അഭയാര്‍ത്ഥിയായി എത്തി 16കാരിയെ തട്ടിപ്പ് വിവാഹം നടത്തി വിസക്ക് ശ്രമിച്ച് ജയിലിലായി നാട് കടത്തപ്പെട്ട പാക്കിസ്ഥാനി വീണ്ടും അതെ പെണ്‍കുട്ടിയെ വ്യാജ വിവാഹം നടത്തി ഡിപണ്ടന്റ് വിസയില്‍ യുകെയില്‍ ഏത്താന്‍ നീക്കം തുടങ്ങി; വാര്‍ത്തകളില്‍ നിറഞ്ഞ് തട്ടിപ്പ് കല്യാണം
ലണ്ടന്‍: പതിനാറുകാരിയെ വിവാഹം കഴിച്ച് ബ്രിട്ടീഷ് പൗരത്വം നേടാന്‍ ശ്രമിച്ചതിന് നാടുകടത്തപ്പെട്ട ഒരു പാകിസ്ഥാനി അഭയാര്‍ത്ഥി, വീണ്ടും അതേ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ബ്രിട്ടനില്‍ എത്താനുള്ള ശ്രമം തുടരുന്നു. ഒന്‍പത് വര്‍ഷം മുന്‍പാണ് ഒരു സ്ലോവാക്യന്‍ പെണ്‍കുട്ടിയെ പറഞ്ഞു പറ്റിച്ച് വിവാഹത്തിനായി നസീര്‍ ഖാലില്‍ എന്ന 48 കാരന്‍ ശ്രമിച്ചത്. ആ പെണ്‍കുട്ടിക്ക് 16 വയസ്സ് തികഞ്ഞ് നാല് ദിവസം മാത്രമെ അപ്പോള്‍ ആയിരുന്നുള്ളു. ഇയാള്‍ക്ക് അന്ന് 36 വയസ്സും. പിന്നീട് ഇയാള്‍ക്ക് ഈ കേസില്‍ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.
15 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് മുന്‍പും പിന്‍പുമായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്ലില്‍ താമസിക്കുന്ന സമയത്ത് ഇയാള്‍ക്ക് ഈ കൗമാരക്കാരിയില്‍ കുട്ടികളും ജനിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജീവിക്കുന്നതിനായി പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങുന്ന മെയില്‍ ഓര്‍ഡര്‍ സംഘത്തിന്റെ ഭാഗമാണ് ഇയാള്‍ എന്നായിരുന്നു കോടതി വിചാരണയില്‍ തെളിഞ്ഞത്. ഇത്തരത്തില്‍ വിലയ്ക്ക് എടുക്കുന്ന സ്ത്രീകള്‍ വഴി തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് യു കെയില്‍ താമസിക്കാന്‍ അവകാശമുണ്ടെന്ന് ഹോം ഓഫീസിനെ ബോദ്ധ്യപ്പെടുത്തും. അതാണ് അവരുടെ പ്രവര്‍ത്തന രീതി.
2019 ല്‍ ഖലീലിനെ നാടുകടത്തി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇയാള്‍ അ സ്ലോവാക്യന്‍ സ്ത്രീയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. അപ്പോള്‍ അവര്‍ക്ക് 23 വയസ്സായിരുന്നു. കുട്ടികള്‍ക്കൊപ്പം ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റെമെയ്ന്‍ ലഭിച്ചതിന് ശേഷമായിരുന്നു അവര്‍ ഖലീലിനെ വിവാഹം കഴിച്ചത്. അതിനു ശേഷമാണ് അയാളുടെ അഭിഭാഷകര്‍, ഫാമിലി വിസയില്‍ യു കെയില്‍ എത്താനുള്ള ഖലീലിന്റെ അപേക്ഷ ഹോം ഓഫീസില്‍ സമര്‍പ്പിച്ചത് എന്ന് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പര്‍ ട്രൈബ്യൂണലിന്റെ ഒരു വിധിയോടെയാണ് ഇയാളുടെ പദ്ധതികള്‍ പുറത്തു വന്നത്.
നിയമപരമായ വിവിധ മാര്‍ഗ്ഗങ്ങളാണ് ബ്രിട്ടനില്‍ താമസിക്കാന്‍ ഈ പാകിസ്ഥാന്‍ പൗരന്‍ ഉപയോഗിച്ചത്. ഇപ്പോള്‍ സ്‌നേഹനിര്‍ഭരമായ ഒരു ബന്ധം തുടരാനുള്ള ഇയാളുടെ അവകാശം ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ അംഗീകരിച്ചിരിക്കുകയാണ്. സ്ലോവേനിയന്‍ വനിത ഇയാളുടെ വിസ സ്പോണ്‍സറും, കുട്ടിക്കാലത്ത് ഇയാളുടെ കുറ്റകൃത്യങ്ങളുടെ ഇരയും ആയിട്ടുകൂടി ഇവര്‍ക്ക് സുസ്ഥിരമായ ഒരു ബന്ധം തുടരാന്‍ അവകാശമുണ്ടെന്നാണ് ജഡ്ജിമാര്‍ പറയുന്നത്.
എന്നാല്‍, ഭാര്യ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ ഉള്‍പ്പെടുന്ന രാജ്യത്തെ പൗര ആയതിനാല്‍, ഇ യു ട്രീറ്റി റൈറ്റ്‌സ് പ്രകാരം റെസിഡന്റ് കാര്‍ഡിനും അര്‍ഹതയുണ്ട് എന്ന ഖലീലിന്റെ അഭിഭാഷകരുടെ വാദം പക്ഷെ കോടതി അംഗീകരിച്ചില്ല. ഫാമിലി വിസയ്ക്കായി അപേക്ഷിക്കുക മാത്രമെ വഴിയുള്ളു എന്നായിരുന്നു കോടതി വിധിച്ചത്. 2012 ല്‍ ഹ്രസ്വകാല സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ ഖലീല്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും തിരിച്ചു പോയിരുന്നില്ല.
പിന്നീട്, പാകിസ്ഥാനിലുള്ള തന്റെ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയതായി അവകാശപ്പെട്ടായിരുന്നു ഇയാള്‍ അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സ്ലോവാക്യന്‍ വനിതയെ ഇസ്ലാം മത വിശ്വാസപ്രകാരം വിവാഹം കഴിച്ചത്. എന്നാല്‍, ഇസ്ലാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മുന്‍പായി പെണ്‍കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗ് ലഭിച്ചിരുന്നില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം ഇയാളെ ജയിലിലാക്കുകയും പിന്നീട് നാടുകടത്തുകയും ആയിരുന്നു.