ചാര്‍ലി കിര്‍ക്കിനെ വകവരുത്താന്‍ പ്രയോഗിച്ച 'ഹൈ പവേഡ്' റൈഫിള്‍ കണ്ടെത്തി; കൊലയാളിയുടെ ചില ചിത്രങ്ങള്‍ കിട്ടിയെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല; സ്‌നൈപ്പറുടെ കാല്‍പ്പാടുകളും വിരലടയാളങ്ങളും കിട്ടിയെന്ന് എഫ്ബിഐ; ആദ്യം പിടികൂടിയ രണ്ടുപേരെ വിട്ടയച്ചു; കൊലയുടെ നടുക്കം വിട്ടുമാറാതെ അമേരിക്കന്‍ ജനത
ചാര്‍ലി കിര്‍ക്കിനെ വകവരുത്താന്‍ പ്രയോഗിച്ച 'ഹൈ പവേഡ്' റൈഫിള്‍ കണ്ടെത്തി
യൂട്ടാ: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്കിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഉയര്‍ന്ന ശേഷിയുള്ള റൈഫിള്‍ എഫ്ബിഐ കണ്ടെത്തി. 31 കാരനായ ആക്ടിവിസ്റ്റിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ സ്‌നൈപ്പര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
യുട്ടാ വാലി സര്‍വകലാശാലയിലെ പരിപാടിക്കിടെയാണ് ചാര്‍ലി കിര്‍ക്കിന് കഴുത്തില്‍ വെടിയേറ്റത്. ആദ്യം രണ്ടുപേരെ അക്രമിയെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു. കോളേജ് വിദ്യാര്‍ഥിയുടെ പ്രായമുള്ള ഒരാളാണ് വെടിവച്ചതെന്നാണ് നിഗമനം. ഇയാളുടെ ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എഫ്ബിഐ.
ഹൈപവേര്‍ഡ് ബോള്‍ട്ടഡ് റൈഫിള്‍ സംഭവസ്ഥലത്തിന് സമീപത്തുള്ള വനമേഖലയില്‍ നിന്നാണ് കിട്ടിയത്. റൈഫിള്‍ പരിശോധനയ്ക്കായി എഫ്ബിഐ ലാബിലേക്ക് അയച്ചു. അക്രമി ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് കാല്‍പ്പാടുകളും വിരലടയാളങ്ങളും കിട്ടി. എന്നാല്‍, അക്രമി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചൊവ്വാഴ്ചയാണ് യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ചാര്‍ലി കിര്‍ക്കിന് കഴുത്തില്‍ വെടിയേറ്റത്. ഉടന്‍ തന്നെ സംഭവസ്ഥലത്തുവെച്ച് അദ്ദേഹം മരണമടഞ്ഞു. ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹസ്ഥാപകനായ കിര്‍ക്കിന്റേത് ഒരു രാഷ്ട്രീയ കൊലപാതകമായാണ് വിലയിരുത്തപ്പെടുന്നത്.
അക്രമിയെ കണ്ടെത്താനായി പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുവരെ 130-ല്‍ അധികം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബോള്‍സ് അറിയിച്ചു. ഈ സംഭവം അമേരിക്കന്‍ രാഷ്ട്രീയ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കിര്‍ക്കിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അമേരിക്കയെ വീണ്ടും മഹത്തരമാക്കുക സ്വപ്‌നം കണ്ടു
2012ല്‍ വെറും 18-ാം വയസ്സില്‍ ചാര്‍ലി കിര്‍ക്കും സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥാപിച്ച 'ടേണിങ് പോയിന്റ്' സംഘടന ഇന്ന് അമേരിക്കയിലെ 800-ല്‍ അധികം കാമ്പസുകളില്‍ സാന്നിധ്യമറിയിക്കുന്നു. 'സാമ്പത്തിക ഉത്തരവാദിത്തം, സ്വതന്ത്ര വിപണി, പരിമിതമായ സര്‍ക്കാര്‍' എന്നീ തത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംഘടന, വലതുപക്ഷ ആശയങ്ങളുടെ പ്രചാരണത്തിനുള്ള പ്രധാന വേദിയായി വളര്‍ന്നു. കിര്‍ക്ക് ആകട്ടെ, യാഥാസ്ഥിതിക വാദത്തെ പിന്തുണയ്ക്കുന്ന ശക്തനായ യുവനേതാവായി അറിയപ്പെട്ടു. നിരവധി വലതുപക്ഷ യുവ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നു.
2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കിടയില്‍ നിന്ന് ട്രംപിന് വലിയ തോതില്‍ വോട്ടുകള്‍ നേടുന്നതില്‍ ചാര്‍ലി കിര്‍ക്കിന്റെ പോഡ്കാസ്റ്റുകള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നു. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്ന ട്രംപിന്റെ മുദ്രാവാക്യം ഏറ്റെടുത്ത കിര്‍ക്ക്, അമേരിക്കന്‍ കുടിയേറ്റ നയങ്ങളില്‍ കടുത്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. പ്രത്യേകിച്ച്, 'യുഎസിലേക്ക് ഇനിയും ഇന്ത്യക്കാര്‍ വരേണ്ട' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
അമേരിക്ക ആവശ്യത്തിന് ജനനിബിഡമാണെന്നും, അമേരിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയമാണിതെന്നും അദ്ദേഹം വാദിച്ചു. അമേരിക്കക്കാരെ തൊഴില്‍ മേഖലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം ഒരു പ്രധാന കാരണമാണെന്നും കിര്‍ക്ക് ആരോപിച്ചിരുന്നു. 'ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ വീസകള്‍ യുഎസിന് ആവശ്യമില്ല. ഇന്ത്യക്കാരുടെ നിയമാനുസൃത കുടിയേറ്റം പോലെ മറ്റൊരു കുടിയേറ്റവും അമേരിക്കക്കാരെ തൊഴിലിടത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല. മതിയായി, നമ്മള്‍ നിറഞ്ഞുകഴിഞ്ഞു. അവസാനമായെങ്കിലും നമുക്ക് സ്വന്തം ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം,' എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.