ഹമാസ് നല്‍കിയ 100 ഫലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ തന്ത്രപരമായി തിരുത്തി? അറേബ്യന്‍ മണ്ഡേല എന്ന അറിയപ്പെടുന്ന മര്‍വാന്‍ ബര്‍ഗൂത്തിയെ വിട്ടയയ്ക്കില്ല; പുറത്തുവിട്ടാല്‍ വന്‍ അപകടമെന്ന് കണക്കുകൂട്ടല്‍; ഇസ്രയേല്‍ സേനയുടെ പിന്മാറ്റത്തോടെ ഹമാസ് ആയുധധാരികള്‍ ഗസ്സയിലെ തെരുവുകളില്‍; വെടിനിര്‍ത്തല്‍ കരാര്‍ മേല്‍നോട്ടത്തിന് യുഎസ് സൈനികര്‍ ഇസ്രയേലില്‍

ഹമാസ് നല്‍കിയ 100 ഫലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ തന്ത്രപരമായി തിരുത്തി?

Update: 2025-10-11 12:33 GMT

ടെല്‍അവീവ്: ഗസ്സ വെടിനിര്‍ത്തലിന് മേല്‍നോട്ടം വഹിക്കാന്‍, അമേരിക്കന്‍ സൈനികര്‍ ഇസ്രയേലില്‍ എത്തി തുടങ്ങി. യുഎസില്‍ നിന്നും പശ്ചിമേഷ്യയിലെ വിവിധ താവളങ്ങൡ നിന്നും 200 ഓളം സൈനികരമാണ് എത്തുന്നത്. യുഎസ് സൈനിക കേന്ദ്ര കമാന്‍ഡിന്റെ തലവന്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഇന്നലെ എത്തി.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തിങ്കളാഴ്ച രാവിലെ ഇസ്രയേലില്‍ എത്തും. അതേദിവസം, അദ്ദേഹം ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച ഹമാസ് വിട്ടയയ്ക്കുന്ന ബന്ദികളെയും അദ്ദേഹം കാണും. യുദ്ധം ചെയ്ത് തളര്‍ന്ന ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം വെള്ളിയാഴ്ച ഓവല്‍ ഹൗസില്‍ പറഞ്ഞിരുന്നു.

ഹമാസ് ആയുധധാരികള്‍ തെരുവുകളില്‍

അതേസമയം, വെടിനിര്‍ത്തലിന്റെ രണ്ടാം നാള്‍ 50,000 ഫലസ്തീന്‍കാര്‍ ഗസ്സയില്‍ മടങ്ങിയെത്തിയെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു. ഹമാസിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തില്‍ ഉള്‍പ്പെട്ട ആയുധധാരികള്‍ ഗസ്സയിലെ തെരുവുകളില്‍ റോന്തുചുറ്റാന്‍ ഇറങ്ങിയത് ആശങ്ക പരത്തി. ഏതാനും പേരെ മാത്രമേ കാണുന്നുള്ളുവെങ്കിലും തീവ്രഗ്രൂപ്പ് ഇപ്പോഴും നിയന്ത്രണം കയ്യാളുന്നതിന്റ സൂചനയായി വിലയിരുത്തപ്പെടുന്നു.




ഹമാസിന്റെ പട്ടിക ഇസ്രയേല്‍ തിരുത്തി?

അതിനിടെ, ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയയ്ക്കാന്‍ ഹമാസ് നല്‍കിയ 100 ഫലസ്തീന്‍ തടവുകാരുടെ പട്ടികയില്‍ ഇസ്രയേല്‍ തന്ത്രപരമായി മാറ്റം വരുത്തിയെന്ന ആരോപണമുണ്ട്. ഏതൊക്കെ തടവുകാരുടെ പേരാണ് മാറ്റി മറിച്ചതെന്ന് വ്യക്തമല്ല.

