മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിസ്ഥാനത്തില്‍ ഇനി നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; യോഗം വിളിച്ച് മുഖ്യമന്ത്രി; അനിശ്ചിതത്വങ്ങള്‍ ഉടന്‍ നീങ്ങുമോ? പ്രതീക്ഷയില്‍ മുനമ്പം നിവാസികള്‍
മുനമ്പം, വഖഫ്
കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായ സാഹചര്യത്തില്‍, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു. സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃ സ്ഥാപിച്ചു കിട്ടാന്‍ മുനമ്പം ജനത നടത്തിവരുന്ന നിരാഹാരസമരം ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞു.
ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശിപാര്‍ശകളില്‍ നടപടി സ്വീകരിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ ശാശ്വത പരിഹാരത്തിനാണ് കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുനമ്പത്തെ സമരവേദിയില്‍ നടന്ന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നയുടന്‍ മന്ത്രി പി. രാജീവ് തന്നെ ഫോണില്‍ ബന്ധപ്പെട്ടെന്ന് ബിഷപ് പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്നു മന്ത്രി അറിയിച്ചെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിസ്ഥാനത്തില്‍ ഇനി നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്. മുനമ്പം നിവാസികള്‍ക്ക് ഭൂമിയുടെ കരമടയ്ക്കാനുള്ള അവകാശം സംബന്ധിച്ച ഉത്തരവ് സര്‍ക്കാരിറക്കുന്നതോടെ കാര്യങ്ങളെല്ലാം സാധാരണ നിലയിലെത്തും. മുനമ്പത്തെ ഭൂമി വഖഫിന്റേതാണെന്ന അവകാശവാദം വന്നതോടെയാണ് ഭൂമിക്ക് കരമടയ്ക്കാനോ ക്രയവിക്രിയത്തിനോ സാധിക്കാതായത്. വഖഫ് ബോര്‍ഡ് പ്രഖ്യാപന ശേഷം സര്‍ക്കാര്‍ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ തടയുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയോടെ ഇതുസംബന്ധിച്ചുള്ള എല്ലാ നിയമ തടസങ്ങളുമില്ലാതായി. ഈ സാഹചര്യത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കപ്പെടണം.
ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞത്. ഫലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മെല്ലെപ്പോക്കുനയം സ്വീകരിക്കുമെന്ന ഭയം മുനമ്പം നിവാസികള്‍ക്കുണ്ട്. സര്‍ക്കാര്‍ നടപടികള്‍ വൈകിയാല്‍ സുപ്രീംകോടതിയില്‍ വഖഫ് ബോര്‍ഡിന് അപ്പീല്‍ നല്കാനാകും. തിങ്കളാഴ്ച മുഖ്യമന്ത്രി മുനമ്പത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു പ്രഖ്യാപിക്കുമെന്നാണ് മുനമ്പം സമര സമിതി നേതാക്കളുടെ പ്രതീക്ഷ. വഖഫ് ട്രിബ്യൂണലിനും ഹൈക്കോടതി ഉത്തരവ് സമര്‍പ്പിക്കും. മന്ത്രി പി. രാജീവുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഇവര്‍ പറഞ്ഞു.
ഡിവിഷന്‍ ബെഞ്ച് ഉത്തരവിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വില കൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമസ്ഥതയും അതിന്‍ മേലുള്ള റവന്യൂ അവകാശങ്ങളും തിരികെ നല്കാനും സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികളെടുക്കണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു.