ലക്ഷ്യമിട്ടത് പ്രവാസികളെ ഒപ്പം നിര്‍ത്താന്‍; മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി; യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും; അനുമതി നിഷേധിച്ചതോടെ സൗദി യാത്ര ഒഴിവാക്കും? പിണറായി വിജയന്റെ ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്റൈനില്‍

Update: 2025-10-13 11:37 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് യാത്രയ്ക്ക് ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രയ്ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് നേരത്തെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. വീണ്ടും നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിക്ക് അനുമതി. അതേ സമയം സൗദി സന്ദര്‍ശനത്തിന് അനുമതി ലഭിക്കാതെ വന്നതോടെ ദമാമിലെയും ജിദ്ദയിലേയും പരിപാടികള്‍ ഒഴിവാക്കിയേക്കും.

നാളെ (ചൊവ്വാഴ്ച) മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്നു വരെയുളള വിവിധ തീയതികളിലാണ് സന്ദര്‍ശനം നടത്തുന്നത്. മുഖ്യമന്ത്രിയോടൊപ്പം മന്ത്രി സജി ചെറിയാനും പേഴ്സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷിനും ഔദ്യോഗികമായി യാത്രാനുമതി ലഭിച്ചിട്ടുണ്ട്. നിലവില്‍ സൗദി ഒഴികെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി ലഭിച്ചത്.

ഒക്ടോബര്‍ 14-ന് മുഖ്യമന്ത്രി ബഹ്റൈനിലെത്തും. അവിടുത്തെ പരിപാടിക്കുശേഷം റോഡ് മാര്‍ഗം സൗദിയിലേക്കു പോകാനും ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം 19-ാം തീയതി കൊച്ചിയിലേക്കു മടങ്ങാനുമായിരുന്നു പദ്ധതി. എന്നാല്‍ നിലവില്‍ സൗദി സന്ദര്‍ശനത്തിന് അനുമതി ലഭിച്ചിട്ടില്ല. വരുംദിവസങ്ങളിലും അനുമതി ലഭിക്കാത്തപക്ഷം 16-ാം തീയതി മുഖ്യമന്ത്രിയും സംഘവും തിരികെ കേരളത്തിലെത്തുമെന്നാണ് വിവരം.

മുഖ്യമന്ത്രിക്ക് അനുമതി കിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. അനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വരട്ടേ നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആദ്യ ഘട്ടത്തില്‍ അനുമതി നിഷേധിച്ചതായി കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അനുമതി നേടിയിരിക്കുന്നത്.

ബഹ്‌റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പരിപാടി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.

Tags:    

Similar News