680 കിലോ ഭാരമുള്ള കൂറ്റന്‍ കാള പാഞ്ഞുവന്നപ്പോള്‍ കൊമ്പു കുത്തിക്കാന്‍ ശ്രമം; കുത്തേറ്റ് തെറിച്ചുവീണ 22 കാരന് ദാരുണാന്ത്യം; അലറി വിളിച്ച് കാണികള്‍; കണ്ടുനിന്ന കാണികളിലൊരാള്‍ ഷോക്കില്‍ മരിച്ചുവീണു; ലിസ്ബണിലെ കാളപ്പോര് മത്സരം ദുരന്തമായി മാറിയപ്പോള്‍
കാളപ്പോരിനിടെ യുവാവിന് ദാരുണാന്ത്യം
ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ കാളപ്പോരിനിടെയുണ്ടായ അപകടത്തില്‍ 22 വയസ്സുള്ള യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. 680 കിലോയോളം ഭാരമുള്ള കൂറ്റന്‍ കാളയുടെ ആക്രമണത്തിലാണ് മാനുവല്‍ മരിയ ട്രിന്‍ഡേഡ് എന്ന യുവാവ് മരണപ്പെട്ടത്. കാളയുടെ ആക്രമണം കണ്ടുനിന്ന 73 വയസ്സുള്ള മറ്റൊരാളും മരിച്ചു.
ഓഗസ്റ്റ് 23-നാണ് ഈ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. ലിസ്ബണിലെ കാംബോ പെക്വിനോ കാളപ്പോരില്‍ ആദ്യമായി പങ്കെടുത്ത മാനുവല്‍, കാളയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാളയുടെ കൊമ്പുകള്‍ പിടിച്ച് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന് സാധിച്ചില്ല. കാളയുടെ കുത്തേറ്റ് യുവാവ് തെറിച്ചുവീഴുകയായിരുന്നു. ആറായിരത്തോളം വരുന്ന കാണികള്‍ അതുകണ്ട് അലറി വിളിച്ചു.
സാവോ ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാനുവല്‍ 24 മണിക്കൂറിനുള്ളില്‍ മസ്തിഷ്‌ക ക്ഷതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. തലയ്‌ക്കേറ്റ പരിക്ക് മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഈ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാളയുടെ വാലില്‍ പിടിച്ച് ഒരു കാളപ്പോരുകാരനാണ് അക്രമകാരിയായ കാളയെ ഒടുവില്‍ നിയന്ത്രിച്ചത്. മുതിര്‍ന്ന ഓര്‍ത്തോപീഡിക് സര്‍ജനായ വാസ്‌കോ മൊറെയ്‌സ് ബാറ്റിസ്റ്റ എന്ന കാണിയാണ് കാഴ്ചയുടെ ഷോക്കില്‍ മരണപ്പെട്ടത്.