സ്റ്റാഫ് കൂടെ വന്നാല്‍ ചെലവ് വഹിക്കില്ലെന്ന് പറഞ്ഞ ഉണ്ണികൃഷ്ണന്‍ പോറ്റി; ദ്വാരപാലകശില്പങ്ങള്‍ പുറത്തേക്ക് കൊണ്ടു പോകുന്നെങ്കില്‍ കരുതലോടെ ആകണമെന്ന നിലപാടില്‍ ഉറച്ചുനിന്ന ഉദ്യോഗസ്ഥന്‍; 2019-ല്‍ സംഭവിച്ച അതേ വീഴ്ച 2025-ല്‍ ബോര്‍ഡ് നേതൃത്വത്തിനും സംഭവിച്ചു; ഇത്തവണ മോഷണം ഒഴിവാക്കിയത് തിരുവാഭരണം കമ്മീഷണര്‍ റെജ് ലാലിന്റെ ഇടപെടല്‍
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ആസൂത്രിതമായ സ്വര്‍ണത്തട്ടിപ്പില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയില്ലെന്നു വാദിച്ച മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രതിരോധം തകര്‍ക്കുന്നതാണു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍. ഒരു ഉദ്യോഗസ്ഥന്റെ ഇടപെടലാണ് വലിയ ചതി ഒഴിവാക്കിയത്.
2024 നവംബര്‍ ഒന്നിന് നിലവിലെ ദേവസ്വം ബോര്‍ഡ് ദ്വാരപാലക ശില്പത്തിന്റെ പാളി വീണ്ടും ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ അംഗീകാരം നല്‍കിയിരുന്നു. 2019-ല്‍ സംഭവിച്ച അതേ വീഴ്ച 2025-ല്‍ ബോര്‍ഡ് നേതൃത്വത്തിനും സംഭവിച്ചു. തിരുവാഭരണം കമ്മീഷണര്‍ റെജ്ലാലിന്റെ ഇടപെടല്‍ കാരണം ഈ നീക്കം തടയപ്പെട്ടു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഒരിക്കല്‍ സ്വര്‍ണം പൂശിയ സ്വര്‍ണം വേര്‍പെടുത്തി വീണ്ടും പൂശാന്‍ കഴിയില്ല എന്ന് തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിനെ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്, സ്മാര്‍ട്ട് ക്രിയേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് സാങ്കേതികവിദ്യയുണ്ടെന്ന് പറഞ്ഞെങ്കിലും, തിരുവാഭരണം കമ്മീഷണര്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് ഉദ്യോഗസ്ഥരും അനുഗമിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റി സ്റ്റാഫ് കൂടെ വന്നാല്‍ ചെലവ് വഹിക്കില്ലെന്ന് പറഞ്ഞപ്പോഴും തിരുവാഭരണം കമ്മീഷണര്‍ ദ്വാരപാലകശില്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നെങ്കില്‍ കരുതലോടെ ആകണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. തിരുവാഭരണം കമ്മീഷണറുടെ ഇടപെടലാണ് സമാന ശ്രമം തടയാന്‍ സഹായിച്ചത്. അല്ലാത്ത പക്ഷം ഇത്തവണയും ദ്വാരപാലക ശില്‍പ്പങ്ങള്‍ ഇന്ത്യ മുഴുവന്‍ ചുറ്റി ചെന്നൈയില്‍ എത്തുമായിരുന്നു. 2019 അങ്ങനെ ആവര്‍ത്തിക്കാതെ പോയി. സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്ത് നിയമവിരുദ്ധമായി വിവാദ ഇടനിലക്കാരന്‍ വഴി പലയിടത്തും കൊണ്ടുപോയി 49 ദിവസത്തിന് ശേഷം മാത്രം മടക്കിക്കൊണ്ടുവന്നത് ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞുള്ള തട്ടിപ്പല്ലെന്നും അന്നത്തെ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ പിന്നിലുണ്ടെന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2019ല്‍ രാഷ്ട്രീയ നിയമനം നേടിയ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ സംരക്ഷിക്കാനായി തീര്‍ത്ത വാദങ്ങളുടെ മുനയൊടിക്കുന്ന ഈ കണ്ടെത്തല്‍, സര്‍ക്കാരിനും ഇടതു മുന്നണിക്കും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. ദേവസ്വം അധികൃതരുടെ പങ്കും ഗൗരവമായി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ബോര്‍ഡിനെയും പ്രതിചേര്‍ത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഗൂഢാലോചന കേസ് കൂടി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തട്ടിപ്പുനടന്ന കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും അംഗം എന്‍.വിജയകുമാറും സിപിഎം നോമിനികളായിരുന്നു; മറ്റൊരു അംഗമായ കെ.പി.ശങ്കരദാസ് സിപിഐ പ്രതിനിധിയും. പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവു കൂടിയാണ് പത്മകുമാര്‍.
ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പിനു ചുക്കാന്‍ പിടിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ, 'അവതാര'മായി പോറ്റിവളര്‍ത്തിയത് ആരെന്ന ചോദ്യവും ഉയരുന്നു. ഒരു സ്ഥിര വരുമാനവും ഇല്ലാത്തയാളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ പോറ്റിയെ ശബരിമലയിലെ സ്വര്‍ണം പൂശലും ശ്രീകോവില്‍ വാതില്‍ പുതുക്കിപ്പണിയലും അടക്കം ഒട്ടേറെ നിര്‍ണായക കാര്യങ്ങളുടെ സ്‌പോണ്‍സറാക്കി അവതരിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മാത്രം അറിവോ അനുമതിയോ കൂടിയല്ലെന്നു വ്യക്തമാണ്.
വിജയ് മല്യ പൊതിഞ്ഞത് തനിതങ്കം തന്നെയാണെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തേക്ക് വരുന്നുണ്ട്.1998ല്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ മേല്‍ക്കൂരയിലും ദ്വാരപാലക ശില്പങ്ങളിലും പൊതിഞ്ഞ സ്വര്‍ണത്തിന്റ യഥാര്‍ത്ഥ കണക്കുകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. 1564.190 ഗ്രം സ്വര്‍ണമാണ് ദ്വാരപാലക ശില്പത്തില്‍ പൊതിഞ്ഞത്. മേല്‍ക്കൂരയില്‍ 15219.980 ഗ്രാം സ്വര്‍ണവും പൊതിഞ്ഞു. തങ്കം പൊതിഞ്ഞതിന്റെ വിശദവിവരങ്ങളുള്ള ഈ കത്താണ് ദേവസ്വം വിജിലന്‍സിന്റെ പ്രധാന തെളിവ്. ഇതിന്റെ പശ്ചാത്തലത്തില്‍ 1998 കാലത്ത് ശബരിമലയിലെ സ്വര്‍ണം പൊതിയുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെയടക്കം മൊഴികള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലുള്ള വിശദമായ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.