ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരി; ഇന്നലെ അവര്‍ കടയിലെത്തി, ആള്‍ക്കൂട്ടം കണ്ട് തിരികെപ്പോയി? വീട് പൂട്ടിയിരിക്കുകയാണ്; 12 മണി വരെ ഒന്ന് ക്ഷമിക്ക്, അവര്‍ ഉടനെത്തും...; കേരളം കാത്തിരിക്കുന്ന ആ ഭാഗ്യവതിയെ ഉടനറിയാം; 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ഏജന്റ് ലതീഷ്; 50 ലക്ഷത്തിന്റെ മൂന്നാം സമ്മാനം കുടുംബശ്രീ അംഗങ്ങള്‍ക്ക്

Update: 2025-10-05 05:53 GMT

കൊച്ചി: കേരളം കാത്തിരുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ ഉടനറിയാം. 12 മണിക്ക് ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് വ്യക്തമാക്കി. ബമ്പറടിച്ച ആളെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചിട്ടുണ്ടെന്നും അവരുടെ വീട് പൂട്ടിയിരിക്കുകയാണെന്നും ലതീഷ് പറഞ്ഞു. ലോട്ടറി അടിച്ചതെന്ന് കരുതുന്നയാളുടെ വീട് പൂട്ടിയിരിക്കുകയാണ്. വീട്ടില്‍ ആരുമില്ലെന്നും ലതീഷ് പറഞ്ഞു. ഭാഗ്യശാലി സ്ത്രീ എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ഇന്നലെ അവര്‍ ടിക്കറ്റുമായി കടയില്‍ വന്നിരുന്നുവെന്നും തിരക്കും ബഹളവും കണ്ട് തിരികെ പോയെന്നുമുള്ള വിവരവും പുറത്തുവരുന്നുണ്ട്. എന്തായാലും നെട്ടൂര്‍ സ്വദേശിയാണ് എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. സാധാരണ ടിക്കറ്റ് എടുക്കുന്നയാളല്ലെന്നും ഓണം ബമ്പര്‍ ആയത് കൊണ്ടാണ് ടിക്കറ്റെടുത്തതെന്നും ലതീഷ് പറഞ്ഞു. എന്തായാലും 12 മണി വരെ ക്ഷമിക്കൂ എന്നാണ് ലതീഷിന്റെ വാക്കുകള്‍. ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് പറഞ്ഞു.

'12 മണിയാകും വരെ ഒന്ന് ക്ഷമിക്ക്. പന്ത്രണ്ട് മണിക്ക് അവര്‍ പറയും. ടിക്കറ്റ് എടുക്കുന്ന ആളല്ല. പാവപ്പെട്ട ആള്‍ക്കാരാണ്. എന്തായാലും സസ്‌പെന്‍സ് ഒഴിവാക്കിക്കിട്ടും. അതുവരെ ക്ഷമിക്ക്'- ലതീഷ് പറഞ്ഞു.

അവിചാരിതമായി ലോട്ടറിക്കടയില്‍ നിന്ന് ടിക്കറ്റെടുത്ത സ്ത്രീയ്ക്കാണ് 25 കോടിയുടെ ബമ്പര്‍ അടിച്ചു എന്നതാണ് സൂചന. ടിക്കറ്റിന്റെ ഫോട്ടോ അടക്കം ലോട്ടറി ഏജന്റ് ലതീഷിനെ കാണിച്ചതായാണ് വിവരം. 25 കോടിയുടെ ടിക്കറ്റ് ആയതുകൊണ്ട് തന്നെ ആശങ്കയുണ്ട്. ബാങ്കില്‍ കൈമാറാനുള്ള കാത്തിരിപ്പാണ് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

എറണാകുളം നെട്ടൂരില്‍ വിറ്റ TH 577825നമ്പര്‍ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. ഒന്നാം സമ്മാനം നേടിയയാള്‍ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്ന് ലോട്ടറി കടയുടമ ലതീഷ് വെളിപ്പെടുത്തി. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരിയായ നെട്ടൂരുകാരിയായ സ്ത്രീയ്ക്കാണ് ഭാഗ്യം അടിച്ചിരിക്കുന്നതെന്നാണ് വിവരം. മാധ്യമങ്ങളും ആളുകളും ഒക്കെ കൂടെ നിന്ന നേരത്ത് ഭാഗ്യവതി കടയുടെ അടുത്തെത്തി തിരിച്ചു പോയിരുന്നു എന്ന വിവരവും ഉണ്ട്. വിവരങ്ങളൊക്കെ തേടിയ ശേഷമാണ് പോയതെന്നാണ് റിപ്പോര്‍ട്ട്. സ്വന്തമായി പേര് വെളിപ്പെടുത്താത്തതിനാല്‍ തന്നെ ഏജന്റിന് ഇക്കാര്യം പറയാനും ബുദ്ധിമുട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ ഉച്ചയ്ക്ക് 1.20ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് നറുക്കെടുത്തത്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയുടെ പാലക്കാട്ടെ കേന്ദ്രത്തില്‍ നിന്നാണ് ലതീഷ് 800 ടിക്കറ്റ് വാങ്ങി വിറ്റത്. കഴിഞ്ഞവര്‍ഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനം കര്‍ണാടകയിലേക്കും 2023ല്‍ തമിഴ്‌നാട്ടിലേക്കും പോയിരുന്നു.ഒന്നാം സമ്മാനമായി കിട്ടുന്നത് 15.75 കോടി രൂപയാണ്. 25 കോടിയില്‍ 2.5 കോടി ഏജന്‍സി കമ്മിഷനാണ്. കേന്ദ്രസര്‍ക്കാരിന് 6.75 കോടി ആദായനികുതി നല്‍കണം. ടിക്കറ്റൊന്നിന് 56 രൂപ വച്ച് കേന്ദ്രത്തിനും കേരളത്തിനും ജി.എസ്.ടി കിട്ടും. ഇത്തവണ 75 ലക്ഷം ടിക്കറ്റാണ് വിറ്റത്. 40.32 കോടി വീതമാവും ജി.എസ്.ടി കിട്ടുക. മറ്റ് സമ്മാനങ്ങള്‍ക്കുള്ള നികുതിയായി 15 കോടിയും കിട്ടും.

അതേസമയം, ഓണം ബമ്പറിന്റെ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ തേടിയെത്തിയത് കുടുംബശ്രീ അംഗങ്ങളെ. അഞ്ചുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് മൂന്നാം സമ്മാനം ലഭിച്ചത്. കോട്ടയം പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീയിലെ അംഗങ്ങളായ കീരിയാനിക്കല്‍ സൗമ്യ സുജീവ്, കോട്ടൂക്കുന്നേല്‍ ഉഷാ മോഹനന്‍, ഓലിക്കല്‍ സാലി സാബു, കുമ്പളന്താനത്തില്‍ ഉഷാ സാബു എന്നിവര്‍ ചേര്‍ന്നെടുത്ത TH 668650 നമ്പര്‍ ടിക്കറ്റിനാണ് 50 ലക്ഷം ലഭിച്ചത്. നൂറ് രൂപ വീതം പിരിവെടുത്ത് പൂഞ്ഞാര്‍ സ്വദേശി മനോജിന്റെ പക്കല്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് പൂഞ്ഞാര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.

Tags:    

Similar News