'പി എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെട്ടത് കേരളത്തിലെ 77 സര്‍ക്കാര്‍ സ്‌കൂളുകള്‍; മന്ത്രി വി. ശിവന്‍കുട്ടിയ്ക്കും വിദ്യാഭ്യാസ വകുപ്പിനും അഭിനന്ദനങ്ങള്‍'; എ.ബി.വി.പി നേതാക്കള്‍ നേരിട്ടെത്തി അഭിനന്ദിച്ചതിന് പിന്നാലെ പ്രശംസിച്ച് ബിജെപി നേതാക്കളും; പരിവാര്‍ ആഹ്ലാദം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും; എല്ലാ അര്‍ത്ഥത്തിലും വെട്ടിലായി ബിനോയ് വിശ്വം; സിപിഐ സമ്മര്‍ദ്ദത്തില്‍
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതോടെ ബി.ജെ.പിയുമായി സി.പി.എമ്മിന് രഹസ്യധാരണയെന്ന ആരോപണം ഉയര്‍ത്തി വിഷയം ചര്‍ച്ചയാക്കുകയാണ് യുഡിഎഫ്. സി.പി.എമ്മിന്, സി.പി.ഐയേക്കാള്‍ വലുത് ബി.ജെ.പിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നതും സി.പി.എം.ബി.ജെ.പി ഒത്തുതീര്‍പ്പാണ്. പ്രതിപക്ഷത്തോടും മുന്നണിയോടും ആലോചിക്കാതെ ഒപ്പിട്ടത് കേന്ദ്രത്തെ ഭയന്നിട്ടും ബി.ജെ.പിയോടുള്ള സി.പി.എമ്മിന്റെ സ്‌നേഹം കൊണ്ടാണെന്നുമാണ് പ്രധാന ആരോപണം.
സി.പി.ഐയുടെ പൊട്ടിത്തെറിക്ക് അപ്പുറം, തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ സി.പി.എമ്മിന് മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കും വീഴ്ത്തിയിരിക്കുകയാണ് പി.എം ശ്രീയിലെ ഒപ്പിടല്‍. മുഖ്യമന്ത്രിക്കും മക്കള്‍ക്കുമെതിരായ കേസുകളുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്ന ബി.ജെ.പിയുമായുള്ള രഹസ്യധാരണയെന്ന ആക്ഷേപം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷം. പദ്ധതിയില്‍ ഒപ്പിടുന്നതിനെ കഴിഞ്ഞ ദിവസം എതിര്‍ക്കാതിരുന്ന പ്രതിപക്ഷം സിപിഐയുടെ പ്രതിഷേധം ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ കടുപ്പിക്കുകാണ്. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് നല്ലകാര്യമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ വിദ്യാഭ്യാസമന്ത്രിയെ അഭിനന്ദിക്കുന്ന ചിത്രം എ.ബി.വി.പി പുറത്തുവിട്ടതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇതിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അഭിനന്ദിച്ച് നിരവധി ബിജെപി നേതാക്കളാണ് രംഗത്ത് വരുന്നത്. മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി എബിവിപി നേതാക്കള്‍ അഭിനന്ദനമറിയിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഒട്ടേറെ ബിജെപി നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിക്കുന്നത്. ഏറ്റവും ഒടുവില്‍ ബിജെപി തിരുവനന്തപുരം ഉപാധ്യക്ഷന്‍ അഡ്വ. ആര്‍ എസ് രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് പുറത്തുവന്നത്.
