തായ് വാന്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ അതിവേഗം ബഹുദൂരം നീങ്ങി ചൈന; അധിനിവേശത്തിന് റഷ്യയുടെ ഒത്താശ; രഹസ്യരേഖകള്‍ പുറത്തുവിട്ട് യുകെ കേന്ദ്രമായ പ്രതിരോധ-സുരക്ഷാ ഫോറം; കവചിത വാഹനങ്ങളും ആയുധങ്ങളും റഷ്യ ചൈനയ്ക്ക് കൈമാറുന്നുവെന്നും സംശയം

തായ്‌വാന്‍ അധിനിവേശത്തിന് ചൈനയ്ക്ക് റഷ്യയുടെ ഒത്താശ

Update: 2025-09-27 13:15 GMT

തായ്‌പേയ്: തായ്വാനില്‍ അധിനിവേശം നടത്താന്‍ ചൈന നീക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു വിവരം ഇക്കാര്യത്തില്‍ ചൈനയ്ക്ക് എല്ലാ സഹായവുമായി റഷ്യയും കൂടെയുണ്ട് എന്നതാണ്. യു.കെ ആസ്ഥാനമായുള്ള ഒരു പ്രതിരോധ, സുരക്ഷാ ഫോറം ഇക്കാര്യത്തില്‍ ചോര്‍ന്ന് കിട്ടിയ റഷ്യന്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തു വിട്ടത്.

ബ്ലാക്ക് മൂണ്‍ ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പില്‍ നിന്നുള്ള റഷ്യ ചൈനയിലേക്ക് വിതരണം ചെയ്യേണ്ട ഉപകരണങ്ങളുടെ കരാറുകളും പട്ടികകളും ഉള്‍പ്പെടെ ഏകദേശം 800 പേജുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനം നടക്കുന്നത്. ചൈനയുടേയും റഷ്യയുടേയും പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളെ കുറിച്ചും കവചിത വാഹനങ്ങളും ആയുധങ്ങളും കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ചും ഈ രേഖകള്‍ കാണാന്‍ കഴിയും.

വിതരണം ചെയ്യേണ്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം റഷ്യ ആരംഭിച്ചിട്ടുണ്ടെന്ന് ഇതില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചൈന പണം നല്‍കിയതായോ ഏതെങ്കിലും ഉപകരണങ്ങള്‍ സ്വീകരിച്ചതായോ ചൈനീസ് ഭാഗത്ത് നിന്ന് നേരിട്ടുള്ള തെളിവുകള്‍ ഇതില്‍ അടങ്ങിയിട്ടില്ല. തായ്വാനെ ആക്രമിക്കാന്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് രേഖകള്‍ ലഭിച്ചവര്‍ വാദിക്കുമ്പോള്‍, ഷി ജിന്‍പിംഗിന് കീഴില്‍ 2050 ഓടെ ലോകോത്തര സൈന്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ചൈന തങ്ങളുടെ സായുധ സേനയുടെ ആധുനികവല്‍ക്കരണ പരിപാടി തുടങ്ങിയിട്ടുണ്ട്.

2027 ഓടെ തായ്വാനില്‍ ഒരു അധിനിവേശത്തിന് തയ്യാറെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തന്റെ സൈന്യത്തോട് ഉത്തരവിട്ടതായി ഉന്നത അമേരിക്കന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സ്വയംഭരണ ജനാധിപത്യം ചൈനയുടെ ഭാഗമാണെന്നും ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കുന്നത് തള്ളിക്കളയുന്നില്ലെന്നും ചൈനയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശകലനം സൂചിപ്പിക്കുന്നത് ഇതിനുള്ള സമയപരിധി വേഗത്തിലാക്കാന്‍ സാധ്യതയുണ്ട് എന്നാണ്. ചൈനക്ക് റഷ്യയേക്കാള്‍ സൈനിക ശേഷി ഉണ്ടെന്നാണ് പറയപ്പെടുന്നത് എങ്കിലും ചില മേഖലകളില്‍ ചൈനക്ക് റഷ്യയുടെ സഹായം ആവശ്യമായി വരും എന്നാണ് കരുതപ്പെടുന്നത്. വ്യോമസേനയാണ് റഷ്യയുടെ കരുത്ത് എന്നാണ് പറയപ്പെടുന്നത്.

Tags:    

Similar News