വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗിച്ചു... വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള അനേകം കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്തു; കുടിയേറ്റക്കാര്‍ യുകെയില്‍ എത്തുന്നത് എങ്ങനെ കുഴപ്പമാവും? ഇതിന്റെയൊക്കെ യഥാര്‍ത്ഥ കണക്ക് എന്താണ്? ഇപ്പോഴത്തെ അവസ്ഥ എന്ത്?

Update: 2025-09-12 01:45 GMT

ലണ്ടന്‍: വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗം ചെയ്ത് കുടിയേറ്റ തൊഴിലാളികളെ ബ്രിട്ടനിലെത്തിക്കുന്ന നിരവധി കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്തു. മുന്‍ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇരട്ടിയിലധികം കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്തതായി ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ വേതനം നല്‍കുക, ചൂഷണം നടത്തുക തുടങ്ങി, നിരവധി കാര്യങ്ങള്‍ക്കായി ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്ത സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു. അതുപോലെ , വര്‍ക്ക് വിസ സിസ്റ്റം ദുരുപയോഗം ചെയ്ത് കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ എത്താനും ഇവിടെ താമസിക്കാനും സൗകര്യമൊരുക്കിയതിനും ലൈസന്‍സുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

കുടിയേറ്റ വിഷയം സര്‍ക്കാരില്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്തുന്ന വേളയില്‍, അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളാണ് എടുക്കുന്നത് എന്നാണ് ഹോം ഓഫീസിന്റെ വിശദീകരണം. അതേസമയം, പ്രശ്നപരിഹരണത്തിനായി സര്‍ക്കാര്‍ തൊലിപ്പുറ ചികിത്സ മാത്രമാണ് നല്‍കുന്നത് എന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിക്കുന്നു. കൂടുതല്‍ കുടിയേറ്റക്കാര്‍ യു കെയില്‍ എത്തുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നും അവര്‍ ആക്ഷേപിക്കുന്നു. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ 1,948 ലൈസന്‍സുകളാണ് റദ്ദ് ചെയ്തത്. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 937 മാത്രമായിരുന്നു.

സര്‍ക്കാര്‍ പറയുന്നത് അനുസരിച്ച്, അഡള്‍ട്ട് സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി, റീടെയ്ല്‍, കെട്ടിട നിര്‍മ്മാണം എന്നീ മേഖലകളില്‍ ഉള്ള സ്ഥാപനങ്ങളാണ് കൂടുതലായി നിയമലംഘനം നടത്തുന്നത്. വാഗ്ദാനം ചെയ്യപ്പെട്ട ജോലി നല്‍കാതിരുന്നതിനും, കുറഞ്ഞ വേതനം നല്‍കിയതിനും, കുടിയേറ്റ നിയമങ്ങള്‍ വളച്ചൊടിക്കാന്‍ സഹായിച്ചതിനുമെല്ലാം ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. സര്‍ക്കാരിനും പോലീസിനും ഇടയിലെ മെച്ചപ്പെട്ട ഡാറ്റ, ഇന്റലിജന്‍സ് പങ്കുവയ്ക്കല്‍, ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന തൊഴിലുടമകളെ കണ്ടെത്താന്‍ സഹായകരമായിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, കുറെയേറെ വര്‍ഷങ്ങളായി ബ്രിട്ടനില്‍ കുടിയേറ്റ വിഷയം ചര്‍ച്ച ചെയ്യുന്നത് വൈകാരിക വിഷയമായിട്ടാണെന്നും ദേശീയ താത്പര്യം മുന്‍നിര്‍ത്തിയല്ലെന്നുമുള്ള അഭിപ്രായവും ഉയരുന്നുണ്ട്. വിദേശികള്‍ ബ്രിട്ടനിലേക്കെത്തുന്നത് ബ്രിട്ടന്റെ ഭാവിക്ക് നല്ലതല്ലെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, ബ്രിട്ടന്റെ സമ്പദ്ഘടന വളരാന്‍ ഇത് ആവശ്യമാണെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. അതിവൈകാരികത നിറഞ്ഞ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ മാറ്റിവെച്ച് യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിക്കണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

ബ്രിട്ടനില്‍ ഓരോ വര്‍ഷവും ദീര്‍ഘകാലത്തേക്ക് ഇവിടെ താമസിക്കാന്‍ വരുന്നവരും, ബ്രിട്ടന്‍ വിട്ട് പോകുന്നവരും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷന്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത് കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഖ്യ 9 ലക്ഷം കടന്നപ്പോഴാണ്. എന്നാല്‍, രാജ്യത്തെ ജനസംഖ്യയുടെ 1.25 ശതമാനം മാത്രമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ, ചെറു യാനങ്ങള്‍ വഴിയുള്ള അനധികൃത കുടിയേറ്റത്തിനെതിരെ ശബ്ദമുയര്‍ത്താനാണ് പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ശ്രമിക്കുന്നത്.

എന്നാല്‍, മൊത്തം കുടിയേറ്റത്തിന്റെ 5 ശതമാനം മാത്രമെ ഇത്തരത്തില്‍ എത്തുന്നവരുള്ളു എന്നത് വസ്തുതയാണ്. അതായത്, ബോട്ടുകളില്‍ എത്തുന്നവര്‍ ഉണ്ടാക്കുന്ന ആഘാതം പരിഗണിക്കുമ്പോള്‍ അവര്‍ക്കായി ചെലവഴിക്കുന്ന സമയം വളരെ കൂടുതലാണെന്ന് പറയാം.

Tags:    

Similar News