പ്രവാസിയുടെ കണ്ണീരൊപ്പി കേരള പോലീസ്; നഷ്ടപ്പെട്ടത് ജീവിതസമ്പാദ്യം; 12 മണിക്കൂറിനുള്ളില്‍ കള്ളനെ പൊക്കി സാബു പോലീസും സംഘവും; നെടുമ്പാശ്ശേരിയില്‍ കണ്ടത് സിനിമയെ വെല്ലുന്ന ആക്ഷന്‍

Update: 2026-01-28 02:23 GMT

നെടുമ്പാശ്ശേരി: മറുനാട്ടില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെട്ട പ്രവാസിക്ക് കേരള പോലീസ് കാവല്‍മാലാഖയായി. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ പോലീസ് ലെയ്സണ്‍ ഓഫീസര്‍ എസ്.ഐ സാബു വര്‍ഗീസും സംഘവുമാണ് 12 മണിക്കൂറിനുള്ളില്‍ കള്ളനെ കുടുക്കി ബാഗ് വീണ്ടെടുത്തത്. കൊച്ചി മെട്രോയും പോലീസും തോളോടുതോള്‍ ചേര്‍ന്നപ്പോള്‍ തോറ്റുപോയത് വിരുതനായ കള്ളന്റെ ബുദ്ധിയായിരുന്നു.

യാത്രയ്ക്കിടെ തട്ടിയെടുത്തു റാന്നി സ്വദേശി എബ്രഹാം മാത്യുവിനും കുടുംബത്തിനുമാണ് ആ നടുക്കുന്ന അനുഭവം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ വിമാനമിറങ്ങി മെട്രോ ഫീഡര്‍ ബസ്സില്‍ ആലുവയിലേക്ക് പോകുന്നതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടത്. രേഖകള്‍ ഉള്‍പ്പെടെയുള്ള ബാഗ് ആരോ മോഷ്ടിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷം എബ്രഹാമും കുടുംബവും തകര്‍ന്നുപോയി. ഉടന്‍ തന്നെ അവര്‍ എയര്‍പോര്‍ട്ട് പോലീസിനെ അഭയം പ്രാപിച്ചു.

സിസിടിവിയും മൊബൈല്‍ ലൊക്കേഷനും; കള്ളന് രക്ഷയില്ല! പരാതി കിട്ടിയ ഉടന്‍ എസ്.ഐ സാബു വര്‍ഗീസ് ആക്ഷനിലേക്ക് കടന്നു. ഫീഡര്‍ ബസ്സിലെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയപ്പോള്‍ സഹയാത്രികനായ ഒരാള്‍ ബാഗ് കൈക്കലാക്കി ആലുവയില്‍ ഇറങ്ങുന്നത് കണ്ടു. പിന്നീട് എയര്‍പോര്‍ട്ടിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചപ്പോള്‍ പ്രതിയെത്തിയ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചു.

വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയതോടെ അന്വേഷണത്തിന് വേഗത കൂടി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഫോര്‍ട്ട് കൊച്ചിയില്‍ ഒളിച്ചിരുന്ന പ്രതിയെ ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെ പോലീസ് വളഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ ബാഗുമായി പ്രതിക്ക് കീഴടങ്ങേണ്ടി വന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ബാഗ് ഉടമസ്ഥന് തിരികെ നല്‍കിയ പോലീസിന്റെ വേഗതയെ കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റയും ആലുവ റൂറല്‍ എസ്.പി എം. ഹേമലതയും അഭിനന്ദിച്ചു.

എസ്.ഐ സാബു വര്‍ഗീസിന് പ്രശസ്തി പത്രം നല്‍കിയാണ് ഇവര്‍ ആദരിച്ചത്. പ്രവാസിയുടെ ആധി അകറ്റിയ പോലീസുകാര്‍ക്ക് നെടുമ്പാശ്ശേരിയില്‍ ഇപ്പോള്‍ കൈയ്യടിയാണ്.

Tags:    

Similar News