ഫലസ്തീനിലെ ജനകീയ നേതാവും അറേബ്യന്‍ മണ്ഡേലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവുമായ മര്‍വാന്‍ ബര്‍ഗൂത്തിയെയും മറ്റ് പ്രമുഖ തടവുകാരെയും മോചിപ്പിക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച്, ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുകയും ഹമാസ് ഇരുപതോളം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും ചെയ്യും. ഇതിന് പകരമായി, ഇസ്രായേല്‍ തടവിലുള്ള 1700-ല്‍ അധികം പലസ്തീനികളെയും, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കുറ്റം ചുമത്താതെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നവരെയും മോചിപ്പിക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍, ഹമാസ് ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന മര്‍വാന്‍ ബര്‍ഗൂത്തിയെയും മറ്റ് പ്രധാനപ്പെട്ട തടവുകാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബര്‍ഗൂത്തി ഒരു ഭീകരനെന്ന് ഇസ്രയേല്‍

മര്‍വാന്‍ ബര്‍ഗൂത്തിയെ ഇസ്രായേല്‍ ഒരു 'ഭീകര നേതാവായാണ്' കണക്കാക്കുന്നത്. 2004-ല്‍ നടന്ന അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ബര്‍ഗൂത്തി നിലവില്‍ ഒന്നിലധികം ജീവപര്യന്തം തടവനുഭവിക്കുകയാണ്. എന്നാല്‍, ഫലസ്തീന്‍ ജനതയുടെയിടയില്‍ ശക്തനായ പ്രചോദകനായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ചിലര്‍ അദ്ദേഹത്തെ ഫലസ്തീനിലെ നെല്‍സണ്‍ മണ്ടേലയായി പോലും കാണുന്നു. അതിനാല്‍, അദ്ദേഹത്തെ മോചിപ്പിക്കുന്നത് ഫലസ്തീന്‍ മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും, അത് ഇസ്രായേലിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ആശങ്ക.




ഹമാസ് നേതൃത്വത്തോട് ഒട്ടിനില്‍ക്കുന്ന ആളാണ് ബര്‍ഗൂതി. പുറമേക്ക് മിതവാദിയായി അദ്ദേഹം അഭിനയിക്കയാണെന്നാണ് ഇസ്രയേല്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ബര്‍ഗൂതിയെ പുറത്തുവിട്ടാല്‍ അദ്ദേഹം മഹമൂദ് അബ്ബാസിനെ അട്ടിമറിക്കാന്‍ ഇടയുണ്ട്. ഇത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാവുമെന്ന് ഇസ്രയേല്‍ കരുതുന്നു. മാത്രമല്ല വര്‍ഷങ്ങളുടെ കുടിപ്പകയുണ്ട് മഹമൂദ് അബ്ബാസും, ബര്‍ഗൂതിയും തമ്മില്‍. യാസര്‍ അറഫാത്തിന്റെ മരണശേഷം ബര്‍ഗൂതിയെ അട്ടിമറിച്ചാണ്, നേതൃത്വം അബ്ബാസിന്റെ കൈകളിലേക്ക് നീങ്ങിയത് എന്നാണ് പറയുന്നത്. പക്ഷേ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഇപ്പോഴും ഹീറോ പരിവേഷമുള്ള നേതാവ് തന്നെയാണ് ബര്‍ഗൂതി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫലസ്തീന്‍ പ്രസിഡന്റായി ആര് വരണമെന്ന് 2016-ല്‍ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഒരു സര്‍വേ നടന്നപ്പോള്‍ അതില്‍ ഭൂരിഭാഗംപേരും നിര്‍ദേശിച്ചത്, ബര്‍ഗുതിയുടെ പേരാണ്.

ഇത്തവണയും വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഇസ്രയേല്‍ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയില്‍ ബര്‍ഗൂതിയുടെ പേര് ഹമാസ് നല്‍കിയിരുന്നു. അത് അംഗീകരിക്കാന്‍ ഇസ്രയേല്‍ ഏറെ ആലോചിക്കുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. മറ്റൊരു യഹിയ സിന്‍വര്‍ വളര്‍ന്നുവരുമെന്ന ഭീതിയിലാണ് ഇസ്രയേല്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്.

Tags:    

Similar News