ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് വിവാഹം കഴിച്ചത് ഭീകരനെ; വിവാഹശേഷം ക്രൂരമായി പീഢിപ്പിച്ചു; ആക്രമണത്തിന് പോയത് ഹോളിഡെ ആഘോഷിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ്; മാഞ്ചസ്റ്ററിലെ സിനഗോഗ് ആക്രമിച്ച തീവ്രവാദിയുടെ മുന്‍ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

Update: 2025-10-20 03:08 GMT

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഹീറ്റന്‍ പാര്‍ക്ക് സിനഗോഗിലെ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത കേട്ട ഉടന്‍ തന്നെ എലിസബത്ത് ഡേവിസ് ടെലിവിഷനിലെ ബ്രെയ്ക്കിംഗ് ന്യൂസ് വെച്ചു. സ്‌ക്രീനില്‍, അല്പം ബ്ലര്‍ ആയി വന്ന തീവ്രവാദിയുടെ ചിത്രം കണ്ട് അത് ആരെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് ഒട്ടും കാലതാമസമുണ്ടായില്ല. പോലീസിന്റെ വെടിയേറ്റ് മരിച്ചത് അവരുടെ മുന്‍ ഭര്‍ത്താവായിരുന്നു. മൂന്ന് ദിവസം മുന്‍പ് അയാള്‍ വിളിച്ചു പറഞ്ഞത് ഒരു ഒഴിവുകാല യാത്രയ്ക്ക് പോകുന്നു എന്നായിരുന്നു.

കഠിനാദ്ധ്വാനിയായ എന്‍ എച്ച് എസ് ജീവനക്കാരി എലിസബത്ത് ഡേവിസ്, ജിഹാദ് അല്‍ ഷമിയെ വിവാഹം കഴിച്ചത് അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഏറെ ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു. ഏറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്ന വിവാഹബന്ധം പക്ഷെ കേവലം 12 മാസം മാത്രമെ നീണ്ടുനിന്നുള്ളു. താന്‍ കിടക്ക പങ്കിട്ട വ്യക്തിയാണ് മതത്തിന്റെ പേരില്‍ സിനഗോഗില്‍ നിരപരാധികളെ കൊന്നതെന്ന് ഞെട്ടലോടെ മനസ്സിലാക്കുമ്പോഴേക്കും പോലീസ് എലിസബത്തിനെ തേടിയെത്തിയിരുന്നു.

ഇസ്ലാമിക് ഡെറ്റിംഗ് ആപ്പ് വഴിയായിരുന്നു ഇസ്ലാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത എലിസബത്ത് അല്‍ ഷാമിയെ ആദ്യമായി പരിചയപ്പെടുന്നത്. അതീവ ലൈംഗികാസക്തിയുണ്ടായിരുന്ന അല്‍ ഷമീ, വിവാഹശേഷം തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നാണ് ആഞ്ച് മക്കളുടെ അമ്മയായ ഈ 46 കാരി ഇപ്പോള്‍ ഡെയ്ലി മെയിലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മാത്രമല്ല, എല്ലാക്കാര്യത്തിലും മേധാവിത്വം പുലര്‍ത്തുന്ന ഒരു വ്യക്തിയുമായിരുന്നത്രെ അയാള്‍.

സ്വന്തം മാതാപിതാക്കളുടെ വീട്ടില്‍ വെച്ചു പോലും അല്‍ ഷമീ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് എലിസബത്ത് പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. ഗര്‍ഭം താനെ അലസിപ്പോയപ്പോള്‍ അത് അള്ളാഹുവിന്റെ തീരുമാനമാണെന്നായിരുന്നൂ അയാളുടെ പ്രതികരണം. എലിസബത്തിനെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ച അയാള്‍, എലിസബത്തിന്റെ മക്കള്‍ അമിതമായി പാശ്ചാത്യ സംസ്‌കാരത്തിന് അടിപ്പെട്ടതായും പറയാറുണ്ടത്രെ. ആക്രമം നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് മാത്രമാണ് അയാള്‍ അവരുടെ വിവാഹമോചന അപേക്ഷയില്‍ സമ്മതം അറിയിച്ചത്.

രണ്ട് പങ്കാളികള്‍ക്കൊപ്പമുള്ള ജീവിതം പരാജയമായതിനെ തുടര്‍ന്ന് അല്പം സ്നേഹം പ്രതീക്ഷിച്ചാണ് താന്‍ ഡേറ്റിംഗ് ആപ്പ് സന്ദര്‍ശിച്ചതെന്ന് കഴിഞ്ഞ 20 വര്‍ഷക്കാലമായി ഒരു നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന എലിസബത്ത് ഡേവിസ് പറയുന്നു. എലിസബത്തിന്റെ അഞ്ച് മക്കളുടെ പിതാവായ ആദ്യ പങ്കാളി ക്യാന്‍സര്‍ ബാധിച്ച് മരണമടയുകയായിരുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തിലേക്ക് വന്ന നോര്‍ത്ത് വെയ്ല്‍സ് സ്വദേശിയും അധികം വൈകാതെ അസുഖബാധിതനായി മരണമടഞ്ഞു.

ഈ ഇരട്ട ദുരിതങ്ങളാണ് ഇവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഫാംവര്‍ത്തിലെ മോസ്‌കിലാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയത്. ആദ്യമാദ്യം ഇവരുടെ മതംമാറ്റത്തെ കുടുംബക്കാര്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് അവരെ അംഗീകരിക്കാന്‍ തയ്യാറായി. എങ്കിലും, കുത്തിനോവിക്കുന്ന ഏകാന്തതയും, രണ്ട് പങ്കാളികളുടെ മരണങ്ങള്‍ തീര്‍ത്ത വിടവും മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവരെ നിര്‍ബന്ധിതയാക്കി. ഒരു ഇസ്ലാം മത വിശ്വാസിവേണം പങ്കാളിയായി എന്ന ആഗ്രഹമാണ് അവരെ ഇസ്ലാമിക് ഡേറ്റിംഗ് ആപ്പിലേക്ക് നയിച്ചത്.

Similar News