മകന്റെ വിയോഗത്തില്‍ നിന്ന് കരകയറുംമുമ്പെ ഭര്‍ത്താവും മടങ്ങി; പ്രിയപ്പെട്ടവന്റെ വിയോഗം അറിയാതെ സന്ധ്യ ആശുപത്രിയില്‍; മണ്ണിടിച്ചിലില്‍ മരണം തട്ടിയെടുത്ത ബിജുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി; ചിതയ്ക്ക് തീകൊളുത്തിയത് സഹോദരന്‍; വിട നല്‍കി ഉറ്റവരും നാട്ടുകാരും

Update: 2025-10-26 11:29 GMT

 ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട ബിജുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെതറവാട് വീടിന് സമീപത്തായിരുന്നു ചടങ്ങുകള്‍ നടന്നത്. ബിജുവിന്റെ സഹോദരന്‍ ശ്യാമാണ് ചിതയ്ക്ക് തീകൊളുത്തിയത്. കാന്‍സര്‍ ബാധിച്ച് മരിച്ച മകന്‍ ആര്യന്റെ ഒന്നാം ചരമവാര്‍ഷികം അടുത്തിരിക്കെയാണ് ബിജുവിന്റെയും മരണം. വികാരനിര്‍ഭരമായിരുന്നു സംസ്‌കാരചടങ്ങ്. സഹോദരന്‍ ശ്യാം ആണ് സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. 'ഇപ്പോള്‍ തിരികെവരാമെന്ന് പറഞ്ഞ് പോയതല്ലേ' എന്ന് ശ്യാം കരഞ്ഞുപറയുന്നുണ്ടായിരുന്നു. മകള്‍ ആര്യ, ബിജുവിന്റെ അമ്മ ശാരദ, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മണ്ണിടിച്ചിലില്‍ ബിജുവും ഭാര്യ സന്ധ്യയും വീടിനുളളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സന്ധ്യയെ പുറത്തെത്തിച്ചെങ്കിലും ബിജുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ശനിയാഴ്ച രാത്രി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുളളില്‍ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്.

ഇരുകാലിനും ഗുരുതരമായി പരുക്കേറ്റ സന്ധ്യ കൊച്ചി രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വലതു കാലിലെ പേശികള്‍ ചതഞ്ഞരഞ്ഞ നിലയിലാണ്. ഇടതുകാലില്‍ രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്. രാവിലെ അഞ്ചരയോടെ ആശുപത്രിയില്‍ എത്തിച്ച സന്ധ്യയെ ശസ്ത്രക്രിയയ്ക്കായി കയറ്റിയിരിക്കുകയാണ്. ദുരന്തത്തില്‍ ഭര്‍ത്താവ് ബിജു മരിച്ച വിവരം ഇതേവരെ സന്ധ്യയെ അറിയിച്ചിട്ടില്ല.

ഇന്നലെ രാത്രി 10 മണിയോടെയാണ് ലക്ഷംവീട് ഉന്നതിയിലേക്ക് മണ്ണിനൊപ്പം കൂറ്റന്‍ പാറക്കൂട്ടവും ഇടിഞ്ഞുവീണത്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ നേരത്തെ 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇത് വലിയ ദുരന്തം ഒഴിവാക്കി. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ എടുക്കാനും ഭക്ഷണം കഴിക്കാനും എത്തിയപ്പോഴാണ് ബിജുവും ഭാര്യ സന്ധ്യയും തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ഭിത്തിക്കടിയില്‍പ്പെട്ടത്.

അതേസമയം, ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മന്ത്രി വീണാ ജോര്‍ജ് കോളേജിന്റെ ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു. കോഴ്സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

Similar News