എന്തുചെയ്യാം സ്വവര്‍ഗ്ഗാനുരാഗികളായി പോയി! ചാട്ടവാറടിയേറ്റ് പുളഞ്ഞ് രണ്ടുപുരുഷന്മാര്‍; 76 തവണ ചാട്ടവാര്‍ കൊണ്ട് ക്രൂരമായി അടിച്ചത് പൊതുശുചിമുറിയില്‍ ഒന്നിച്ച് കണ്ടതിന്; ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയില്‍ കാടന്‍ നിയമമെങ്കിലും നാട്ടുകാര്‍ക്ക് പരാതിയില്ല

സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടുപുരുഷന്മാര്‍ക്ക് 76 തവണ ചാട്ടവാറടി

Update: 2025-08-26 17:23 GMT

ജക്കാര്‍ത്ത: വേദന കൊണ്ട് പുളയുകയായിരുന്നു ഇരുവരും. അതിനുപുറമേ നാട്ടുകാരുടെ മധ്യത്തില്‍ വച്ച് ചാട്ടവാറടിയേല്‍ക്കുന്നതിന്റെ നാണക്കേടും ദു:ഖവും. സ്വവര്‍ഗ്ഗാനുരാഗികളായി പോയതാണ് ഇരു പുരുഷന്മാരുടെയും കുറ്റം. ഇന്തൊനേഷ്യയില്‍ ശരിയ നിയമം പിന്തുടരുന്ന ഏക പ്രദേശമാണ് ആച്ചെ. ഇരുവര്‍ക്കും കോടതിവിധി പ്രകാരം 76 തവണയാണ് ചാട്ടവാര്‍ അടി നല്‍കിയത്്.

ആച്ചെ പ്രവിശ്യ ഒഴിച്ചുള്ളിടത്തൊന്നും ഇന്തൊനേഷ്യയില്‍ സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമല്ല. മറ്റുകുറ്റങ്ങള്‍ ചെയ്ത 8 പേര്‍ക്കും ഇവര്‍ക്കൊപ്പം ചാട്ടവാര്‍ അടി ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യം 80 അടി വീതമാണ് ഇരുവര്‍ക്കും വിധിച്ചത്. പിന്നീട് നാലുമാസം ജയിലില്‍ കിടന്നത് പരിഗണിച്ച് നാലടി കുറയ്ക്കുകയായിരുന്നു.

ഏപ്രിലില്‍ ശരിയ പൊലീസാണ് ഇരുപുരുഷന്മാരെയും ഒന്നിച്ച് ഒരു പൊതുശുചിമുറിയില്‍ വച്ച് കണ്ടെത്തിയത്. ഇതേ പാര്‍ക്കില്‍ വച്ച് തന്നെയാണ് ഇവര്‍ക്ക് ചാട്ടവാറടി ഏറ്റത്. ശിക്ഷയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ശക്തമായി അപലപിച്ചു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍, ഭരണകൂടത്തിന്റെ ഒത്താശയോടെയുളള വിവേചനവും ക്രൂരതയുമാണ് അരങ്ങേറിയതെന്ന് ആംനെസ്റ്റി ഇന്റ്ര്#നാഷണല്‍ പ്രാദേശിക ഗവേഷണ ഡയറക്ടര്‍ മോന്‍ട്‌സേ ഫെറര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കാടന്‍ നിയമമാണ് ഇതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു. എന്നിരുന്നാലും ആച്ചെ ജനത ചാട്ടവാറടി ഒരു പൊതു ശിക്ഷയായി അംഗീകരിച്ചുകഴിഞ്ഞു. ചൂതാട്ടം, മദ്യപാനം, വ്യഭിചാരം ഇതൊന്നും ആച്ചെക്കാര്‍ വച്ചുപൊറുപ്പിക്കുകയില്ല. ഫെബ്രുവരിയില്‍ സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടുപുരുഷന്മാരെ 150 തവണയിലേറെയാണ് ചാട്ട കൊണ്ട് അടിച്ചത്. സ്വവര്‍ഗ്ഗാനുരാഗം ഇവിടെ നിയമവിരുദ്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ.

2001 ല്‍ പ്രത്യേക സ്വയംഭരണാവകാശം നല്‍കിയതിനെ തുടര്‍ന്നാണ് ആച്ചെയില്‍ ശരിയത്ത് നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയത്.


Tags:    

Similar News