അത് 'ന്യൂനപക്ഷ സംഗമം' അല്ല; ആ കൂട്ടായ്മ നടക്കുന്നത് കേരള വികസനവുമായി ബന്ധപ്പെട്ട 33 വിഷയങ്ങളില്‍ സെമിനാര്‍ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗം; വകുപ്പുകള്‍ക്ക് പ്രവര്‍ത്തന ഊര്‍ജ്ജം നല്‍കാനുള്ള നീക്കത്തില്‍ 'വര്‍ഗ്ഗീയ' ലക്ഷ്യമില്ല; 'വിഷന്‍-2031' സംഗമത്തില്‍ വിശദീകരണവുമായി പിണറായി സര്‍ക്കാര്‍; മതാടിസ്ഥാന സമ്മേളന വാദം തള്ളുമ്പോള്‍
തിരുവനന്തപുരം: അയ്യപ്പസംഗമത്തിനു പിന്നാലെ, ന്യൂനപക്ഷസംഗമവും സംഘടിപ്പിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും പരിഹാരവും ചര്‍ച്ചചെയ്യാനാണ് ഈ പരിപാടി. ന്യൂനപക്ഷ വിഷയങ്ങളില്‍ നയപരമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകാന്‍ 'വിഷന്‍-2031' എന്ന ലക്ഷ്യത്തിലാണ് സംഗമം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് ചെറിയൊരു തിരുത്തു നല്‍കുകയാണ് സര്‍ക്കാര്‍. കേരള വികസനവുമായി ബന്ധപ്പെട്ട 33 വിഷയങ്ങളില്‍ സെമിനാര്‍ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും അതിലൊന്നു മാത്രമാണ് കൊച്ചിയില്‍ നടത്താനിരിക്കുന്ന പരിപാടിയെന്നുമാണ് വിശദീകരണം. അതായത് 33 വകുപ്പുകള്‍ക്ക് വേണ്ടി നടത്തുന്ന സെമിനാറാണ് ഇതെന്നാണ് വിശദീകരണം.
ന്യൂനപക്ഷക്ഷേമ വകുപ്പാണ് സംഘാടകര്‍. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികളെ പങ്കെടുപ്പിക്കും. കൊച്ചിയിലോ കോഴിക്കോട്ടോ സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതായി വിവരമുണ്ടെങ്കിലും സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ ഇനി അതുണ്ടാകൂ. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ഇതെന്ന വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. അയ്യപ്പ സംഗമത്തിനായി ശബരിമലയുടെ മതേതര സ്വഭാവം സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടിയിരുന്നു. കേരളത്തില്‍ നവോത്ഥാന ലക്ഷ്യത്തില്‍ സമിതിയും മുമ്പ് സര്‍ക്കാരുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ സംഗമം എന്ന തലത്തില്‍ വാര്‍ത്തകളെത്തുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകുകയും ചെയ്യും. ഓഗസ്റ്റ് 29നാണ് സെമിനാര്‍ നടത്താനുള്ള തീരുമാനം സര്‍ക്കാരെടുത്തത്.
അയ്യപ്പസംഗമത്തെക്കുറിച്ച് ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നിരിക്കേയാണ്, ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള മറ്റൊരു സംഗമം. തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ, വോട്ട് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തുന്നതെന്നാണ് രാഷ്ട്രീയവിമര്‍ശനം. അയ്യപ്പ സംഗമം നടത്തുന്നത് മതേതരത്വം വളര്‍ത്താന് എന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു വച്ചത്. ഇതിന് പിന്നാലെ ന്യൂനപക്ഷ സംഗമവുമായി എത്തുകയാണ് സര്‍ക്കാര്‍ എന്നായിരുന്നു വിലയിരുത്തല്‍ വന്നത്. ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങളില്‍നിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബര്‍ മാസത്തില്‍ സംഗമം നടത്താനാണ് തീരുമാനം എന്ന തരത്തില്‍ വാര്‍ത്തകളെത്തി. രണ്ടു പ്രത്യേക മതങ്ങള്‍ക്കു മാത്രമായി സമ്മേളനം നടത്തുന്ന മതേതര സര്‍ക്കാരായി മാറുകയാണ് അങ്ങനെ പിണറായി വിജയന്‍ ന്നെും വിമര്‍ശനം വന്നു. ആഗോള അയ്യപ്പ സംഗമം എങ്ങനെ മതേതര സര്‍ക്കാര്‍ നടത്തുമെന്ന ചോദ്യം പല കോണുകളും ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായി അയ്യപ്പന് മതേതര പരിവേഷമാണെന്നും അത് ചര്‍ച്ചയാക്കാനുമാണ് സംഗമം എന്നായിരുന്നു വാദം.
കെ.ജെ മാക്സി എംഎല്‍എയ്ക്കാണ് ക്രിസ്ത്യന്‍ സംഘടനകളെ ഈ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല. 'വിഷന്‍ 2031' എന്നാണ് സംഗമത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 2031ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഗമത്തിലുണ്ടാവുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തമാസം പകുതിയോടെ കൊച്ചിയില്‍ വെച്ചാണ് സംഗമം നടക്കുക. ഈ മാസം 20ന് സ്വാഗത സംഘം ചേരാനാണ് നിലവിലെ തീരുമാനം. അതിനിടെ ന്യൂനപക്ഷ സംഗമത്തില്‍ സര്‍ക്കാര്‍ അജണ്ട പഠിച്ച ശേഷം നേതൃത്വം നിലപാടറിയിക്കുമെന്ന് നാസര്‍ഫൈസി കൂടത്തായി പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന സര്‍ക്കാരാകരുതെന്നായിരുന്നു സംഭവത്തില്‍ ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ പ്രതികരണം. ഇത് ഏറെ ശ്രദ്ധേയമായി മാറുകയും ചെയ്തു.
സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുമ്പോള്‍ സഹകരിക്കാമെന്ന നിലപാടില്‍ തന്നെയാണ് മുസ്ലിംസമുദായിക സംഘടനകള്‍. പ്രതിപക്ഷത്ത് നിന്ന് മുസ്ലിംലീഗ് സ്വീകരിക്കുന്ന നിലപാടാകും ഇനി നിര്‍ണായകമാവുക. ക്രിസ്ത്യന്‍ സംഘടനകളാണ് കൊച്ചിയിലെ സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സൂചനകളും പുറത്തു വന്നിരുന്നു.