കഴുത്തും, തൊണ്ടയും വേദനിക്കുന്നു; ശ്വാസം എടുക്കാനും ബുദ്ധിമുട്ട്..!!; ചുവന്ന വീർത്ത മുഖവുമായി കരയുന്ന പെൺകുട്ടി; ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞ് 17 -കാരി; എവറസ്റ്റിൽ കയറവെ പാതി വഴിയിൽ സംഭവിച്ചത്
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമേറിയ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ കൗമാരക്കാരി പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള 17-കാരിയായ ബിയാങ്ക അഡ്‌ലർ ആണ് എവറസ്റ്റ് ഡെത്ത് സോണിൽ നിന്നുള്ള തൻ്റെ ദുഷ്കരമായ അനുഭവം വീഡിയോയിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ഇതുവരെ 22 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
ഈ വർഷം മെയ് മാസത്തിൽ എവറസ്റ്റ് കൊടുമുടി കയറാൻ ശ്രമിച്ച ബിയാങ്ക, കൊടുമുടിയിൽ നിന്ന് ഏകദേശം 400 മീറ്റർ താഴെയായി 8,450 മീറ്റർ ഉയരം വരെ എത്തുകയുണ്ടായി. എന്നാൽ, പ്രതികൂലമായ കാലാവസ്ഥയെത്തുടർന്ന് അവൾക്ക് ലക്ഷ്യം ഉപേക്ഷിച്ച് തിരികെ ഇറങ്ങേണ്ടി വരികയായിരുന്നു. ബേസ് ക്യാമ്പിൽ തിരിച്ചെത്തിയ ശേഷമാണ് ബിയാങ്ക ഈ വീഡിയോ റെക്കോർഡ് ചെയ്തത്.
വീഡിയോയിൽ, ശ്വാസമെടുക്കാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ബിയാങ്കയെ കാണാം. കടുത്ത തണുത്ത കാറ്റ് കാരണം അവളുടെ മുഖം ചുവന്നു തടിക്കുകയും ചെയ്തിട്ടുണ്ട്. "ഞാൻ ക്യാമ്പ് 2-ൽ നിന്ന് തിരിച്ചെത്തി. ഇപ്പോൾ ബേസ് ക്യാമ്പിലാണ്. എനിക്ക് ഇത് ഭീകരമായ അനുഭവമായി തോന്നുന്നു. കഴുത്തും, തൊണ്ടയും, ശ്വാസകോശവും ഒക്കെ വേദനിക്കുന്നതായി തോന്നുന്നു. എനിക്ക് ശ്വാസം മുട്ടുന്നു. ഇന്നലെ ഞാൻ 8000 മീറ്ററിൽ ആയിരുന്നിട്ടും ഈ അവസ്ഥയായിരുന്നു," എന്ന് വീഡിയോയിൽ ബിയാങ്ക പറയുന്നു.
"മൂന്ന് രാത്രികൾ ക്യാമ്പിൽ ചെലവഴിച്ചു. കൊടുമുടി കയറാനുള്ള രണ്ട് ശ്രമങ്ങൾ നടത്തി. എന്നാൽ, കാലാവസ്ഥ മോശമായത് കാരണം പരാജയപ്പെടുകയായിരുന്നു. ഞാൻ ബേസ് ക്യാമ്പിലേക്ക് തിരിച്ചുവന്നു. പല കാരണങ്ങൾ കൊണ്ടും എനിക്ക് വളരെയധികം വിഷമം തോന്നുന്നു," എന്നും അവൾ കൂട്ടിച്ചേർത്തു. വീഡിയോയിൽ അവൾ വളരെ അവശതയിലുള്ളതായി കാണാം.
നിരവധിപ്പേരാണ് ബിയാങ്കയുടെ വീഡിയോക്ക് താഴെ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എവറസ്റ്റ് കയറുന്നതിലെ ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ചും, അപകടങ്ങളെക്കുറിച്ചും പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കൊടുമുടി കയറ്റത്തിൻ്റെ കഠിന്യമേറിയ യാഥാർത്ഥ്യങ്ങൾ ഈ വീഡിയോയിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തുകയാണ്.