അര്‍ബുദത്തെ അതിജീവിക്കാന്‍ സൂപ്പര്‍ വാക്സിന്‍; ഫാറ്റി തന്മാത്രകള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ നാനോകണങ്ങള്‍ ട്യൂമറുകള്‍ ഇല്ലാതാക്കും; എലികളിലെ പരീക്ഷണം വന്‍ വിജയം; കാന്‍സറിനെ തുടച്ചുനീക്കാന്‍ അത്ഭുത മരുന്ന് അണിയറയിലെന്ന അവകാശവാദവുമായി ഗവേഷകര്‍

Update: 2025-10-15 07:31 GMT

മസാച്യുസെറ്റ്സ്: രോഗം വളരുന്നതിനും പടരുന്നതിനും മുമ്പ് തന്നെ കാന്‍സറിനെതിരെ പ്രതിരോധശേഷി നല്‍കുന്ന ഒരു സൂപ്പര്‍ വാക്സിന്‍ കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ഒരു സംഘം ഗവേഷകര്‍. മസാച്യുസെറ്റ്സിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഇക്കാര്യത്തില്‍ അവര്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു എന്നാണ്. മെലനോമ, പാന്‍ക്രിയാറ്റിക്, ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദങ്ങള്‍ എന്നിവ പ്രതിരോധിക്കാന്‍ ഇതിന് കഴിയും എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഈ വാക്സിനില്‍ ഫാറ്റി തന്മാത്രകള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ നാനോകണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

ലാബില്‍ നടത്തിയ പരീക്ഷണങ്ങളില്‍, നാനോകണങ്ങള്‍ കുത്തിവച്ച എലികളില്‍ 88 ശതമാനത്തിനും ഓരോ തരം ക്യാന്‍സറുകളിലേയും ട്യൂമറുകള്‍ ഇല്ലാതായിരുന്നു. ഈ വാക്സിന്‍ ശരീരത്തിലുടനീളം കാന്‍സര്‍ പടരുന്നത് കുറയ്ക്കുകയും ചില സന്ദര്‍ഭങ്ങളില്‍ പൂര്‍ണ്ണമായും തടയുകയും ചെയ്തു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വാക്സിന്‍ ഇത് വരെ എലികളില്‍ മാത്രമേ പരീക്ഷിച്ചിട്ടുള്ളൂ. മനുഷ്യര്‍ക്ക് ചികിത്സ എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. എങ്കിലും മനുഷ്യരില്‍ ഈ ചികിത്സ ലഭ്യമാക്കാന്‍ തന്നെയാണ് ശാസ്ത്രജ്ഞന്‍മാര്‍ ലക്ഷ്യമിടുന്നത്.

ഇതിന്റെ പരീക്ഷണങ്ങളില്‍ ആദ്യം നാനോകണങ്ങളെ കാന്‍സറിനെതിരെ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന ഒരു 'ആന്റിജനുമായി സംയോജിപ്പിച്ചിരുന്നു. നാനോപാര്‍ട്ടിക്കിള്‍ വാക്സിന്‍ സ്വീകരിച്ച എലികളില്‍ 80 ശതമാനവും ട്യൂമര്‍ രഹിതമായി തുടരുകയും 250 ദിവസം അതിജീവിക്കുകയും ചെയ്തു. ഇതിനു വിപരീതമായി, പരമ്പരാഗത വാക്സിനുകള്‍ സ്വീകരിച്ചതോ വാക്സിന്‍ സ്വീകരിക്കാത്തതോ ആയ എല്ലാ എലികള്‍ക്കും ട്യൂമറുകള്‍ ഉണ്ടാകുകയും 35 ദിവസത്തിനുള്ളില്‍ മരിക്കുകയായിരുന്നു. ചികിത്സ ലഭിക്കാത്ത മറ്റ് എലികളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ വാക്സിന്‍ കുത്തിവയ്പ്പ് ശ്വാസകോശത്തിലേക്ക് കാന്‍സര്‍ പടരുന്നത് തടഞ്ഞുവെന്നും ഗവേഷകര്‍ കണ്ടെത്തി.

അടുത്തതായി, നാനോകണങ്ങളും ട്യൂമര്‍ ലൈസേറ്റ് എന്ന മറ്റൊരു ആന്റിജനും അടങ്ങിയ വാക്സിനിന്റെ രണ്ടാമത്തെ പതിപ്പ് സംഘം പരീക്ഷിച്ചു. ഇത് ഉപയോഗിച്ച് വാക്സിനേഷന്‍ എടുത്ത എലികള്‍ക്ക് പിന്നീട് മെലനോമ, ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങള്‍ അല്ലെങ്കില്‍ ഏറ്റവും സാധാരണമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്നിവയ്ക്ക് വിധേയമായി. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച എലികളില്‍ 88 ശതമാനവും സ്തനാര്‍ബുദമുള്ള എലികളില്‍ 75 ശതമാനവും മെലനോമ ബാധിച്ച എലികളില്‍ 69 ശതമാനവും ട്യൂമര്‍ രഹിതമായി തുടര്‍ന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ് നടക്കുന്നത്. ഈ ആഴ്ച ആദ്യം, എലികളില്‍ അല്‍ഷിമേഴ്‌സ് രോഗത്തെ മറികടക്കാന്‍ നാനോകണങ്ങള്‍ ഉപയോഗിച്ചതായി മറ്റൊരു സംഘം ഗവേഷകര്‍ വെളിപ്പെടുത്തി. അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ ഇത് മനുഷ്യരില്‍ ഫലപ്രദമാകുമെന്നും അവര്‍ വിശ്വാസം പ്രകടിപ്പിച്ചു.

Tags:    

Similar News