'എകെജി സെന്ററിനായി സിപിഎം ഭൂമി വാങ്ങിയത് നിയമ പ്രകാരം; 32 സെന്റ് ഭൂമിയില്‍ 30 കോടിയോളം ചെലവഴിച്ച് 9 നില കെട്ടിടം പണിതു; വാങ്ങുമ്പോള്‍ ഭൂമി സംബന്ധിച്ച കേസുകള്‍ ഇല്ലായിരുന്നു'; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി എം വി ഗോവിന്ദന്‍
ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് നിയമപരവും സാധുവും ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയില്‍ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത്. വാങ്ങുമ്പോള്‍ ഭൂമി സംബന്ധിച്ച കേസുകള്‍ ഇല്ലായിരുന്നു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ചാണ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദു ഗോപന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നത്. 1998 ല്‍ താനും മുത്തച്ഛന്‍ പി.ജനാര്‍ദനന്‍ പിള്ളയും ചേര്‍ന്ന് വാങ്ങിയ 32 സെന്റ് ഭൂമി തിരുവനന്തപുരത്തെ കോടതി ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി. ഇക്കാര്യം മറച്ച് വെച്ച് കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം സിപിഎമ്മിന് വില്‍പ്പന നടത്തിയെന്നാണ് പരാതി. സിപിഎം ഭൂമി വാങ്ങിയ സമയത്ത് ഭൂമിയില്‍ തര്‍ക്കമുള്ള കാര്യം ചൂണ്ടിക്കാണിച്ച് ഇന്ദു ഗോപന്‍ അന്നത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ കത്തും പുറത്തുവന്നിരുന്നു.
ഈ ഭൂമിയുടെ ആദ്യ ഉടമ പോത്തന്‍ കുടുംബാംഗങ്ങള്‍ ആയിരുന്നു. അവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. ഈ ജപ്തി നടപടികള്‍ നടക്കുന്നതിനിടയിലാണ് ഇന്ദു ഭൂമി വാങ്ങിയത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. ലാഭം ലക്ഷ്യമിട്ടുള്ള റിസ്‌ക് ആയിരുന്നു ഇന്ദു എടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇന്ദു ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. എന്നാല്‍ സിപിഎം 2021 ല്‍ ഈ ഭൂമി വാങ്ങുമ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു കേസും നിലവില്‍ ഇല്ലായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ സിപിഎം നടത്തിയ ഭൂമി ഇടപാട് നിയമപരവും സാധുവും ആണെന്നും ഇന്ദുവിന്റെ ഹര്‍ജി തള്ളണമെന്നും ഗോവിന്ദന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
പുതിയ എ.കെ.ജി സെന്ററിന്റെ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് ആധാരം. ഭൂമിയുടെ ഉടമസ്ഥന്‍ താനാണെന്ന് കാണിച്ച് വി.എസ്.സി ശാസ്ത്രജ്ഞ ഇന്ദു ഗോപന്‍ ആയിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍ഷകിയത്. ഇതിന് പിന്നാലെ സുപ്രീം കോടതി സിപിഎമ്മിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരിക്ക് ഭൂമിയില്‍ അവകാശമില്ലെന്നും നിയമ പ്രകാരമാണ് ഭൂമി വാങ്ങിയതെന്നുമാണ് പാര്‍ട്ടി നേരത്തെ വിശദീകരിച്ചിരുന്നു.
തിരുവനന്തപുരത്തെ വ്യവസായി 1971 ല്‍ കോട്ടയത്തെ എഫ്‌ഐസി എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുക്കാന്‍ ഈട് നല്‍കിയതായിരുന്നു എകെജി സെന്റര്‍ നില്‍ക്കുന്ന സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഭൂമി. എന്നാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ കമ്പനി ഭൂമി ജപ്തി ചെയ്തു. പിന്നീട് തിരുവനന്തപുരം സബ് കോടതി വഴി ഭൂമി ലേലം ചെയ്തു. 1998 ആഗസ്റ്റിലാണ് ലേലം നടന്നത്. ഭൂമി ലേലത്തിലെടുക്കാന്‍ ആരും തയ്യാറാകാതിരുന്നതോടെ ധനകാര്യ സ്ഥാപനം തന്നെയാണ് ലേലത്തിലെടുത്തത്. 2000 ല്‍ സെയില്‍ സര്‍ട്ടിഫിക്കറ്റും കോടതി കമ്പനിയ്ക്ക് നല്‍കി.
തങ്ങളുടെ കൈവശം ഭൂമി ഉണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി ഈ വസ്തു ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി. പോത്തന്‍ കുടുംബം വരുത്തിയ വായ്പ കുടിശ്ശികയ്ക്ക് ആയിരുന്നു ലേലം. എന്നാല്‍, കോടതി നടത്തിയ ലേലം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടത്തിയതെന്നും സുതാര്യമല്ലെന്നുമാണ് ഇന്ദുവിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷ്‌കന്‍ വി ചിദംബരേഷ് വാദിച്ചത്. കോടതി ലേലം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1998 ല്‍ കോടതി ലേലത്തില്‍ ഈ ഭൂമി കരസ്ഥമാക്കിയവരില്‍ നിന്നാണ് സിപിഎം 2021 ല്‍ വാങ്ങിയത്. എന്നാല്‍ ആക്കാലത്ത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണനോട് ഈ ഭൂമി സംബന്ധിച്ച തര്‍ക്കം കോടതിയിലാണെന്ന് കാര്യം അറിയിച്ചിരുന്നുവെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
2021 ലാണ് സിപിഎം ഭൂമി വാങ്ങിയത്. 2023 ല്‍ ഈ ഇടപാട് അസ്ഥിരപ്പെടുക്കാന്‍ ഇന്ദു ഗോപന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയിരുന്നതായും സിപിഎം വിശദീകരിക്കുന്നു.