'ഗണേഷ് കുമാര്‍ സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്നയാള്‍; മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാന്‍; നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ട; സ്വയം രാജിവച്ച് ഒഴിയണം'; ഇരുവര്‍ക്കുമെതിരെ പരസ്യ വിമര്‍ശനവുമായി പത്തനംതിട്ടയിലെ എന്‍എസ്എസ് കരയോഗം; തിരുവല്ല കായ്ക്കലിലടക്കം പ്രതിഷേധ ഫ്ലക്സുകള്‍; സര്‍ക്കാരിന്റെ നിലപാടിനെയാണ് എന്‍ എസ് എസ് ഉയര്‍ത്തി കാണിച്ചതെന്ന് ടി പി രാമകൃഷ്ണന്‍

Update: 2025-09-29 13:28 GMT

പത്തനംതിട്ട: അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ പിന്തുണച്ച മന്ത്രി കെ ബി ഗണേഷ് കുമാറിനും പരസ്യ വിമര്‍ശനം. ഗണേഷ് കുമാര്‍ സുകുമാരന്‍ നായരുടെ മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാനാണെന്ന് പത്തനംതിട്ട മയിലാടുപ്പാറയിലെ എന്‍എസ്എസ് കരയോഗം കുറ്റപ്പെടുത്തി.

സുകുമാരന്‍ നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും കരയോഗം വൈസ് പ്രസിഡന്റ് ഹരീഷ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കരയോഗം ഭാരവാഹിയുടെ പരസ്യ വിമര്‍ശനം. അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരന്‍ നായര്‍ രാജിവെക്കണമെന്നുമാണ് ആവശ്യം. പരസ്യ പ്രതികരണത്തിന് പുറമേ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്‌ലക്‌സുകളും ഉയര്‍ന്നിട്ടുണ്ട്. തിരുവല്ല കായ്ക്കലിലും സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നും ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് നായര്‍ സൊസൈറ്റിയുടെ പേരിലായിരുന്നു പ്രതിഷേധ ഫ്‌ലക്‌സുകള്‍. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടില്‍ താഴെത്തട്ടില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മൈലാടുപ്പാറ 5337 ശ്രീഭദ്ര എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും, മന്ത്രി കെ.ബി. ഗണേഷ് കുമാറിനും എതിരെയാണ് ഫ്ലക്സ് ബോര്‍ഡില്‍ വിമര്‍ശനമുണ്ട്. നായര്‍ സമുദായത്തേയും അയ്യപ്പ ഭക്തരെയും ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സുകുമാരന്‍ നായര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും സ്വയം രാജിവച്ച് ഒഴിഞ്ഞു പോകണമെന്നുമാണ് ഫ്ലക്സ് ബോര്‍ഡിലെ ആവശ്യം. സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ടെന്നും ഫ്ലക്സ് ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ജി. സുകുമാരന്‍ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രംഗത്തെത്തിയത്. സുകുമാരന്‍ നായര്‍ക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നാണ് എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ പറഞ്ഞത്. ചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ കേരളത്തിലെ മുഴുവന്‍ നായന്മാരും രാജിവച്ചു എന്നല്ലെന്നും അവര്‍ക്ക് പോയി അവര്‍ക്ക് പോയി എന്നാണെന്നും മന്ത്രി പരിഹസിച്ചിരുന്നു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വേദിയിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രഖ്യാപനം.

അതേസമയം വിമര്‍ശനം കടുക്കുമ്പോഴും സുകുമാരന്‍ നായര്‍ പിന്നോട്ടില്ല. എന്തു പ്രതിഷേധം വന്നാലും നേരിട്ടുകൊള്ളാമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. മറ്റാരും വ്യക്തമാക്കാത്ത വിധത്തില്‍ തങ്ങളുടെ രാഷ്ട്രീയനിലപാട് പറഞ്ഞുകഴിഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഇന്ന് നടക്കുന്ന യോഗത്തില്‍ ബജറ്റ് ചര്‍ച്ച മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണ നിലപാടില്‍ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. പൂഞ്ഞാറില്‍ 'പിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരന്‍ നായര്‍ രാജിവെയ്ക്കണ'മെന്ന് ബാനറും ഉയര്‍ന്നു. 'സ്വാമിയേ ശരണമയ്യപ്പാ' എന്ന തലക്കെട്ടോടുകൂടിയായിരുന്നു ബാനര്‍. ഫ്‌ളക്‌സുകളൊക്കെ വരട്ടെ, തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ, നിലപാട് വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങളെ നേരിട്ടോളാം എന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

എല്‍ഡിഎഫ് സര്‍ക്കാരുമായി ഒന്‍പതാണ്ടായി തുടരുന്ന അകല്‍ച്ച പരിഹരിച്ച് എന്‍എസ്എസ് സമദൂരത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. ശബരിമലയില്‍ വിശ്വാസം, ആചാരം എന്നിവ സംരക്ഷിച്ച് വികസനം കൊണ്ടുവരാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനത്തെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയതിലാണ് സമുദായത്തിന് അകത്തുനിന്നു തന്നെ വിമര്‍ശനങ്ങളും മുറുമുറുപ്പും ഉയര്‍ന്നത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുമാറ്റം അംഗീകരിച്ച് പ്രശംസിക്കുകയും ചെയ്താണ് അദ്ദേഹം ഇടതുപിണക്കത്തിന് അറുതിവരുത്തിയത്.

നിരവധി ഭക്തര്‍ ശബരിമലയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ അവിടുത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സര്‍ക്കാരിന്റെ നിലപാടിനെയാണ് എന്‍ എസ് എസ് ഉയര്‍ത്തി കാണിച്ചതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചു കൊണ്ടുള്ള എന്‍ എസ് എസ് നിലപാടിനെ വിലമതിക്കുന്നുവെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

എന്‍ എസ് എസ് നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ടി പി രാമകൃഷ്ണന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് ഭാവിയിലും ഇത്തരത്തിലുള്ള പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. എന്‍ എസ് എസിനോടുള്ള തുടര്‍ന്നുള്ള നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിന് അത് പറയുക അവര്‍ ആ ഘട്ടത്തില്‍ സ്വീകരിക്കുന്ന നിലപാടിനനുസരിച്ചാണെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ആഗോള അയ്യപ്പ സംഗമത്തോടും സഹകരിക്കുന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്.

അതേസമയം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്കെതിരായ പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ സുകുമാരന്‍ നായര്‍ നടത്തിയ സര്‍ക്കാര്‍ അനുകൂല പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ഈ സര്‍ക്കാരില്‍ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതോടൊപ്പം യു ഡി എഫിനെയും ബി ജെ പിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സുകുമാരന്‍ നായര്‍ക്കെതിരെ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്വന്തം കുടുംബത്തിനുവേണ്ടി സമുദായത്തെ പിന്നില്‍ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്നുവെന്നായിരുന്നു പത്തനംതിട്ടയില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ബാനറില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കോട്ടയം പൂഞ്ഞാറിലും ഇദ്ദേഹത്തിനെതിരെ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലും സുകുമാരന്‍ നായര്‍ക്കെതിരെ സമാനമായി ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

Tags:    

Similar News