മഹാവിസ്ഫോടനം മുതല്‍ ഡി.എന്‍.എയും മനുഷ്യ ജീനോമും വരെ; ശാസ്ത്രലോകത്തിന് ഇനിയും ഉത്തരംകിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍; ഒടുവില്‍ ശാസ്ത്രം ദൈവത്തിന്റെ 'സഖ്യകക്ഷിയായി'; ദൈവം യഥാര്‍ത്ഥമെന്ന് വിശദീകരിക്കുന്ന 62 നോബല്‍ സമ്മാന ജേതാക്കളുടെ ഉള്‍ക്കാഴ്ചകളുമായി ഫ്രഞ്ച് പുസ്തകം ബെസ്റ്റ് സെല്ലറായി മാറുന്നു

Update: 2025-10-20 05:46 GMT

പാരിസ്: ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മനുഷ്യവംശം ഉണ്ടായ കാലം മുതല്‍ ഉയരുന്ന ചോദ്യമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നത് ദൈവം ഉണ്ടെന്ന് തന്നെയാണ്. ഇക്കാര്യത്തില്‍ അറുപത്തി രണ്ട് നോബല്‍ സമ്മാന ജേതാക്കളുടെ ഉള്‍ക്കാഴ്ചകള്‍ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരിക്കുകയാണ്. പരമ്പരാഗതമായി, ദൈവം ഉണ്ടെന്ന വാദത്തിനെ ശാസ്ത്രലോകം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞരായ ഒലിവിയര്‍ ബോണസിയും മൈക്കല്‍-യെവ്സ് ബൊല്ലോറും ഇപ്പോള്‍ പറയുന്നത് ശാസ്ത്രം ദൈവത്തിന്റെ സഖ്യകക്ഷിയായി' മാറിയിരിക്കുന്നു എന്നാണ്.

ദൈവം യഥാര്‍ത്ഥമാണെന്ന് തെളിയിക്കാന്‍ കഴിയുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ 62 നോബല്‍ സമ്മാന ജേതാക്കളില്‍ നിന്നും 100-ലധികം പ്രമുഖ ശാസ്ത്രജ്ഞരില്‍ നിന്നുമുള്ള ഉള്‍ക്കാഴ്ചകള്‍ ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട വിശദീകരണമായ മഹാവിസ്ഫോടനം മുതല്‍ ഡി.എന്‍.എയും മനുഷ്യ ജീനോമും വരെ ഇതില്‍ ഉള്‍പ്പെടുന്നു.

'സമീപകാലം വരെ, ദൈവത്തിലുള്ള വിശ്വാസം ശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ലായിരുന്നു എന്നാണ് പുസ്തകത്തിന്റെ രചയിതാക്കള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി, ശാസ്ത്രം ദൈവത്തിന്റെ സഖ്യകക്ഷിയായി മാറിയിരിക്കുന്നു

എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും പുസ്തകത്തിലെ ഉള്ളടക്കം ശാസ്ത്രം ദൈവത്തിന്റെ അസ്തിത്വത്തെ നിരാകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നുണ്ടോ എന്ന വ്യാഖ്യാനത്തിന് വഴി തുറന്നിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട വിശദീകരണമാണ് മഹാവിസ്ഫോടനം.

ഏകദേശം 14 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരൊറ്റ ബിന്ദുവില്‍ നിന്ന് പ്രപഞ്ചം പൊട്ടിത്തെറിച്ച് ഉണ്ടായി എന്നാണ് ഈ വാദം

ഉന്നയിക്കുന്നവര്‍ പറയുന്നത്. ഈ സിദ്ധാന്തമനുസരിച്ച്, കണ്ണിമവെട്ടുന്നതിനേക്കാള്‍ വേഗത്തില്‍, ദ്രവ്യവും ഊര്‍ജ്ജവും, സ്ഥലവും സമയവും പെട്ടെന്ന് പിറന്നു. സ്റ്റീഫന്‍ ഹോക്കിംഗ് ഉള്‍പ്പെടെ നിരവധി വിദഗ്ധര്‍ മഹാവിസ്ഫോടനത്തിന് പിന്നില്‍ ഒരു ദൈവിക സ്രഷ്ടാവ് ഉണ്ടെന്ന വാദത്തെ നിരാകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഗ്രന്ഥകര്‍ത്താക്കള്‍ വാദിക്കുന്നത് ഇക്കാര്യത്തില്‍ ദൈവികമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. കൃത്യമായ താപനില, നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷിത കാന്തികക്ഷേത്രം, അന്തരീക്ഷത്തിലെ ഓക്സിജന്റെ അനുപാതം തുടങ്ങിയ ഘടകങ്ങളുടെ കൃത്യമായ സംയോജനം മൂലമാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന ചോദ്യത്തിനാണ് ദൈവിക സാന്നിധ്യം ചര്‍ച്ചയാകുന്നത്. യാദൃശ്ചികമായി മാത്രമാണ് ജീവന്റെ ആവിര്‍ഭാവം ഉണ്ടായതെന്ന് നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല എന്ന കാര്യവും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു പ്രധാന കാര്യം ഡി.എന്‍.എയാണ്. 'അതുല്യവും സങ്കീര്‍ണ്ണവും ഏകോപിതവുമായ ഒരു കോഡിംഗ് സിസ്റ്റത്തിന്റെ' ഭാഗമാണ് ഡിഎന്‍എ. ഇതിന്റെ സൃഷ്ടിക്ക് പിന്നിലും ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഐന്‍സ്ററിനിന്റെ ആപേക്ഷികതാ സിദ്ധാന്തത്തില്‍ പറയുന്ന പല കാര്യങ്ങളും ദൈവം ഉണ്ടെന്ന സിദ്ധാന്തത്തിന് തെളിവായിട്ടാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Similar News