വളരെ വൈകി ദുബായിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം; കാതങ്ങൾ താണ്ടി ഡൽഹിയിൽ ലാൻഡ് ചെയ്തതും എങ്ങും വിചിത്രമായ കാഴ്ചകൾ; കൺവെയർ ബെൽറ്റിന് ചുറ്റും നിന്ന യാത്രക്കാർക്ക് അമ്പരപ്പ്; പരക്കം പാഞ്ഞ് എയർപോർട്ട് അധികൃതർ; ഗതികെട്ട് ഒടുവിൽ ജീവനക്കാർ ചെയ്തത്

Update: 2025-10-09 09:54 GMT

ദുബായ്: ദുബായിൽ നിന്ന് ഡൽഹിയിലേക്ക് 148 യാത്രക്കാരുമായി പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം യാത്രക്കാരുടെ ഒരു ലഗേജ് പോലും കൂടാതെ ഡൽഹിയിൽ ഇറങ്ങിയത് യാത്രക്കാർക്കിടയിൽ ആശങ്കയും പ്രതിഷേധവും ഉയർത്തി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിനായി കാത്തുനിന്നപ്പോഴാണ് തങ്ങളുടെ ബാഗുകളൊന്നും കൺവെയർ ബെൽറ്റിൽ എത്തിയിട്ടില്ലെന്ന് യാത്രക്കാർക്ക് മനസ്സിലായത്.

യുഎഇ സമയം ഉച്ചയ്ക്ക് 12 മണിയോടെ (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30) ദുബൈയിൽ നിന്ന് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനത്തിൽ 148 യാത്രക്കാരാണുണ്ടായിരുന്നത്. വൈകുന്നേരം 5 മണിയോടെ ഡൽഹിയിലെത്തിയ വിമാനത്തിലെ യാത്രക്കാർ ലഗേജിനായി കാത്തുനിന്നെങ്കിലും ഒരു ബാഗ് പോലും എത്തിയില്ല. തുടർന്ന്, വിമാനത്തിലെ മുഴുവൻ ലഗേജുകളും ദുബൈ വിമാനത്താവളത്തിൽ ഉപേക്ഷിച്ചതായി യാത്രക്കാർക്ക് വിവരം ലഭിച്ചതോടെയാണ് അവർ ഞെട്ടിത്തെറിച്ചത്.

"വെറും ഒരു മണിക്കൂർ വൈകിയ പുറപ്പെട്ടതിന് ശേഷം, അവർ യാത്രക്കാരുടെ ലഗേജ് ദുബായിൽ മറന്നുവച്ചു" എന്ന് ഒരു യാത്രക്കാരൻ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. സ്പൈസ്ജെറ്റ് വിമാനത്തിൽ ലഗേജ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച ദീപക് എന്ന യാത്രക്കാരൻ എയർലൈനെ ടാഗ് ചെയ്തുകൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചത്.

ബാഗേജ് ഇറെഗുലാരിറ്റി റിപ്പോർട്ട് പൂരിപ്പിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട എയർലൈൻ ജീവനക്കാർ, അടുത്ത സർവീസിൽ ലഗേജ് എത്തിക്കാമെന്ന് ഉറപ്പ് നൽകി. വിമാനത്തിന് അമിതഭാരം ഉണ്ടായതുകൊണ്ടാണ് ചെക്ക്-ഇൻ ചെയ്ത ലഗേജുകൾ മുഴുവൻ ഇറക്കി വെക്കേണ്ടി വന്നതെന്ന് ചില യാത്രക്കാരെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ വിശദീകരണം വിശ്വസനീയമല്ലെന്ന് പല യാത്രക്കാരും അഭിപ്രായപ്പെട്ടു. "ബാഗുകളുടെ തൂക്കം നേരത്തെ പരിശോധിച്ചതാണെങ്കിൽ, പറന്നുയർന്ന ശേഷം എങ്ങനെയാണ് അമിതഭാരം തിരിച്ചറിഞ്ഞത്?" എന്ന് 5,000 ദിർഹത്തിലധികം വിലയുള്ള സാധനങ്ങൾ ലഗേജിലുണ്ടായിരുന്ന നോയിഡയിൽ നിന്നുള്ള യാത്രക്കാരിയായ സുഹാന ബിഷ്ത് ചോദിച്ചു.

സ്പൈസ്ജെറ്റുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങൾ ആദ്യമല്ലെന്ന് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര റൂട്ടുകളിലെ ലഗേജ് കൈകാര്യം ചെയ്യുന്നതിൽ എയർലൈൻ നിരന്തരം വിമർശനം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ സ്പൈസ്ജെറ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. 

Tags:    

Similar News