പി എം ശ്രീ പദ്ധതിയില്‍ കേരളത്തിലെ 77 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെട്ടത്. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ നേതൃത്വം വീണ്ടും തെളിയിച്ചു. മാന്യ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയ്ക്കും വിദ്യാഭ്യാസ വകുപ്പിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സ്മാര്‍ട്ട് ക്ലാസ് റൂം, മോഡേണ്‍ ലാബ്, ഗ്രീന്‍ ക്യാമ്പസ്, സ്‌കില്‍ ഡെവലപ്‌മെന്റ്, ഇങ്ങനെ 21-ാം നൂറ്റാണ്ടിലെ ഒരു മാതൃകാ പഠന പരിസരം രൂപപ്പെടുന്നു! ഇതു തുടക്കമാത്രം! കുട്ടികള്‍ക്കുള്ള സ്വപ്നം സര്‍വോപരി മുന്‍ഗണന ലഭിക്കുന്നത് അത്യന്തം അഭിമാനം എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
എ.ബി.വി.പി നേതാക്കള്‍ ശിവന്‍കുട്ടിയുടെ ഓഫീസിലെത്തി അഭിനന്ദിക്കുന്ന ഫോട്ടോ പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ ഔദ്യോഗിക വസതിയിലെത്തി വിദ്യാഭ്യാസ മന്ത്രിയെ അനുമോദിച്ചത്. വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളില്‍ മന്ത്രിയുടെ ഇടപെടലും എബിവിപി ആവശ്യപ്പെട്ടു. തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. പി എം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു. സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പിഎം ശ്രീയില്‍ വിദ്യാഭ്യാസ സെക്രട്ടറി പദ്ധതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ ഭരണസംവിധാനമായി കേരളം മാറി. പിന്നാലെ തടഞ്ഞു വെച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറുമെന്നാണ് വിവരം.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നിലപാടിന് കെ.സുരേന്ദ്രന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും അഭിനന്ദിച്ചതും സി.പി.എം-ബി.ജെ.പി ബന്ധമെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിന് ആയുധവും സി.പി.എമ്മിനും തിരിച്ചടിയുമാവുകയാണ്. സി.പി.ഐയുടെ എതിര്‍പ്പ് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കവും യു.ഡി.എഫ് തുടങ്ങിക്കഴിഞ്ഞു. സാറാ ജോസഫ് അടക്കമുള്ള എഴുത്തുകാരും സി.പി.എമ്മിനെതിരെ തിരിഞ്ഞതും തെരഞ്ഞെടുപ്പ് കാലത്തെ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തില്‍ എല്‍ഡിഎഫ് നേതൃത്വം ഉലയുന്നത്. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് സിപിഎം വാദം. ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തിയെടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. അതേസമയം, വിവാദത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന.
40 ദിവസം കൂടി കഴിഞ്ഞാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. 6 മാസം കഴിഞ്ഞാല്‍ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പും. മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തില്‍ ചര്‍ച്ചയുയരുന്നത്.
പിഎം ശ്രീ പോലുള്ള ഏറ്റവും പ്രധാന വിഷയത്തില്‍ ആരും ചര്‍ച്ച ചെയ്തില്ലെന്ന മുറിപ്പാടാണ് സിപിഐയ്ക്ക് ഉള്ളത്. മാധ്യമവാര്‍ത്തകളില്‍ നിന്ന് വിവരം അറിഞ്ഞതിന്റെ നാണക്കേടായി അവര്‍ കരുതുന്നു. ഇനിയുമെന്തിന് എല്‍ഡിഎഫില്‍ കടിച്ചു തൂങ്ങുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു കഴിഞ്ഞു. സിപിഎമ്മിന് സിപിഐയെക്കാള്‍ പ്രിയം ബിജെപിയോടെന്ന വിമര്‍ശനം സിപിഐയുടെ ചങ്കില്‍ കൊള്ളുന്നതാണ്. ചര്‍ച്ച ചെയ്യാമെന്ന് പറയുമ്പോഴും ഒപ്പിട്ടതില്‍ നിന്ന് പിന്മാറാനാകില്ലെന്നാണ് സിപിഎം നിലപാട്. പിന്മാറിയാലേ തീരൂവെന്ന് സിപിഐ നിലപാട്. സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് എല്‍ഡിഎഫില്‍ ഉണ്ടായിരിക്കുന്നത്.
