോകളിൽ സാധാരണമായിരുന്നു.
"താൻ പാവപ്പെട്ടവനായാണ് വളർന്നതെന്നും ആ അവസ്ഥ എന്താണെന്ന് തനിക്ക് അറിയാമെന്നും" അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നൽ നൽകിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പാതകം കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻ്റെ വിടവാങ്ങൽ നീതിന്യായ വ്യവസ്ഥയിലെ അനുകമ്പയുടെയും മനുഷ്യത്വത്തിൻ്റെയും ഒരു പ്രതീകം എന്ന നിലയിലുള്ള വിടവാണ് അടയാളപ്പെടുത്തുന്നത്.