കാറിൽ കയറുന്നതിനിടെ 'ഹാൻഡ്‌ബ്രേക്ക്' ഇടാൻ മറന്നു; പെട്ടെന്ന് വണ്ടി പിന്നോട്ട് വരുന്നത് കണ്ട് വെപ്രാളം; 'വിൻഡോ' അടയ്ക്കുന്ന ബട്ടണിൽ അറിയാതെ ഒന്ന് തട്ടിയതും അബദ്ധം; വിൻഡോ വേഗത്തിൽ അടഞ്ഞ് കഴുത്തിൽ കുടുങ്ങി യുവതിക്ക് ദാരുണ മരണം; കൂട്ടുകാർ ഓടിയെത്തിയപ്പോൾ തല പാതി ഒടിഞ്ഞ നിലയിൽ ശരീരം; വിയോഗം താങ്ങാനാകാതെ കുടുംബം
പാരീസ്: ഫ്രാൻസിലെ സോൻ-എറ്റ്-ലോയർ ഡിപ്പാർട്ട്‌മെന്റിൽ, ഓടുന്ന കാറിന്റെ ജനലിൽ കഴുത്ത് ഞെരുങ്ങി യുവതി ദാരുണമായി മരിച്ചു. ജൂൺ 13-ന് നടന്ന സംഭവം ആദ്യം ദുരൂഹതയ്ക്ക് ഇടയാക്കിയെങ്കിലും, പോലീസ് അന്വേഷണത്തിൽ ഇത് ദാരുണമായ ഒരപകടമാണെന്ന് സ്ഥിരീകരിച്ചു.
യുവതി തന്റെ ഫിയാറ്റ് 500 കാറിൽ കയറുന്നതിനിടെ ഹാൻഡ്‌ബ്രേക്ക് ഇടാൻ മറന്നുപോയി. വാഹനം പിന്നോട്ടെടുക്കാൻ തുടങ്ങിയപ്പോൾ, കാറിനുള്ളിൽ നിന്ന് വീണ്ടും വാഹനം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ, ജനലിലൂടെ കൈ പുറത്തേക്കിട്ട് വിൻഡോ അടയ്ക്കുന്ന ബട്ടണിൽ അറിയാതെ തട്ടുകയായിരുന്നു. ഇലക്ട്രിക് വിൻഡോ പ്രവർത്തിച്ച് വേഗത്തിൽ അടഞ്ഞതോടെ, യുവതിയുടെ കഴുത്ത് ജനലിനും കാറിന്റെ ഫ്രെയിമിനും ഇടയിൽ കുടുങ്ങി. ശ്വാസം കിട്ടാതെ അവശനിലയിലായ യുവതി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാത്രി ഭക്ഷണത്തിന് എത്താത്തതിനെ തുടർന്ന് സുഹൃത്ത് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ പോലീസുകാർക്കും സംഭവം ഒരു ദുരൂഹതയായി തോന്നിയിരുന്നു. "എന്തു സംഭവിച്ചു?" എന്ന് അവരും അത്ഭുതപ്പെട്ടു. യുവതിയുടെ സഹോദരൻ ഫ്രാൻസ്ഇൻഫോയോട് പറഞ്ഞത്, തന്നെ വിവരം അറിയിച്ചപ്പോൾ തനിക്ക് വിശ്വസിക്കാനായിരുന്നില്ല എന്നാണ്. "ആരെങ്കിലും ആക്രമിച്ചതാണോ, അതോ ആത്മഹത്യ ചെയ്തതാണോ എന്നെല്ലാം ഞാൻ ചിന്തിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് വിശദാംശങ്ങൾ വ്യക്തമായപ്പോൾ സത്യം മനസ്സിലാക്കുകയായിരുന്നു.
ശവപരിശോധനയിൽ ഒരുവിധത്തിലുള്ള ദുഷ്പ്രവൃത്തിക്കും തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് മരണത്തെ ദാരുണമായ അപകടമെന്ന് സ്ഥിരീകരിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ലെന്നും സഹോദരൻ വ്യക്തമാക്കി. "എന്റെ സഹോദരിയെ തിരികെ ലഭിക്കില്ല. പണം കൊണ്ട് പ്രയോജനമില്ല. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യാനാകും എന്നതിനെക്കുറിച്ചുള്ള വ്യക്തതയാണ് എനിക്ക് വേണ്ടത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഭവം, അടുത്തിടെ ജോർജിയയിൽ സമാനമായ രീതിയിൽ ഏഴ് വയസ്സുള്ള ഒരു കുട്ടിയുടെ മൃതദേഹം കാറിൻ്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവം ഓർമ്മിപ്പിക്കുന്നു. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വേണ്ടത്ര അവബോധം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത ഈ സംഭവങ്ങൾ അടിവരയിടുന്നു.